നിരവധി ബാങ്ക് എക്കൗണ്ടുകളുണ്ടോ? നിങ്ങളുടെ കീശ ചോരും

വിവിധ ബാങ്കുകളുടെ പത്തോ അതിന് മുകളിലോ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുമായി നടക്കുന്നവരുണ്ട്. എന്നാല്‍ ഇതൊരു നല്ല സാമ്പത്തികശീലമല്ല. നിരവധി ബാങ്ക് എക്കൗണ്ടുകള്‍ പലവഴിയില്‍ നിങ്ങളുടെ കീശ ചോര്‍ത്തും.

ഭവനവായ്പ എടുത്ത ബാങ്കിലെ എക്കൗണ്ട്, വാഹനവായ്പക്കായുള്ള എക്കൗണ്ട്, സ്വര്‍ണ്ണപ്പണയമുണ്ടെങ്കില്‍ ആ ബാങ്കില്‍ എക്കൗണ്ട്, നിലവിലുള്ള സ്ഥാപനത്തിലെ സാലറി എക്കൗണ്ട്, പഴയ സ്ഥാനത്തിലായിരുന്നപ്പോഴത്തെ എക്കൗണ്ട്, സേവിംഗ്‌സ് നിക്ഷേപത്തിന് നല്ല പലിശ നല്‍കുന്ന ബാങ്കിലെ എക്കൗണ്ട്... ഇങ്ങനെയാണ് പലപ്പോഴും ബാങ്ക് എക്കൗണ്ടുകളുടെ എണ്ണം കൂടുന്നത്. ആറ് എക്കൗണ്ടുകളുള്ള ഒരു വ്യക്തിയുടെ 25000-30,000 രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാനായി മാത്രം വേണ്ടത്.

കൂടുതല്‍ ബാങ്കില്‍ എക്കൗണ്ടുകളുണ്ടെങ്കില്‍ അതിലെല്ലാം മിനിമം ബാലന്‍സ് തുക കരുതണം. പല പുതുതലമുറ ബാങ്കുകളുടെയും മിനിമം ബാലന്‍സ് വളരെ ഉയര്‍ന്നതാണ്. 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് പല ബാങ്കുകളുടെ മിനിമം ബാലന്‍സ് പരിധി.നിരവധി എക്കൗണ്ടുകളുണ്ടെങ്കില്‍ എല്ലാറ്റിന്റെയും മിനിമം ബാലന്‍സ് കൃത്യമായി നോക്കണമെന്നില്ല. അങ്ങനെയില്ലാതെ വന്നാല്‍ വലിയ തുകയാണ് ബാങ്കുകള്‍ പിഴയായി ഈടാക്കുന്നത്. കൂടാതെ വിവിധ സേവനങ്ങള്‍ക്ക് ബാങ്കുകള്‍ ഫീസുകള്‍ ഈടാക്കുന്നു.

രണ്ട് വര്‍ഷത്തിന് മുകളില്‍ ഒരു എക്കൗണ്ടില്‍ പണമിടപാടുകളൊന്നും നടന്നില്ലെങ്കില്‍ അത് നിഷ്‌ക്രിയ എക്കൗണ്ടായി മാറും. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു പണമിടപാടും ആ എക്കൗണ്ടില്‍ ചെയ്യാനാകില്ല. അത് വീണ്ടും ആക്റ്റീവ് ആക്കാന്‍ അപേക്ഷ നല്‍കേണ്ടിവരും.

എന്താണ് ചെയ്യേണ്ടത്?

  • മൂന്ന് എക്കൗണ്ടുകളാണ് സാധാരണയായി ഒരാള്‍ക്ക് ആവശ്യം. അതില്‍ ഒരു സ്ഥിരമായ ബാങ്ക് എക്കൗണ്ട് നിങ്ങള്‍ക്കുണ്ടായിരിക്കണം. നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് പോലുള്ള നിക്ഷേപങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയെല്ലാം ലിങ്ക് ചെയ്യേണ്ടത് ഈ പെര്‍മനനന്റ് എക്കൗണ്ടിലാണ്.

  • അടുത്തത് സാലറി എക്കൗണ്ടാണ്.

  • മൂന്നാമത്തേത് അത്യാവശ്യങ്ങള്‍ക്കുള്ള പണം സൂക്ഷിക്കാനുള്ള എക്കൗണ്ട്. ഇത് ജീവിതപങ്കാളിയുടേയോ മാതാപിതാക്കളുടെയോ ജോയ്ന്റ് എക്കൗണ്ടായും തുടങ്ങാം. നിങ്ങള്‍ അടുത്തില്ലെങ്കില്‍ അത്യാവശ്യങ്ങള്‍ക്ക് അവര്‍ക്ക് പ്രയോജനപ്പെടുത്താമല്ലോ.

  • ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ എക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുക. അതുവഴി ബാങ്ക് എക്കൗണ്ടുകളുടെ മേല്‍നോട്ടവും ടാക്‌സ് ഫയലിംഗുമെല്ലാം എളുപ്പമാകും. എങ്ങനെയാണ് ആവശ്യമില്ലാത്ത ബാങ്ക് എക്കൗണ്ട് തിരിച്ചറിയുക? കഴിഞ്ഞ നാല് മാസമായി യാതൊരു ഇടപാടുകളും നടന്നിട്ടില്ലാത്ത എക്കൗണ്ട് ആവശ്യമില്ലാത്തതായി കരുതാം.

  • പുതിയ ജോലിയിലേക്ക് മാറുമ്പോള്‍ പഴയ ജോലിയിലെ സാലറി എക്കൗണ്ട് ക്ലോസ് ചെയ്യുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it