എസ്ബിഐ വായ്പാ, നിക്ഷേപ പലിശ കുറച്ചു; പുതിയ നിരക്ക് നാളെ മുതല്‍

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമുളള പലിശ നിരക്ക് വീണ്ടും കുറച്ചു. വായ്പകള്‍ക്കുളള അടിസ്ഥാന പലിശ 0.10% കുറച്ച് 8.15 ശതമാനമാക്കി. നേരത്തെ ഇത് 8.25 ശതമാനമായിരുന്നു.

വാഹന,ഭവന വായ്പകള്‍ക്കുള്‍പ്പെടെയാണ് ഇതോടെ നിരക്കു താഴുന്നത്. 180 ദിവസം മുതല്‍ 210 ദിവസം വരെയുളള നിക്ഷേപങ്ങള്‍ക്കുളള പലിശ 6 ശതമാനത്തില്‍ നിന്നും 5.8 ശതമാനമാക്കിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

അടിസ്ഥാന ചെലവ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് ആണ് കുറച്ചത്; എല്ലാ മെച്യുരിറ്റികളിലുമുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 25 ബേസിസ് പോയിന്റ് വരെയും. സെപ്റ്റംബര്‍ 10 മുതല്‍ തങ്ങളുടെ എംസിഎല്‍ആര്‍ പ്രതിവര്‍ഷം 8.15 ശതമാനമാകുമെന്ന് എസ്ബിഐ അറിയിച്ചു. ഇതനുസരിച്ചാണ് വായ്പകളുടെയും എഫ് ഡി നിക്ഷേപങ്ങളുടെയും പലിശ നിരക്കുകള്‍ കുറയുന്നത്.

ഈ സാമ്പത്തിക വര്‍ഷം എസ്ബിഐ അഞ്ചാം തവണയാണ് എംസിഎല്‍ആറില്‍ കുറവു വരുത്തുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 1.1 ശതമാനം പോയിന്റ് കുറച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി.കഴിഞ്ഞ മാസം രണ്ടു തവണ എസ്ബിഐ പലിശ നിരക്കു കുറച്ചിരുന്നു. 10 മുതല്‍ 50 ബേസിസ് പോയന്റു വരെയാണ് ഓഗസ്റ്റ് 26ന് കുറവുവരുത്തിയത്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുത്തത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ആനുകൂല്യം വാണിജ്യ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുകയെന്നതായിരുന്നു ലക്ഷ്യം.

പക്ഷേ, ഇത് ഉദ്ദേശിച്ചതുപോലെ നടപ്പാകാതെ വന്നപ്പോഴാണ് റിസര്‍വ് ബാങ്ക് ഒക്ടോബര്‍ 1 മുതല്‍ ചില വായ്പകളെ ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുകളുമായി ബന്ധിപ്പിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും ഉത്തരവു നല്‍കിയത്.

180 ദിവസം മുതലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 0.20 ശതമാനം മുതല്‍ 0.25 ശതമാനം വരെ കുറയും. അതേസമയം 179 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലും മൂന്ന് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമില്ല. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്കും പുതിയ നിരക്ക് ബാധകമാണ്.മൂന്ന് വര്‍ഷത്തിന് മുകളില്‍ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ നിരക്കുകള്‍ 6.25 ശതമാനമായി തുടരും.

പുതുക്കിയ നിക്ഷേപ പലിശ നിരക്ക്(ബ്രാക്കറ്റില്‍ പഴയത്)

7 മുതല്‍ 45 ദിവസം വരെ 4.50 ശതമാനം (4.50 ശതമാനം)
46 മുതല്‍ 179 ദിവസം വരെ 5.50 ശതമാനം (5.50)
180 മുതല്‍ 210 ദിവസംവരെ 5.80 ശതമാനം (6)
ഒരുവര്‍ഷം മുതല്‍ 2 വര്‍ഷംവരെ 6.50 ശതമാനം (6.70)
2 മുതല്‍ 3 വര്‍ഷംവരെ 6.25 ശതമാനം (6.50 )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it