ഇന്നത്തെ 10 ബിസിനസ് വാർത്തകൾ: ഈവനിംഗ് ന്യൂസ് റൗണ്ട് അപ്പ്-നവം.30

സൗജന്യ ബാങ്കിങ് സേവനങ്ങൾക്ക് നികുതി നൽകേണ്ടിവരുമോ? ഈവനിംഗ് ന്യൂസ് റൗണ്ട് അപ്പ്

1) ഓഹരി സൂചികകള്‍ നേട്ടത്തില്‍, രൂപയ്ക്ക് നേട്ടം

വ്യാപാര ആഴ്ചയുടെ അവസാന ദിനമായ ഇന്ന് ഓഹരി സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 23.89 പോയന്റ് നേട്ടത്തില്‍ 36194.30 ലിലും നിഫ്റ്റി 22.10 പോയന്റ് ഉയര്‍ന്ന് 10880.80 ലുമാണ് ക്ലോസ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 69.80 ആയി ഉയർന്നു. 69.84 എന്ന നിലയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതും കൂടുതൽ വിദേശ നിക്ഷേപം എത്തിയതും രൂപയ്ക്ക് തുണയായി.

2) സൗജന്യ ബാങ്കിങ് സേവനങ്ങൾക്ക് നികുതി നൽകേണ്ടിവരുമോ?

ബാങ്കുകൾ നൽകുന്ന സൗജന്യ സേവനങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചു. ഇതോടെ അധിക നികുതി ഭാരം ബാങ്കുകൾ ഉപഭോക്താവിൽ നിന്ന് ഈടാക്കാനാണ് സാധ്യത. ചെക്ക് ബുക്ക്, രണ്ടാമത്തെ ക്രെഡിറ്റ് കാര്‍ഡ്, എടിഎം തുടങ്ങിയ സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാനാണ് ആലോചിക്കുന്നത്.

3) ആറാഴ്ചക്കുള്ളിൽ പെട്രോൾ വില കുറഞ്ഞത് 10 രൂപ

അന്താരാഷ്ട്ര എണ്ണ വില കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ പെട്രോളിന് ആറാഴ്ചകൊണ്ട് കുറഞ്ഞത് 10 രൂപ. ഡീസലിന് 8 രൂപയാണ് കുറഞ്ഞത്. ഇന്ന് പെട്രോളിന് 37 പൈസയും ഡീസലിന് 41 പൈസയുമാണ് കുറവുണ്ടായത്.

4) നികുതി റിട്ടേൺ തീയതി നീട്ടി

ജിഎസ്ടി നിയമ പ്രകാരം ഒക്ടോബർ-ഡിസംബർ കാലയളവിലേക്കുള്ള ടിഡിഎസ് റിട്ടേൺ (TDS return) സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31, 2019 ലേക്ക് നീട്ടി. ജിഎസ്ടിക്ക് കീഴിലുള്ള ടിഡിഎസ് വ്യവസ്ഥകൾ ഒക്ടോബർ ഒന്നു മുതലാണ് നിലവിൽ വന്നത്.

5) യുഎസ് കോൺസുലേറ്റുകളിൽ പാസ്പോർട്ട് സേവാ പ്രോജക്റ്റ്

യുഎസ് കോൺസുലേറ്റുകളിൽ പാസ്പോർട്ട് സേവാ പ്രോജക്റ്റുകളുമായി സർക്കാർ. പാസ്സ്‌പോർട്ട് അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കാനാണ് നടപടി. പാസ്പോർട്ട് ലഭിക്കാനുള്ള കാലതാമസവും കുറക്കാം.

6) ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ ബിൽ

ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ശീതകാല സമ്മേളനത്തിന് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അത്തരം പ്രവാസികളുടെ പാസ്പോർട്ട് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ടാകും.

7) എയർ ഇന്ത്യയുടെ കടം എസ്.പി.വിക്ക്

എയർ ഇന്ത്യയുടെ കടം എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് കൈമാറും. 29,000 കോടി രൂപയോളമാണ് കടം. ഇത്തരത്തിൽ എയർലൈന് നൽകേണ്ടി വരുന്ന പലിശ ബാധ്യത കുറയ്ക്കാനാകും എന്നാണ് കരുതുന്നത്.

8) നോക്കിയ 7.1 ഇന്ത്യയിൽ

നോക്കിയ 7.1 ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രാരംഭ വില 19,999 രൂപയാണ്. ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഫോൺ ലഭ്യമാകും.

9) രജനികാന്ത് ചിത്രം ‘2.0’ ന്റെ ആദ്യ ദിന കളക്ഷൻ 70 കോടി രൂപ

രജനികാന്ത് ചിത്രം ‘2.0’ ആദ്യദിവസം 70 കോടി രൂപ കളക്ഷൻ നേടി. 10,000 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനം നടത്തുന്നുണ്ട്.

10) സോഫ്റ്റ് ബാങ്ക് ഐപിഒ:  ഓഹരിവില 13.23 ഡോളർ നിശ്ചയിച്ചു

സോഫ്റ്റ് ബാങ്ക് കോർപ്പിന്റെ  ഐപിഒയിൽപ്രാഥമിക ഓഹരി വിൽപനയിൽ  ഓഹരിവില (ഇൻഡിക്കേറ്റിവ് പ്രൈസ്) 13.23 ഡോളർ ആയിരിക്കും.  വിവിധ നിക്ഷേപകരിൽ നിന്ന് അഭിപ്രായം സ്വീകരിച്ചതിന് ശേഷമാണ് ഇൻഡിക്കേറ്റിവ് പ്രൈസ് തീരുമാനിക്കുക. ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും സോഫ്റ്റ് ബാങ്കിന്റേത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here