കൊറോണകാലത്ത് ക്രെഡിറ്റ് സ്‌കോറിന്റെ കാര്യം മറന്നു പോകരുത്; ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ക്രെഡിറ്റ് സ്‌കോര്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ആ വ്യക്തിയുടെ ലോണ്‍ തിരിച്ചടവിനുള്ള ശേഷി നോക്കുന്ന അളവുകോല്‍ ക്രെഡിറ്റ് സ്‌കോര്‍ ആണ്. നമ്മുടെ വരുമാനം, ലോണുകള്‍, തിരിച്ചടവിന്റെ സ്വഭാവം ഇതെല്ലാം ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കുന്നു. ക്രെഡിറ്റ് സ്‌കോര്‍ എത്രമാത്രം മികച്ചതാണ് എന്നതിനെ അപേക്ഷിച്ചിരിക്കും ഹോം ലോണിലോ മറ്റോ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പാ തുകയും പലിശയും തീരുമാനിക്കുന്നത്. 300 മുതല്‍ 900 ഇടയില്‍ ആയിരിക്കും ഒരാളുടെ ക്രെഡിറ്റ് സ്‌കോര്‍. തൊള്ളായിരത്തിനടുത്ത് സ്‌കോര്‍ ഉണ്ടെങ്കില്‍ മികച്ച സ്‌കോര്‍ ആണെന്നും 300 നടുത്ത് ആണെങ്കില്‍ മോശമാണെന്നുമാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ നല്ല ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

ക്രെഡിറ്റ് സ്‌കോര്‍ കൂടുന്നതനുസരിച്ച് വായ്പ ലഭിക്കാനും ക്രെഡിറ്റ് കാര്‍ഡുകളില്‍ ഉയര്‍ന്ന ബാലന്‍സ് ലഭിക്കുവാനും സാധ്യത കൂടും. എന്നാല്‍ പലപ്പോഴും അശ്രദ്ധ കൊണ്ടാണ് പലരുടെയും ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നത്. വായ്പയുടെ തിരിച്ചടവുകള്‍ കൃത്യമായി നടത്തുമ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗങ്ങള്‍ മിതമായി നടത്തുമ്പോഴും ക്രെഡിറ്റ് സ്‌കോര്‍ കൂടും. അതുപോലെത്തന്നെ തിരിച്ചടവുകള്‍ മുടങ്ങുമ്പോഴും ക്രെഡിറ്റ് കാര്‍ഡുകളിലെ മുഴുവന്‍ തുകയും ഉപയോഗിക്കുമ്പോഴും ക്രെഡിറ്റ് സ്‌കോര്‍ കുറയും. ക്രെഡിറ്റ് സ്‌കോര്‍ കുറയാനിടയാകുന്നത് ചെറിയ ചില അശ്രദ്ധ കൊണ്ടാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പൂര്‍ണമായ ക്രെഡിറ്റ് ലിമിറ്റില്‍ ഉപയോഗിക്കാതിരിക്കുന്നതോടൊപ്പം ഈ കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കണം.

സ്‌റ്റേറ്റ്‌മെന്റ് നോക്കുക

പതിവായി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് പരിശോധിക്കുകയെന്നത് വളരെ പ്രധാനമാണ്. എല്ലാ മാസവും സ്റ്റേറ്റ്മെന്റ് പരിശോധിച്ച് നിങ്ങളില്‍ നിന്ന് അനാവശ്യ നിരക്ക് ഈടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമായിട്ടുണ്ടെങ്കില്‍ ഒരുപക്ഷെ അതിന്റെ കാരണം എന്തെങ്കിലും തെറ്റ് സംഭവിച്ചതാകാം. തികച്ചും യാദൃശ്ചികമായും അങ്ങനെ സംഭവിക്കാം.

സൗജന്യ ക്രെഡിറ്റ് റിപ്പോര്‍ട്ട് വാങ്ങുക

നിയമപ്രകാരം ക്രെഡിറ്റ് ബ്യൂറോകളില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാ വര്‍ഷവും ഒരു സൗജന്യ ക്രെഡിറ്റ് റിപ്പോര്‍ട്ട് നേടാനുള്ള അര്‍ഹതയുണ്ട്. അല്ലെങ്കില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയില്‍ നിന്ന് ഇടയ്ക്ക് നിങ്ങളുടെ സ്‌കോര്‍ എത്രയാണെന്ന് അറിയാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാം. വര്‍ഷത്തില്‍ എത്ര തവണയാണ് വേണ്ടതെന്നത് അനുസരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഏജന്‍സി സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കാറുണ്ട്. ബാങ്കുകള്‍ വഴിയും ക്രെഡിറ്റ് സ്‌കോര്‍ അറിയാനാകും.

ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ തെറ്റുകള്‍ പരിഹരിക്കുക

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ഏതെങ്കിലും തരത്തിലുള്ള പിശകുകള്‍ ഉണ്ടെങ്കില്‍ അത് പെട്ടെന്ന് തന്നെ കണ്ടെത്തി പരിഹരിക്കണം. റിപ്പോര്‍ട്ടുകളില്‍ വന്നേക്കാവുന്ന പിശകുകള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിന് ഇടയാക്കും, ഇത് നിങ്ങള്‍ക്ക് എന്തെങ്കിലും വായ്പ ആവശ്യമുള്ള സമയത്ത് പ്രശ്നമായി മാറുകയും ചെയ്യും.

സന്ദേശങ്ങള്‍ ലഭിക്കാന്‍ ഓട്ടോമാറ്റിക് അലേര്‍ട്ട്

നിങ്ങളുടെ ബില്ലുകളേയും ഇടപാടുകളേയും സംബന്ധിച്ച സന്ദേശങ്ങള്‍ നിങ്ങളുടെ ഫോണിലും ഇമെയിലിലും ലഭിക്കുന്നതുപോലെ സെറ്റ് ചെയ്യുക. എന്തെങ്കിലും തെറ്റായ ഇടപാടുകള്‍ നടന്നാല്‍ അത് പെട്ടെന്ന് തന്നെ കണ്ടെത്തി പരിഹരിക്കാം.

ലോണ്‍ അടയ്ക്കാന്‍ മോറട്ടോറിയം

കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോണുകള്‍ക്ക് റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചുവല്ലോ. മോറട്ടോറിയം സ്വീകരിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാല്‍ ബാങ്കിലെത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മോറട്ടോറിയം സ്വീകരിച്ചതായി രേഖകള്‍ സമര്‍പ്പിക്കണം. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്കും മോറട്ടോറിയം ലഭിക്കും. മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഇല്ലാത്തവര്‍ ലോണ്‍ തിരിച്ചടവ് മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാങ്കിലേക്ക് പോകുവാനുള്ള ബുദ്ധിമുട്ടുള്ളവര്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിച്ച് ശീലിക്കുക. ഓട്ടോമാറ്റിക് ഡെബിറ്റ് സൗകര്യവും നേടാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it