വെല്ലുവിളികളിലൂടെ നല്ല മാറ്റത്തിന് സാധ്യത: മൃത്യുഞ്ജയ് മഹാപാത്ര

സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളികള്‍ എപ്പോഴും ഗുണപരമായ മാറ്റങ്ങള്‍ക്കാണ് വഴിതെളിച്ചിട്ടുള്ളതെന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഓയുമായ മൃത്യുഞ്ജയ് മഹാപാത്ര. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ മേഖലകളിലും ലോകത്തുടനീളം അനുഭവപ്പെട്ട ഈ പ്രതിഭാസം തന്നെയാണ് ഇന്ത്യയിലും ആവര്‍ത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുകയും ബാങ്കുകള്‍ മെല്ലെ കാലഹരണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നതെന്ന് മഹാപാത്ര നിരീക്ഷിച്ചു. ബാങ്കിംഗ് രംഗത്തെ വെല്ലുവിളികളെക്കുറിച്ചും ആനുകാലിക മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി.

ഉദ്ഘാടന ചടങ്ങില്‍ സമിറ്റ് പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനും അവാര്‍ഡ് ജൂറി ചെയര്‍മാനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ കെ പി പദ്മകുമാര്‍ കോണ്‍ഫറന്‍സ് വിഷയാവതരണം നിര്‍വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാനുമായ ആര്‍. ഭൂപതി ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു.

ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് ഉദ്ഘാടനം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ സാഹചര്യത്തിൽ രാജ്യ വികസനത്തിന് നിർണായക സംഭാവന ചെയ്യുന്ന വിജയികളായ അത്യുന്നത വരുമാനമുള്ളവരെ പിഴിയുന്ന നികുതി സമ്പ്രദായം ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഭൂപതി പറഞ്ഞു. കൃത്യസമയത്ത് കൂടുതൽ ശരിയായ തീരുമാനങ്ങൾ എടുക്കുന്ന ബിസിനസുകൾക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലനിൽപ്പുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. " മനുഷ്യരുടെ ആയുസ് വർധിക്കുന്ന യുഗമാണിത്. പക്ഷേ ബിസിനസുകളുടെ ആയുസ് ഗണ്യമായി കുറയുന്നു . ടെക്നോളജി ഡിസ്റപ്ഷൻ , ഒന്നിനു പിറകെ മറ്റൊന്നായി വരുന്ന റെഗുലേറ്ററി പരിഷ്കാരങ്ങൾ , നിയമ വിധേയത്വമുറപ്പാക്കാൻ വേണ്ടി വരുന്ന അമിത ചെലവ് തുടങ്ങിയ ഘടകങ്ങൾ ബിസിനസ്സുകളെ പ്രതികൂലമായി ബാധിക്കുന്നുണ് ,"" അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാങ്കുകൾ , ഇൻഫ്രാസ്ട്രക്ചർ , എൻ ബി എഫ് സി , റിയൽ എസ്‌റ്റേറ്റ് എന്നീ നാല് രംഗങ്ങളിലെ ബാലൻസ് ഷീറ്റ് പ്രശ്നമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്ക് ഇപ്പോൾ ആക്കം കൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുന്‍നിര ബിസിനസ് മാഗസിനായ ധനം സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ രാജ്യത്തെ ബാങ്കിംഗ്, സാമ്പത്തിക, നിക്ഷേപ രംഗത്തെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പത് മണി വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന സമ്മിറ്റില്‍ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, സമീപകാലത്തെ നയ മാറ്റങ്ങള്‍ വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം, ഡിജിറ്റല്‍ ഡിസ്‌റപ്ഷനുകളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it