ഐഎൽ & എഫ്എസ് പ്രതിസന്ധി: നിങ്ങളുടെ പിഎഫ് നിക്ഷേപം സുരക്ഷിതമോ?

പ്രോവിഡന്റ് ഫണ്ട് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയാണ് ഐഎൽ & എഫ്എസ് ഗ്രൂപ്പിലെ പ്രതിസന്ധികാരണം നഷ്ടസാധ്യത നേരിടുന്നത്.

IL & FS
Image credit: www.ilfsindia.com

അടിസ്ഥാനസൗകര്യ വികസന മേഖലയിലെ അതികായരായിരുന്ന ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസിലെ (ഐഎൽ & എഫ്എസ്) സാമ്പത്തിക പ്രതിസന്ധി ഈയിടെ ബാങ്കിതര ധനകാര്യ മേഖലയെ പിടിച്ചുലച്ചിരുന്നു.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ഐഎൽ & എഫ്എസിനോടുള്ള എക്സ്പോഷർ മൂലം പുലിവാലുപിടിച്ചിരിക്കുന്നത് പ്രോവിഡന്റ്/പെൻഷൻ ഫണ്ട് ട്രസ്റ്റുകളാണ്.

ഈ ട്രസ്റ്റുകൾ ചേർന്ന് കോടിക്കണക്കിന് രൂപയാണ് ഐഎൽ & എഫ്എസ് ഗ്രൂപ്പിന്റെ ബോണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. ഈ പണം നഷ്ടപ്പെടുമോ എന്ന് ഭയന്ന് നാഷണൽ കമ്പനി ലോ അപ്പല്ലേറ്റ് ട്രിബ്യുണലിനെ സമീപിച്ചിരിക്കുകയാണ് ഇവർ. ഈ ബോണ്ടുകൾ ‘അൺസെക്യൂവേർഡ് ഡേറ്റ്’ എന്ന വിഭാഗത്തിലുള്ളവയാണ്.

ഇതിൽ പലതും ട്രേഡഡ് ഇൻസ്ട്രുമെന്റസ് ആയതുകൊണ്ട് എത്രമാത്രം പിഎഫ് പണമാണ് ഇത്തരത്തിൽ പ്രശ്നത്തിലകപ്പെട്ടിരിക്കുന്നതെന്ന് തിട്ടപ്പെടുത്താൻ സാധിക്കില്ല. ഐഎൽ & എഫ്എസിന്റെ ബോണ്ടുകൾക്ക് ഏറ്റവും ഉയർന്ന റേറ്റിംഗ് നൽകിയിരുന്നത് കൊണ്ടാണ് എപ്പോഴും ലോ-റിസ്ക് നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്ന പിഎഫ്, പെൻഷൻ ഫണ്ടുകൾ ഇത്രയധികം തുക കമ്പനിയുടെ ബോണ്ടുകളിൽ നിക്ഷേപിച്ചത്.

എംഎംടിസി, ഇന്ത്യൻ ഓയിൽ, സിഡ്‌കോ, ഹഡ്‌കോ, ഐഡിബിഐ, എസ്ബിഐ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഇലക്ട്രിസിറ്റി ബോർഡുകൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ പിഎഫ്, പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ട്രസ്റ്റുകളാണ് ട്രിബ്യുണലിനെ സമീപിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റനവധി സ്വകാര്യ കമ്പനികളുടെ പിഎഫ് നിക്ഷേപങ്ങളും നഷ്ടസാധ്യത നേരിടുന്നു.

മാർച്ച് 12 വരെ സമയമുള്ളതിനാൽ പിഎഫ് ഹർജികളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

ഇതുവരെ ലഭ്യമായ കണക്കുകൾ അനുസരിച്ച് 14 ലക്ഷം ജീവനക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കൈകാര്യം ചെയ്യുന്ന 50 ഫണ്ടുകൾക്ക് ഐഎൽ & എഫ്എസിനോട് എക്സ്പോഷർ ഉണ്ട്.

എൽഐസി, എസ്ബിഐ തുടങ്ങി വിശ്വാസ്യതയുള്ള സ്ഥാപങ്ങളുടെ പിന്തുണയുള്ളതുകൊണ്ടാണ് ഐഎൽ & എഫ്എസിന്റെ ബോണ്ടുകൾക്ക് പിഎഫ് ഫണ്ടുകൾക്കിടയിൽ പ്രചാരമേറിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here