ഭവന വായ്പയുടെ പലിശ നിരക്ക് ഏഴ് ശതമാനത്തിലും താഴേയ്ക്ക്, കുറയുന്നതിന്റെ കാരണം ഇതാണ്?

ഏഴ് ശതമാനത്തില്‍ താഴെ പലിശയ്ക്ക് ഭവന വായ്പ എടുക്കാം. അതും പ്രത്യേക പാക്കേജായല്ല. എച്ച് ഡി എഫ് സിയും ബാങ്ക് ഓഫ് ബറോഡയുമാണ് ഇപ്പോള്‍ ഏഴ് ശതമാനത്തിലും താഴെയുള്ള നിരക്കില്‍ ഭവന വായ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്‌സിയുടെ നിരക്ക് 6.95 ശതമാനമാണ്. ബാങ്ക് ഓഫ് ബറോഡയുടേത് 6.85 ശതമാനവും. മുന്‍പ് സ്‌പെഷല്‍ സ്‌കീമുകളായി ഏഴ് ശതമാനത്തില്‍ താഴെ പലിശ നിരക്കില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഭവന വായ്പ നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത്തരം പാക്കേജുകളില്ലാതെ തന്നെ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാണ്.
എന്തുകൊണ്ട് നിരക്ക് കുറയുന്നു?
റിസര്‍വ് ബാങ്കിന്റെ പണനയത്തിന്റെ ഭാഗമായി ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എത്തിയതോടെയാണ് ഭവന വായ്പാ നിരക്ക് ഈ തലത്തിലെത്തിയിരിക്കുന്നത്. നിലവില്‍ റിപ്പോ നിരക്ക് (വാണിജ്യ ബാങ്കുകള്‍ കേന്ദ്ര ബാങ്കില്‍ നിന്നെടുക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്ക് ) നാല് ശതമാനമാണ്. അതേ സമയം റിവേഴ്‌സ് റിപ്പോ നിരക്ക് ( വാണിജ്യ ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശ) 3.35 ശതമാനവും.
വാണിജ്യബാങ്കുകള്‍ ഇപ്പോള്‍ കേന്ദ്ര ബാങ്കില്‍ നിന്ന് പണം എടുക്കുന്നതിന് പകരം അവിടെ തിരികെ നിക്ഷേപിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് കാരണം എല്ലാത്തരം വായ്പാ വിതരണവും വന്‍തോതില്‍ കുറഞ്ഞിട്ടുമുണ്ട്.
റിസര്‍വ് ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറച്ചതോടെ ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കും കുറച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് ബാങ്ക് ഇടപാടുകാര്‍ക്ക് ഇപ്പോള്‍ നല്‍കുന്നത് 2.7 ശതമാനം പലിശയാണ്. യൂക്കോ ബാങ്കാണെങ്കില്‍ 2.5 ശതമാനവും. പ്രമുഖ ബാങ്കുകളുടെയെല്ലാം സ്ഥിര നിക്ഷേപ പലിശ നിരക്ക്, വിവിധ കാലയളവിലേക്ക്, ആറുശതമാനത്തോടടുത്താണ്.
ഭവനവായ്പയുടെ പലിശ നിരക്കുകള്‍ ഇപ്പോള്‍ പ്രധാനമായും രണ്ടുതരത്തിലാണ് ബാങ്കുകള്‍ നിശ്ചയിക്കുന്നത്. എംസിഎല്‍ആര്‍ നിരക്കുമായി ബന്ധപ്പെട്ടും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടും. ജൂണ്‍ മധ്യത്തോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എക്‌സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് 40 ബേസിസ് പോയ്ന്റ് വെട്ടിക്കുറച്ചിരുന്നു. അതായത് 7.05 ശതമാനത്തില്‍ നിന്ന് ഇത് 6.65 ശതമാനമായി. എംഎംസിഎല്‍ആര്‍ 25 ബേസിസ് പോയ്ന്റ് കുറച്ച് ഏഴ് ശതമാനമാക്കി. നിലവില്‍ എസ് ബി ഐ വനിതകള്‍ക്ക് 6.95 ശതമാനം പലിശയ്ക്കാണ് ഭവന വായ്പ നല്‍കുന്നത്.
എച്ച്ഡിഎഫ്‌സിയുടെ പലിശ നിരക്ക് 6.95 ശതമാനം മുതല്‍ 7.6 ശതമാനം വരെയാണ്. നല്ല ക്രെഡിറ്റ് സ്‌കോറുള്ള ഇടപാടുകാര്‍ക്ക് ഏഴ് ശതമാനത്തില്‍ താഴെ പലിശയ്ക്ക് ഭവന വായ്പ ലഭിക്കും. 30 ലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍ക്കാണ് ഇത് ബാധകം.
വായ്പ തുക കൂടുമ്പോള്‍ പലിശ നിരക്ക് കൂടൂം. മുന്‍പ് ഉയര്‍ന്ന വായ്പാ തുകയ്ക്ക് കുറഞ്ഞ പലിശ നിരക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാങ്കുകള്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ 35 ലക്ഷം രൂപ വരെയുള്ള ഭവന വായ്പ എടുക്കുന്നവരെയും നോണ്‍ മെട്രോകളില്‍ 25 ലക്ഷം രൂപ വരെ വായ്പ എടുക്കുന്നവരെയുമാണ് കൂടുതലായും നോക്കുന്നത്. അതുകൊണ്ടാണ്, കുറഞ്ഞ വായ്പ തുകയ്ക്ക് പലിശ നിരക്കും കുറച്ചുവെച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനിയും ഒരു പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ കൂടി പ്രതീക്ഷിക്കാം. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി, ആളുകള്‍ വീട് വാങ്ങല്‍ പുനഃരാരംഭിച്ചാല്‍ പലിശ നിരക്ക് വീണ്ടും ഉയരാനും സാധ്യതയുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline