ദീര്‍ഘകാല ഭവന വായ്പയ്ക്ക് 'ഫിക്സഡ്-ഫ്‌ളോട്ടിംഗ്'നിരക്ക് സാധ്യമാക്കണം : എസ്ബിഐ

ദീര്‍ഘകാല ഭവന വായ്പകള്‍ക്ക് ഫ്‌ളോട്ടിങ് നിരക്കിലുള്ള പലിശയേ ഈടാക്കാവൂ എന്ന നിബന്ധനയുമായി ബന്ധപ്പെട്ട് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍. ഇത്തരം വായ്പകള്‍ക്ക് ആദ്യ ഘട്ടത്തില്‍ സ്ഥിരം പലിശ നിരക്കും പിന്നീട് ഫ്‌ളോട്ടിങ് നിരക്കും ബാധകമാക്കാനാകുമോയെന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്ന്്് റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിച്ചതായി അദ്ദേഹം അറിയിച്ചു.

റിപ്പോ നിരക്ക് പോലെയുള്ള ഘടകങ്ങള്‍ കൂടി കണക്കിലെടുത്ത് ചില്ലറ വായ്പകളെല്ലാം ഫ്‌ളോട്ടിങ് നിരക്കിലേക്കു മാറ്റണമെന്ന റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം ലഭിച്ചെങ്കിലും ഇതിനകം സ്ഥിരനിരക്കില്‍ വായ്പയെടുത്തവരുടെ കാര്യത്തില്‍ വ്യക്തതയില്ല.മാത്രമല്ല പലരും സ്ഥിരം നിരക്കിലുള്ള വായ്പ വാങ്ങാനാണ് താല്‍പര്യപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് ആദ്യ 10 വര്‍ഷത്തേക്ക് സ്ഥിരം നിരക്കും പിന്നീട് ഫ്‌ളോട്ടിങ് നിരക്കും ബാധകമാക്കണമെന്ന അഭിപ്രായം എസ്ബിഐക്കുണ്ട്.

എല്ലാ റീട്ടെയില്‍ വായ്പകളും ഫ്‌ളോട്ടിംഗ് നിരക്കിലേക്ക് മാറ്റാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ആശയക്കുഴപ്പമുണ്ടായത്. ഫ്‌ളോട്ടിംഗ് നിരക്കിനെക്കുറിച്ചുള്ള ആര്‍ബിഐയുടെ പുതിയ നിബന്ധനകള്‍ വന്നതോടെ നിശ്ചിത നിരക്ക് ഉല്‍പ്പന്നങ്ങളുമായി എങ്ങനെ മുന്നോട്ട് പോകാമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാതായെന്ന് കുമാര്‍ പറഞ്ഞു.

റിപ്പോ നിരക്ക് അടിസ്ഥാനമായി ഏര്‍പ്പെടുത്തിയിരുന്ന പദ്ധതി പിന്‍വലിച്ചതോടെ ഫണ്ടിന്റെ മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഫ്‌ളോട്ടിങ് നിരക്കിലാണ് എസ്ബിഐ ഇപ്പോള്‍ വായ്പ നല്‍കിവരുന്നത്. വസ്തു പണയപ്പെടുത്തി വായ്പയെടുക്കുന്നവര്‍ സ്ഥിരം നിരക്കാണ് താല്‍പര്യപ്പെടുക. മാസം തോറുമുള്ള അടവുതുക കൃത്യമായി നേരത്തെ അറിയാമെന്നതിനാല്‍ ആസൂത്രണം എളുപ്പമാകും. ഫ്‌ളോട്ടിങ് നിരക്കുമായി ബന്ധപ്പെടുത്തിയുള്ള വായ്പകള്‍ കൈകാര്യം ചെയ്യുക ബാങ്കുകള്‍ക്ക് ബുദ്ധിമുട്ടാണെന്നും രജ്‌നീഷ് കുമാര്‍ വിശദീകരിച്ചു.

സാധാരണ ഗതിയില്‍ ഭവന വായ്പകള്‍ ഏകദേശം 30 വര്‍ഷത്തേക്കാണ്. ചില സ്വകാര്യ മേഖലാ ബാങ്കുകള്‍ പ്രായത്തെ ആശ്രയിച്ച് 35 വര്‍ഷം വരെ കാലാവധിയില്‍ ഭവന വായ്പ നല്‍കുന്നു. ഇത്തരം വായ്പകള്‍ക്കാണ് 'ഫിക്സഡ്-ഫ്‌ളോട്ടിംഗ്' ഉല്‍പ്പന്നം വാഗ്ദാനം ചെയ്യാനാകുമോയെന്ന് എസ്ബിഐ ചിന്തിക്കുന്നത്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ പ്രാരംഭ കാലയളവില്‍ നിരക്കുകള്‍ ലോക്ക് ചെയ്യുകയും തുടര്‍ന്ന് ഫ്‌ളോട്ടിംഗ് ആയി മാറുകയും ചെയ്യുന്ന രീതിയാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it