യുണിമണി ഇന്ത്യ പ്രവര്‍ത്തനം തുടരുന്നതായി ഫിനാബ്ലര്‍

പ്രമുഖ ധനവിനിമയ സ്ഥാപനമായ യുണിമണി ഇന്ത്യയുടെ (മുന്‍ യുഎഇ എക്‌സ്‌ചേഞ്ച്) ഓഫീസുകള്‍ അടച്ചിട്ടില്ലെന്നും ഇതിനകം എടുത്ത ഇടപാടുകളിന്മേലുള്ള സേവനം തുടരുന്നുണ്ടെന്നും ഫിനാബ്ലര്‍. അതേസമയം, യുണിമണിയുടെയും ട്രാവെലെക്‌സിന്റെയും ഹോള്‍ഡിംഗ് കമ്പനിയായ ഫിനാബ്ലര്‍ തകര്‍ച്ചയുടെ വക്കിലായതോടെ പുതിയ ഉപഭോക്തൃ ഇടപാടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാഹുല്‍ പൈ പറഞ്ഞു.

നിലവിലെ ഇടപാടുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുകയാണെന്നും ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫിനാബ്ലര്‍ വ്യക്തമാക്കിയിരുന്നു.ഇന്ത്യയിലുടനീളമായി ഫിനാബ്ലര്‍ ഗ്രൂപ്പിനു കീഴില്‍ 350 ഓളം ശാഖകളിലെ ഏകദേശം 3,500 ജീവനക്കാര്‍ ആശങ്കയിലാണ്. കര്‍ണാടക സ്വദേശിയായ ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് വര്‍ഷങ്ങളായി യുഎഇയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവന്ന യുഎഇ എക്‌സ്‌ചേഞ്ച്. ലണ്ടന്‍ സ്റ്റോക് എക്‌ചേഞ്ച് ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ കീഴിലാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരും സ്വദേശികളും ഇതര രാജ്യക്കാരും ഇവിടെ ജോലി ചെയ്യുന്നു.

ഇന്ത്യ കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പണമയക്കാന്‍ പ്രവാസികളുടെ ആശ്രയമായിരുന്നു യുഎഇ എക്‌സ്‌ചേഞ്ച്. അടുത്തിടെ ഷെട്ടിയുടെ കീഴിലുള്ള എന്‍എംസി ഹെല്‍ത്ത് ഗ്രൂപ്പ് പ്രശ്‌നങ്ങളില്‍പ്പെട്ടിരുന്നു. കോവിഡ് -19 പ്രതിസന്ധി കൂടിയായതോടെ പാപ്പരത്ത സാധ്യതയിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ (എല്‍എസ്ഇ) ഫിനാബ്ലര്‍ അറിയിച്ചിരുന്നു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it