ഡിജിറ്റല്‍ ബാങ്കിടപാടുകള്‍: പരാതികൾക്ക് പ്രത്യേക ഓംബുഡ്‌സ്മാന്‍ സംവിധാനം

മൊബീല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് ആന്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബീല്‍ വാലറ്റുകള്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ നടത്തപ്പെടുന്ന പണമിടപാടുകള്‍ ഉപഭോക്താക്കള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഗുണകരമാണ്. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി കാഷ്‌ലെസ് ഇടപാടുകളെ പരമാവധി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ബാങ്കിടപാടുകള്‍ വര്‍ദ്ധിക്കുന്നതിന് അനുസരണമായി ഇടപാടുകളില്‍ സംഭവിക്കുന്ന പാകപ്പിഴകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികളുടെ എണ്ണവും കുത്തനെ വര്‍ദ്ധിക്കുകയാണ്.

2016-17 കാലഘട്ടത്തില്‍ ബാങ്കിംഗ് മേഖലയിലെ മൊത്തം പരാതികളില്‍ 19 ശതമാനം മാത്രമായിരുന്നു ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ച് ഉണ്ടായത്്്. എന്നാല്‍ 2018 ജൂണില്‍ അത് 28 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്ന് ആര്‍.ബി.ഐ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍ ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലേക്കായി ഒരു പ്രത്യേക ഓംബുഡ്‌സ്മാന്‍ സംവിധാനം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍.ബി.ഐ.

ഉപഭോക്തൃ താല്‍പര്യം സംരക്ഷിക്കും

പരാതികളിലുണ്ടാകുന്ന വര്‍ദ്ധനവും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ക്കും പുറമേ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് ബാങ്കിംഗ് ഇതര സേവനദാതാക്കള്‍ വര്‍ദ്ധിക്കുന്നതിനാലുമാണ് ഈ മേഖലയിലെ പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഓംബുഡ്‌സ്മാന്‍ സംവിധാനം അത്യാവശ്യമായിരിക്കുന്നതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ പേമെന്റ് രംഗത്ത് ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ആര്‍.ബി.ഐ സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ഒന്നാണ് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഓംബുഡ്‌സ്മാന്‍.

മിസ്-സെല്ലിംഗ്, ഇന്റര്‍നെറ്റ് ആന്റ് മൊബീല്‍ ബാങ്കിംഗിലെ പരാതികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2017 ജൂലൈയില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ സ്‌ക്കീമിനെ ആര്‍.ബി.ഐ പരിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളിലെ പരാതികള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനാലാണ് അതിലേക്കായി പ്രത്യേക ഓംബുഡ്‌സ്മാന്‍ വേണമെന്ന് ആര്‍.ബി.ഐ തീരുമാനിച്ചത്.

എന്‍.ബി.എഫ്.സികള്‍ക്ക് പ്രത്യേക ഓംബുഡ്‌സ്മാന്‍

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി(എന്‍.ബി.എഫ്.സി) ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിന് 2018 ഫെബ്രുവരിയില്‍ പ്രത്യേക ഓംബുഡ്‌സ്മാന്‍ സംവിധാനം ആര്‍.ബി.ഐ നടപ്പാക്കിയിരുന്നു. നിക്ഷേപം സ്വീകരിക്കുന്ന എല്ലാ എന്‍.ബി.എഫ്.സികളും പ്രസ്തുത ഓംബുഡ്‌സ്്മാന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ വരുന്നതാണ്. ആദ്യഘട്ടമെന്ന നിലില്‍ ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി എന്നീ നാല് മെട്രോ നഗരങ്ങളിലാണ് എന്‍.ബി.എഫ്.സി ഓംബുഡ്‌സ്മാന്റെ ഓഫീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഓരോ ഓഫീസും അതാത് സോണിലെ ഉപഭോക്താക്കളുടെ എന്‍.ബി.എഫ്.സികളുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it