65കാരന്റെ സ്റ്റാര്‍ട്ടപ്പ് ധനകാര്യമേഖലയെ മാറ്റിമറിച്ച വിജയകഥ

സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ കൗമാരം വിട്ടുമാറാത്ത യുവാക്കളുടെ മുഖമാണ് നമ്മുടെ മനസിലേക്ക് ഓര്‍മ്മ വരുന്നത്. എന്നാല്‍ 1977ല്‍ ഒരു 65കാരന്‍ തന്റെ റിട്ടയര്‍മെന്റിന് ശേഷം ഇന്ത്യയിലെ ആദ്യത്തെ റീറ്റെയ്ല്‍ ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനത്തിന് തുടക്കമിട്ടു. ദീര്‍ഘദര്‍ശിയായിരുന്ന ആ സംരംഭകന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. പിന്നീടത് ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറി.

ബാങ്കിംഗ് മേഖലയിലെ വെല്ലുവിളികളെയും മല്‍സരങ്ങളെയും അതിജീവിച്ച് എച്ച്ഡിഎഫ്‌സി നടത്തിയ വിജയത്തിലേക്കുള്ള പോരാട്ടം എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും മാതൃകയാണ്.

ആവേശമുണര്‍ത്തുന്ന ഈ വിജയകഥയിലെ നായകന്‍ ഐസിഐസിഐ ബാങ്കിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായിരുന്ന എച്ച്.റ്റി പരേഖ് ആണ്. ഐസിഐസിഐയില്‍ നിന്ന് വിരമിച്ചശേഷം എവിടെയെങ്കിലും ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ റീറ്റെയ്ല്‍ ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനം ആരംഭിച്ചു.

ഒരു വര്‍ഷത്തിനുശേഷം ദീപക് പരേഖും കമ്പനിയില്‍ ചേര്‍ന്നു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയി കരിയര്‍ ആരംഭിച്ച ദീപക് പരേഖിനെ സംബന്ധിച്ചിടത്തോളം അതുവിട്ട് പുതിയൊരു മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പില്‍ ചേരുന്നത് വലിയൊരു റിസ്‌ക് തന്നെയായിരുന്നു.

പുതിയ വഴി തെളിച്ചുള്ള പ്രയാണം

യഥാര്‍ത്ഥത്തില്‍ എച്ച്ഡിഎഫ്‌സി എന്ന സ്ഥാപനം തന്നെ ഒരു വലിയ റിസ്‌ക് ആയിരുന്നു. ഭവനവായ്പകള്‍ക്കായി അതുവരെ ഇന്ത്യയില്‍ ആരും ഫിനാന്‍സ് സ്ഥാപനങ്ങളെ ആശ്രയിക്കാറില്ലായിരുന്നു. വായ്പയെടുക്കുന്നതിനോട് തന്നെ വിമുഖതയുള്ള മനോഭാവമായിരുന്നു ആളുകള്‍ക്ക് അന്ന്.

1980കളുടെ അവസാനം വരെ ഇന്ത്യയിലെ ഒരേയൊരു ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനമായി എച്ച്ഡിഎഫ്‌സി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒപ്പം എച്ച്ഡിഎഫ്‌സി നാല് മറ്റ് ഹൗസിംഗ് ഫിനാന്‍സ് കമ്പനികളെക്കൂടി പ്രമോട്ട് ചെയ്തു. യഥാര്‍ത്ഥത്തില്‍ എച്ച്ഡിഎഫ്‌സി തന്നെ ഈ രംഗത്ത് മല്‍സരം സൃഷ്ടിക്കുകയായിരുന്നു. 1990കളുടെ അവസാനം വരെ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

1980കളില്‍ എച്ച്ഡിഎഫ്‌സി ലോകബാങ്ക്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഫണ്ടിംഗ് സ്വീകരിച്ചു.

എച്ച്ഡിഎഫ്‌സിയുടെ ബിസിനസ് രീതി തികച്ചും ലളിതമായിരുന്നു. മൊത്തമായി വലിയൊരു തുക ഫണ്ട് നേടി അത് നിശ്ചിതമായ പലിശനിരക്കില്‍ റീറ്റെയ്ല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഇതില്‍ എച്ച്ഡിഎഫ്‌സിക്ക് രണ്ട് ശതമാനത്തോളം വരുമാനം ലഭിക്കുന്നു.

എങ്കിലും മുന്നോട്ടുള്ള പാതയില്‍ ചില പ്രതിബന്ധങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടിവന്നു. 1990ല്‍ ഗള്‍ഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിച്ചു. പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായി. പണപ്പെരുപ്പത്തെ നേരിടാന്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുത്തനെ കൂട്ടി. ഹോള്‍സെയ്ല്‍ ഫണ്ടുകളെ ആശ്രയിച്ചിരുന്ന എച്ച്ഡിഎഫ്‌സിക്ക് ആര്‍ബിഐ നയം ആഘാതമായി. ഫണ്ടിനായി പുതിയ വഴികള്‍ തേടേണ്ട അവസ്ഥയുണ്ടായി.

തങ്ങളുടെ നിലനില്‍പ്പിനെപ്പോലും ബാധിക്കുന്ന നിര്‍ണ്ണായകമായ ഈ നിമിഷത്തില്‍ എച്ച്ഡിഎഫ്‌സി തങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി മികച്ച ഉപഭോക്തൃസേവനത്തിലൂടെയും വിശ്വാസ്യതയിലൂടെയും തങ്ങള്‍ നേടിയ സല്‍പ്പേരും ബ്രാന്‍ഡ് ഇമേജും ഉപയോഗിച്ച് റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി

ടേണിംഗ് പോയ്ന്റ്

എച്ച്ഡിഎഫ്‌സിയുടെ പ്രവര്‍ത്തനത്തില്‍ വഴിത്തിരിവുണ്ടാകുന്നത് 1993ല്‍ ബാങ്കിംഗ് രംഗം സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്തപ്പോഴാണ്. ''അന്ന് പത്രങ്ങളില്‍ ബാങ്കിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ഒരു പരസ്യമുണ്ടായിരുന്നു. അത് കണ്ട് ബാങ്ക് ലൈസന്‍സിനായി അപേക്ഷിച്ചാലോ എന്നെനിക്ക് തോന്നി. അതിന് മൂന്ന് മാസത്തെ സമയമുണ്ടായിരുന്നു. ഒരു ബില്യണ്‍ രൂപയായിരുന്നു അതിന്റെ എന്‍ട്രി ലിമിറ്റ്. അക്കാലഘട്ടത്തില്‍ എച്ച്ഡിഎഫ്‌സിയുടെ നെറ്റ്‌വര്‍ത്ത് മൂന്ന് ബില്യണ്‍ ആയിരുന്നു. ഇത് വൈവിധ്യവല്‍ക്കരണത്തിന് മികച്ച സമയമാണെന്ന് എനിക്ക് തോന്നി.'' ദീപക് പരേഖ് ഓര്‍മ്മിക്കുന്നു.

ബാങ്കിംഗ് ലൈസന്‍സിനായി 40 അപേക്ഷകരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആദ്യമായി റിസര്‍വ് ബാങ്കില്‍ നിന്ന് തത്വത്തില്‍ ബാങ്കിംഗ് ലൈസന്‍സ് കിട്ടിയ സ്ഥാപനം എച്ച്ഡിഎഫ്‌സിയായിരുന്നു.

പുതിയ ബാങ്കിനെ നയിക്കാന്‍ പരേഖ് കണ്ടെത്തിയത് ആദിത്യ പുരിയെ ആയിരുന്നു. സിറ്റി ബാങ്കില്‍ ജോലി ചെയ്തിരുന്ന പുരിയെ മലേഷ്യയില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സ്റ്റാര്‍ട്ടപ്പ് ഘട്ടത്തിലുള്ള തന്റെ ബാങ്കിലേക്ക് പരേഖ് കൊണ്ടുവരുകയായിരുന്നു. ബാങ്ക് നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് മാതൃകമ്പനിയുടെ ഓഹരികളെയും ബാധിക്കുമെന്ന് പരേഖിന് അറിയാമായിരുന്നു. യഥാര്‍ത്ഥത്തില്‍ വലിയൊരു റിസ്‌ക് തന്നെയായിരുന്നു അദ്ദേഹം എടുത്തത്.

First അല്ല, Fastഉം അല്ല, സ്ഥിരത തന്നെ മുഖ്യം

ശാശ്വതമായ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രയാണമാണ് എച്ച്ഡിഎഫ്‌സി നടത്തിയത്. എടുത്തുചാട്ടം ഗ്രൂപ്പിന്റെ രീതിയായിരുന്നില്ല. അതുകൊണ്ട് സ്വകാര്യ മേഖലയിലുള്ള പല ബാങ്കുകള്‍ക്കും കൈപൊള്ളിയപ്പോള്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിച്ചുകൊണ്ട് ഇവര്‍ തങ്ങളുടെ സ്ഥാനം ശക്തമാക്കി.

ബാങ്കിംഗ് മേഖല 15-20 ശതമാനം മാത്രം വളര്‍ന്നപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 30 ശതമാനം വളര്‍ന്നു. ബാങ്കിംഗ് മേഖയുടെ വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് താഴ്ന്നപ്പോഴും എച്ച്ഡിഎഫ്‌സി 20 ശതമാനത്തോളം വളര്‍ന്നു. ബാങ്കിംഗ് ലൈസന്‍സ് ലഭിച്ച് 18 വര്‍ഷത്തില്‍ താഴെയുള്ള കാലം കൊണ്ട് 'മോസ്റ്റ് വാല്യുബിള്‍ ബാങ്ക്' എന്ന സ്ഥാനം നേടാനായി.

ദീപക് പരേഖ് ചെയര്‍മാനായുള്ള എച്ച്ഡിഎഫ്‌സി ലിമിറ്റഡ് ആകട്ടെ ഇതുവരെ 6.3 മില്യണ്‍ ഭവനവായ്പകള്‍ നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് പേര്‍ക്ക് അവരുടെ ഭവനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊടുത്തു. ഗ്രോസ് ലോണുകള്‍ നാല് ട്രില്യണ്‍ രൂപയിലെത്തി. 1.9 മില്യണ്‍ ഡിപ്പോസിറ്റ് എക്കൗണ്ടുകളാണ് ഉള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it