ശ്യാം ശ്രീനിവാസന്‍ ഓഹരികള്‍ വിറ്റത് മാര്‍ജിന്‍ കോള്‍ കാരണം: ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക്് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്‍, ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ വില്‍പ്പന നടത്തിയത് വായ്പകളിലെ മാര്‍ജിന്‍ കോള്‍ കാരണമാണെന്ന് ഫെഡറല്‍ ബാങ്ക് വൃത്തങ്ങള്‍. ബാങ്ക് മേധാവി എന്ന നിലയില്‍ ബാങ്ക് അനുവദിക്കുന്ന ഓഹരികള്‍ വാങ്ങാന്‍ ശ്യാം ശ്രീനിവാസന്‍ വായ്പ എടുത്തിരുന്നു. ഇത്തരത്തിലുള്ള ഇ എസ് ഒ പി വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കാനാണ് ശ്യാം ശ്രീനിവാസന്റെ കൈവശമുള്ള ഓഹരികള്‍ വില്‍പ്പന നടത്തിയത്.

പൊതുവേ ഇത്തരം വായ്പകള്‍ക്ക്, വാങ്ങുന്ന ഓഹരികള്‍ തന്നെയാണ് ഈടായി വെയ്ക്കുക. ഓഹരികള്‍ വാങ്ങുമ്പോഴുള്ള വിലയില്‍ പിന്നീട് ഒരു പരിധി വിട്ട് താഴ്ച സംഭവിച്ചാല്‍ വിലവ്യത്യാസത്തിന് അനുസൃതമായ തുക വായ്പയിലേക്ക് തിരിച്ചടയ്ക്കണം.

അത്തരമൊരു സാഹചര്യമാണ് ശ്യാം ശ്രീനിവാസന്റെ ഓഹരി വില്‍പ്പനയിലേക്ക് നയിച്ചത്. ഫെഡറല്‍ ബാങ്ക് ഓഹരികളുടെ കഴിഞ്ഞ 52 ആഴ്ചകളിലെ ഉയര്‍ന്ന വില 110 രൂപയാണ്. കോറോണ ഭീതിയില്‍ ആഗോള ഓഹരി വിപണികളിലുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും ഇടിഞ്ഞപ്പോള്‍
രാജ്യത്തെ ബാങ്കിംഗ് ഓഹരികളെയും അത് വന്‍തോതില്‍ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്കിന്റെ ഓഹരി വില ജനുവരിയില്‍ 1200 രൂപ തലത്തിലായിരുന്നുവെങ്കില്‍ മാര്‍ച്ച് 24ന് 767 രൂപയിലെത്തി.

നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിച്ചതോടെ ജനുവരി - ഫെബ്രുവരി മാസത്തില്‍ ഫെഡറല്‍ ബാങ്ക് ഓഹരികളില്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രകടമായിരുന്നു. എന്നാല്‍ കോറോണ ഭീതി ലോകമെമ്പാടും പരന്നതോടെ മറ്റെല്ലാം ഓഹരികളെയും പോലെ ഫെഡറല്‍ ബാങ്ക് ഓഹരി വിലകളും ഇടിഞ്ഞു. ഇതാണ് ഇ എസ് ഒ പി വായ്പകളില്‍ മാര്‍ജിന്‍ കോള്‍ വരാനിടയാക്കിയത്.

ഓഹരികള്‍ വില്‍പ്പന നടത്തിയ തുക വിനിയോഗിച്ച് വായ്പകളുടെ മുതലും പലിശയും അടച്ചുതീര്‍ത്തതായും ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.

Also Read: രണ്ടാഴ്ചയ്ക്കിടെ ശ്യാം ശ്രീനിവാസന്‍ വിറ്റത് 74 ലക്ഷം ഫെഡറല്‍ ബാങ്ക് ഓഹരികള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story
Share it