സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 15 % ജീവനക്കാരെ കുറയ്ക്കും

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ വിഷന്‍ ഫണ്ട് 15 ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തയ്യാറെടുക്കുന്നു.സോഫ്റ്റ് ബാങ്ക് ഗ്രൂപ്പില്‍ ഇനിയും പിരിച്ചുവിടലുകള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഏകദേശം 80 ജീവനക്കാരെ ലേ ഓഫ് ചെയ്യേണ്ടിവരുമെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള വിഷന്‍ ഫണ്ട് മേധാവി രാജീവ് മിശ്ര അറിയിച്ചു. മൊത്തം ജീവനക്കാരുടെ എണ്ണം 500 ആണ്. കഴിഞ്ഞ മാസം പറഞ്ഞിരുന്നത് 10 ശതമാനം തൊഴിലാളികളെ കുറയ്ക്കാന്‍ ഫണ്ട് പദ്ധതിയിട്ടിരുന്നതായാണ്.
മാര്‍സെലോ ക്ലോറിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇതിനോടകം തന്നെ 230 ല്‍ 26 പേരെ കുറച്ചുകഴിഞ്ഞു.

ജപ്പാന്‍ ആസ്ഥാനമായി ശതകോടീശ്വരന്‍ മസായോഷി സോണിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സോഫ്റ്റ്ബാങ്ക് കഴിഞ്ഞ മാസം 13 ബില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തി.സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയിട്ടുള്ള വീവര്‍ക്ക്, ഉബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേറ്റ് കമ്പനികളുടെ മൂല്യനിര്‍ണയം രേഖപ്പെടുത്തിയപ്പോഴാണ് നഷ്ടം കുമിഞ്ഞുകൂടിയത്. രണ്ട് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഒരു പുതിയ വിഷന്‍ ഫണ്ട് സമാഹരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സോണ്‍ ആദ്യം പറഞ്ഞെങ്കിലും മോശം പ്രകടനം കാരണം തനിക്ക് ഇനി പണം ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പിന്നീടു സമ്മതിച്ചു.

ആക്‌സിലറേറ്ററും ബ്രേക്കും എപ്പോള്‍ ഉപയോഗിക്കണമെന്നു കൃത്യമായി മനസിലാക്കിക്കഴിഞ്ഞു സോഫ്റ്റ് ബാങ്ക് ഗ്രൂപ്പെന്ന് എസ്ബിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റ് ഷിന്‍ജി മോറിയുകി പറഞ്ഞു.പല ജാപ്പനീസ് കമ്പനികളും മുന്നേറാന്‍ ജാഗ്രത പുലര്‍ത്തുകയും പിന്‍വാങ്ങാന്‍ മടിക്കുകയും ചെയ്യുന്ന പ്രവണതയാണു പ്രകടമാക്കാറുള്ളത്. വിഷന്‍ ഫണ്ട് വെട്ടിക്കുറവിലേക്കു നീങ്ങിയത് അര്‍ത്ഥവത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it