'ഞങ്ങളുടെ ലക്ഷ്യം ഒന്നുമാത്രം Retail Banking Power House'

തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന് വയസ് 90 ആകുന്നു. സ്വദേശി പ്രസ്ഥാനത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നാട്ടിലെ സാധാരണക്കാരുടെയും കച്ചവടക്കാരുടെയുമെല്ലാം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് താങ്ങായി നില്‍ക്കാന്‍ വേണ്ടി പിറവിയെടുത്ത ഈ പ്രസ്ഥാനം ഇന്നും ആ ലക്ഷ്യത്തില്‍ നിന്ന് അല്‍പ്പം പോലും വ്യതിചലിക്കുന്നില്ല.

''ബാങ്കിന് ഒരേ ഒരു അജണ്ടയേയുള്ളൂ; റീറ്റെയ്ല്‍ ബാങ്കിംഗ് പവര്‍ഹൗസാവുക. അതിന് വേണ്ട എല്ലാം ഞങ്ങള്‍ സജ്ജമാക്കി കഴിഞ്ഞു,'' സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി ജി മാത്യു വ്യക്തമാക്കുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും നിരന്തരം, സുസ്ഥിരമായ, സന്തുലിതമായ വളര്‍ച്ച ഉറപ്പാക്കിക്കൊണ്ടുള്ള ചുവടുവെപ്പുകളാണ് എസ്‌ഐബി നടത്തുന്നത്.

ബാങ്കിന്റെ ലക്ഷ്യത്തെയും അത് നേടാനുള്ള സജ്ജീകരണങ്ങളെയും ബാങ്കിംഗ് രംഗത്തെ പുതുപ്രവണതകളെയും കുറിച്ച് ധനം എഡിറ്റോറിയല്‍ ടീമിന് അനുവദിച്ച അഭിമുഖത്തില്‍ വി ജി മാത്യു വിശദമാക്കുന്നു.

Q. കിട്ടാക്കടം, സാമ്പത്തിക രംഗത്തെ മറ്റ് പ്രതിസന്ധികള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ കൊണ്ട് ബാങ്കിംഗ് മേഖല വെല്ലുവിളികള്‍ക്ക് നടുവിലായ സാഹചര്യത്തില്‍ എസ്‌ഐബി വളര്‍ച്ച ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന തന്ത്രമെന്താണ്?

എന്നും എപ്പോഴും ഞങ്ങളുടെ ഫോക്കസ് റീറ്റെയ്ല്‍ ബാങ്കിംഗ് മേഖലയിലാണ്. 60 ലക്ഷം ഇടപാടുകാര്‍ ഞങ്ങള്‍ക്കുണ്ട്. രാജ്യത്തിന്റെ ഏതാണ്ടെല്ലാ പ്രമുഖ കേന്ദ്രങ്ങളിലും ബാങ്കിന് സാന്നിധ്യവുമുണ്ട്. ഏകദേശം 55,000 കോടിയാണ് ഞങ്ങളുടെ ലോണ്‍ബുക്ക്. അതിന്റെ 20 -25 ശതമാനം വളര്‍ച്ച ഉറപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാണ്.

Q. ഇപ്പോഴത്തെ സാഹചര്യത്തില്‍ റീറ്റെയ്ല്‍ ബാങ്കിംഗ് രംഗത്തും റിസ്‌ക് ഏറെയല്ലേ? തിരിച്ചടവ് ശേഷിയുള്ള നല്ല ആയിരക്കണക്കിന് ഇടപാടുകാരെ കണ്ടെത്തലും അവരുടെ രേഖകള്‍ പരിശോധിക്കലുമെല്ലാം ഏറെ ശ്രമകരമല്ലേ?

ബാങ്ക് വായ്പാ രംഗത്ത് റിസ്‌കുണ്ടാകും. ആ റിസ്‌കിനെ എങ്ങനെ നിയന്ത്രിച്ച് വളര്‍ച്ച നേടുന്നുവെന്നതാണ് പ്രധാനം.

റീറ്റെയ്ല്‍ രംഗത്ത് ശ്രദ്ധയൂന്നുകയെന്നത് ലളിതമായ കാര്യമല്ല. എല്ലാ വായ്പാ അപേക്ഷകളും പ്രോസസ് ചെയ്യാന്‍ കേന്ദ്രീകൃത സംവിധാനം വേണം. അപേക്ഷയുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ ശേഖരിക്കാന്‍ സുസജ്ജമായ ശൃംഖല വേണം. നല്‍കുന്ന ഓരോ വായ്പയുടെയും തിരിച്ചടവ് ഉറപ്പാക്കാന്‍ കൃത്യമായ കളക്ഷന്‍ സംവിധാനവും വേണം. ഇവയെല്ലാം ഞങ്ങള്‍ക്കുണ്ട്.

ഞങ്ങള്‍ എല്ലായ്‌പ്പോഴും ഊന്നല്‍ നല്‍കുന്നത് റിസ്‌ക് നിയന്ത്രിച്ചു നിര്‍ത്തി കൊണ്ടുള്ള വളര്‍ച്ചയ്ക്കാണ്. രാജ്യത്തിന്റെ സമ്പദ്‌രംഗം 10 ശതമാനമെന്ന നിരക്കില്‍ വളര്‍ന്നാല്‍ ബാങ്കിംഗ് മേഖല 20-25 ശതമാനം എന്ന നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തിയാല്‍ മതി.

ഞങ്ങള്‍ ന്യായമായ വളര്‍ച്ചാ നിരക്ക് മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. അതായത് 20- 25 ശതമാനം നിരക്കിലുള്ള വളര്‍ച്ച. രണ്ടാമത്തെ ഘടകം വായ്പാ അപേക്ഷകളെല്ലാം കേന്ദ്രീകൃത സംവിധാനത്തില്‍ വെച്ചാണ് പ്രോസസ് ചെയ്യുന്നത്. കൃത്യമായ മാനദണ്ഡമനുസരിച്ചുള്ള വായ്പകള്‍ മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ. അപേക്ഷ പ്രോസസ് ചെയ്യുന്നവരും വായ്പയ്ക്കായി സമീപിക്കുന്ന ഇടപാടുകാരും തമ്മില്‍ നേരിട്ട് ഒരു ബന്ധവുമില്ല.

മറ്റൊന്ന് അപേക്ഷയിലേക്കുള്ള ഡോക്യുമെന്റുകള്‍ ബാങ്കിന്റെ സ്വന്തം എക്‌സിക്യൂട്ടിവുകള്‍ വഴിയാണ് വരുന്നത്. വഴിവിട്ട് ഒന്നും ഇക്കാര്യത്തില്‍ സംഭവിക്കാതിരിക്കാന്‍ അത് ഏറെ സഹായിക്കും. ഇടപാടുകാരുടെ ആവശ്യമറിഞ്ഞ് വായ്പ കൃത്യമായി സമയത്തു നല്‍കുക. ഇതാണ് ഞങ്ങളുടെ നയം.

ഇതിനുപുറമേ റിസ്‌ക് വിശകലനം ചെയ്യാന്‍ ബാങ്കിന് ആഭ്യന്തരമായി മികച്ച സംവിധാനമുണ്ട്. അങ്ങേയറ്റം ജാഗരൂകവും സുസജ്ജവുമായ സംവിധാനം കൂടിയാണിത്. ഏത് തരം വായ്പകളാണ് കൂടുതല്‍ പോകുന്നത്, ഏത് മേഖലയിലാണ് എന്നൊക്കെ കൃത്യമായി ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. ഉദാഹരണത്തിന് സ്ഥലം ഈടാക്കിയുള്ള വായ്പ ഏറെ പോകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഞങ്ങള്‍ പരിശോധിക്കും. മാനദണ്ഡങ്ങള്‍ ദുര്‍ബലമാണെന്ന് കണ്ടെത്തിയാല്‍ അത് ശക്തമാക്കും. ഇത്തരത്തിലുള്ള നിരന്തര നിരീക്ഷണവും കര്‍ശനമായ സിസ്റ്റവും കൊണ്ടാണ് റിസ്‌ക് നിയന്ത്രിച്ച് വളരാന്‍ ബാങ്കിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നത്.

Q. കോര്‍പ്പറേറ്റ് ലെന്‍ഡിംഗ് പൂര്‍ണമായും ഒഴിവാക്കുകയാണോ?

ഞങ്ങള്‍ക്കെടുക്കാവുന്ന പരമാവധി റിസ്‌ക് എത്രയെന്ന് കണക്കാക്കി കൊണ്ടു മാത്രമേ മുന്നോട്ടുപോകാനാകു. സമ്പദ് വ്യവസ്ഥ മെച്ചമാകുന്നതിനൊപ്പം ഒരു പ്രത്യേക മേഖലകളില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ മറ്റാരേക്കാളും മുമ്പ് അവിടെയെത്തി വായ്പ നല്‍കണമെന്ന വാശിയൊന്നും ഞങ്ങള്‍ക്കില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അനുയോജ്യമായ ബാങ്കിംഗ് കണ്‍സോര്‍ഷ്യങ്ങളോടൊത്ത് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ഞങ്ങള്‍ എപ്പോഴും നോക്കുന്നുണ്ട്. ചില സാഹചര്യങ്ങളില്‍ പൊതുമേഖലാ വാണിജ്യ ബാങ്കുകള്‍ക്ക് അധികമായുള്ള ലെന്‍ഡിംഗ് പറ്റാത്ത സാഹചര്യത്തില്‍ അവരുമായി കൂടിയാലോചിച്ച് പങ്കാളിത്തത്തിലേര്‍പ്പെടാനും അവസരങ്ങളുണ്ട്.

അതുപോലെ ഇടത്തരം കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും റിസ്‌ക് കൃത്യമായി വിശകലനം ചെയ്ത ശേഷം വായ്പ നല്‍കും.

Q. ഇത്തരത്തില്‍ ശ്രദ്ധയോടെ പഴുതടച്ചുള്ള മുന്നോട്ട് പോക്ക് എല്ലാ സാമ്പത്തിക സാഹചര്യങ്ങളിലും സാധ്യമാണോ?

തീര്‍ച്ചയായും. ഞങ്ങള്‍ മാനേജര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദേശം, നിങ്ങള്‍ ആദ്യം നിങ്ങളുടെ പ്രദേശത്തെ പഠിക്കുക. അവിടത്തെ സാധ്യതകള്‍ അറിയുക. എന്നിട്ട് ബിസിനസ് ചെയ്യാം എന്നതാണ്. ഓരോ മാനേജര്‍ക്കും പ്രാദേശികമായി ഒട്ടനവധി വിവരങ്ങള്‍ ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ വായ്പകള്‍ സംബന്ധിച്ച തീരുമാനം എടുക്കാനും സാധിക്കും. നല്ലൊരു ബാങ്ക് മാനേജരാണ് ബാങ്കിന്റെ കരുത്ത്.

റീറ്റെയ്ല്‍ ബാങ്കിംഗ് എന്നു പറയുമ്പോള്‍ ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത് എംഎസ്എംഇ മേഖലയ്ക്കാണ്. ബാങ്കിന്റെ ലോണ്‍ ബുക്കില്‍ 24 ശതമാനം എംഎസ്എംഇ വായ്പകളാണ്. ഓരോ മേഖലയെയും കുറിച്ചുള്ള കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈ വായ്പകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കു. അപ്പോള്‍ ഓരോ ശാഖാ മാനേജരും കാര്യങ്ങള്‍ പഠിക്കണം.

ഞങ്ങളുടെ പല ശാഖകളും മാനേജ് ചെയ്യുന്നത് 30 വയസില്‍ താഴെയുള്ളവരാണ്. അടുത്ത 30 വര്‍ഷത്തേക്ക് ഇവരുടെ സേവനം ബാങ്കിന് ലഭിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും ത്രസിപ്പിക്കുന്ന വളര്‍ച്ച കൈവരിക്കാനും സാധിക്കും.

Q. ബാങ്കിന്റെ മുന്നിലെ വെല്ലുവിളികളെന്താണ്?

കെ വൈ സി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. കേന്ദ്രീകൃത സംവിധാനം വന്നതിനു ശേഷം ഇക്കാര്യത്തില്‍ പൂര്‍ണമായ നിയന്ത്രണമുണ്ട്. അതുപോലെ തന്നെ പഴയ എക്കൗണ്ടുകളില്‍ (കേന്ദ്രീകൃത സംവിധാനം വരുന്നതിനു മുമ്പുള്ളതില്‍) പൂര്‍ണമായും കെ വൈ സി വിധേയത്വം ഉറപ്പുവരുത്തണം. അതിലേക്കായി കെ വൈ സി ഇല്ലാത്ത എക്കൗണ്ടുകള്‍ മരവിപ്പിക്കുക ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്.

വന്‍കിട കോര്‍പ്പറേറ്റ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി ആണ് മറ്റൊരു വെല്ലുവിളി. 2010-2014 കാലയളവില്‍ ഈ മേഖലയില്‍ നല്ല വളര്‍ച്ചയുണ്ടായി. പക്ഷേ, പിന്നീട് സമ്പദ്‌വ്യവസ്ഥയില്‍ വന്ന വ്യതിയാനങ്ങളും അടിസ്ഥാന മേഖലയിലെ പ്രശ്‌നങ്ങളുമെല്ലാം ഈ മേഖലയില്‍ വളരെ സമ്മര്‍ദമുണ്ടാക്കി. ഈ രംഗത്തുണ്ടായ നിഷ്‌ക്രിയ ആസ്തി ഇപ്പോഴും ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. 2014നു ശേഷം ഈ രംഗത്തുനിന്നും മിക്കവാറും പൂര്‍ണമായി പിന്‍വാങ്ങിയെങ്കിലും പഴയ എക്കൗണ്ടുകളിലെ നിഷ്‌ക്രിയ ആസ്തി വകയിരുത്തല്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2013 വരെ ഏകദേശം 132 കോടി രൂപയുടെ മാത്രം വാര്‍ഷിക നിഷ്‌ക്രിയ ആസ്തി വകയിരുത്തല്‍ ഉണ്ടായിരുന്നിടത്ത് 2018ലെ വാര്‍ഷിക നിഷ്‌ക്രിയ ആസ്തി വകയിരുത്തല്‍ 694 കോടി രൂപയായി. ഈ നീക്കിയിരുപ്പ് ഇല്ലായിരുന്നുവെങ്കില്‍ അറ്റാദായം 600-700 കോടിയാകുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് വെല്ലുവിളികള്‍ക്കു വേണ്ടി വളരെ സമയം നീക്കിവയ്‌ക്കേണ്ടി വരുന്നു. ഈ വര്‍ഷാവസാനത്തോടു കൂടി ഈ പ്രശ്‌നങ്ങളില്‍ വളരെ പുരോഗതി ഉണ്ടാകും.

Q. ബാങ്കിംഗ് രംഗത്തെ പുത്തന്‍ പ്രവണതകള്‍ എന്തൊക്കെയാണ്?

റീറ്റെയ്ല്‍ ബാങ്കിംഗ് രംഗത്ത് നല്‍കുന്ന ഊന്നലാണ് ഒരു പ്രവണത. അതുപോലെ തന്നെ റിസക് വിശകലനം ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. റിസക് കൈകാര്യം ചെയ്യുന്നതിനും സവിശേഷ സംവിധാനം നടപ്പാക്കപ്പെടുന്നുണ്ട്. മറ്റൊന്ന് ടെക്‌നോളജി ഓറിയന്റേഷനാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉള്‍പ്പെടെ അത്യാധുനിക സാങ്കേതികവിദ്യകള്‍ ബാങ്കിന്റെ മുഖച്ഛായ തന്നെ മാറ്റും.


നവതിയിലും ചെറുപ്പം

ബാങ്കിന് വയസ് 90. ജീവനക്കാരുടെ ശരാശരി പ്രായം 32! ഇന്ത്യയിലെ പഴയ തലമുറ സ്വകാര്യബാങ്കുകള്‍ക്കിടയില്‍ എസ്‌ഐബിയെ വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകമിതാണ്. പാരമ്പര്യത്തിനൊപ്പം കാര്യങ്ങള്‍ പഠിച്ച് മുന്നേറാന്‍ സജ്ജമായ യുവത്വം നിറഞ്ഞ ടീമാണ് എസ്‌ഐബിയുടേത്. മാറുന്ന കാലത്ത് നൈപുണ്യമുള്ള ബാങ്കിംഗ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ ആഭ്യന്തരമായ പരിശീലനവും ഇ ലേണിംഗ് പ്ലാറ്റ്‌ഫോമുകളും എല്ലാമുണ്ട്. ഒപ്പം ഡിജിഎം റാങ്കിന് തൊട്ടുതാഴെ വരെയുള്ള പ്രൊഫഷണലുകള്‍ കൃത്യമായ ഇടവേളകളില്‍ സ്‌കില്‍ ടെസ്റ്റിന് വിധേയമാകണം.

സാമൂഹ്യപ്രതിബദ്ധതയും

90ാം വര്‍ഷത്തില്‍ ബാങ്ക്് സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും ശ്രമിക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന മിടുക്കരായ, എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള എസ്‌ഐബി സ്കോളര്‍ എന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കമായി.

കാഴ്ച പരിമിതര്‍ക്കായി വൈറ്റ് കെയ്ന്‍ വിതരണം നടത്തുന്നുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് ഇപ്പോഴും ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ ഇല്ലെന്ന പോരായ്മയുണ്ട്. അത് തിരിച്ചറിഞ്ഞ് ബാങ്ക് നഗരത്തിന്റെ പ്രൗഢിക്ക് അനുയോജ്യമായ വിധം, ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തില്‍ ബസ്സ്റ്റാന്‍ഡ് നവീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. തൃശൂര്‍ നഗരത്തിന് ബാങ്കിന്റെ നവതി സമ്മാനം കൂടിയാകും ഇത്.

ബാങ്കിന്റെ എല്ലാ റീജിയണിലും നവതിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുണ്ടാകും.


ബിസിനസ് ലക്ഷ്യം ഒന്നരലക്ഷം കോടി രൂപ

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ബിസിനസ് ലക്ഷ്യം ഒന്നര ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,28,000 കോടിയായിരുന്നു ഇത്. അവകാശ ഓഹരികള്‍ വഴി 2017 മാര്‍ച്ചില്‍ ബാങ്ക് 630 കോടി രൂപ സമാഹരിച്ചിരുന്നു. അധികമായി 1000 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശ്യവുമുണ്ട്.

പ്രവാസി മലയാളികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ എന്നും ശ്രദ്ധിച്ചിട്ടുള്ള ബാങ്ക് ദുബായില്‍ സ്വന്തമായൊരു ഓഫീസ് തുറക്കാന്‍ വര്‍ഷങ്ങളായി നടത്തുന്ന പരിശ്രമം അതിന്റെ വിജയത്തില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. ജൂലൈയില്‍ ബാങ്കിന്റെ ദുബായ് റപ്രസന്റേറ്റീവ് ഓഫീസ് പ്രവര്‍ത്തന സജ്ജമാകും. ''രാജ്യാന്തരതലത്തിലേ

ക്ക് വളരാനുള്ള ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണിത്. നിലവില്‍ ഞങ്ങള്‍ക്ക് വലിയ തോതില്‍ എന്‍ആര്‍ഐ കസ്റ്റമേഴ്‌സുണ്ട്. ശാഖയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതിലാകുമ്പോള്‍ അത് ഇനിയും വിപുലമാകും,'' വി ജി മാത്യു വിശദമാക്കുന്നു.


വി ജി മാത്യു

2014 ഒക്ടോബറിലാണ് വി ജി മാത്യു സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് 2014 ജനുവരി മുതല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് എക്കൗണ്ട്‌സ് ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജര്‍ പദവിയടക്കം ഉന്നത പദവികള്‍ വഹിച്ച ശേഷമാണ് ഇദ്ദേഹം സൗത്ത് ഇന്ത്യന്‍ ബാങ്കിലെത്തുന്നത്.

എസ് ഐ ബിയുടെ കരുത്തും സ്ഥാപിത ലക്ഷ്യവും വ്യക്തമായി തിരിച്ചറിഞ്ഞ് ബാങ്കിന്റെ മുന്നോട്ടുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച വി ജി മാത്യു, ചുമതലയേറ്റ നാള്‍ മുതല്‍ റീറ്റെയ്ല്‍ ബാങ്കിംഗില്‍ ശ്രദ്ധയൂന്നുന്നതിനുള്ള സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കി കൊണ്ടിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it