ബാങ്ക് എക്കൗണ്ട് ഡീറ്റെയ്ല്‍ ചോര്‍ന്നാല്‍ നിങ്ങളെന്തു ചെയ്യും?

മൊട്ടു സൂചി പോലും ഓണ്‍ലൈനായി വാങ്ങുന്ന കാലമാണ്. നമ്മുടെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, എക്കൗണ്ട് വിവരങ്ങളെല്ലാം ഓണ്‍ലൈനിലൂടെ പണം നല്‍കാന്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അത് ചോര്‍ത്തുന്ന വാര്‍ത്തകളും എങ്ങും കേള്‍ക്കുന്നു. വ്യക്തികളുടെ മാത്രല്ല, സ്ഥാപനങ്ങളുടെ വിവരങ്ങളും ചോര്‍ത്തപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെ 6000 സ്ഥാപനങ്ങളുടെ ഡാറ്റ മോഷ്ടിച്ചതു സംബന്ധിച്ച വാര്‍ത്ത വന്നത്.
നിങ്ങളുടെ സാമ്പത്തികപരമായ ഡാറ്റ മോഷ്ടിക്കപ്പെട്ടുവെന്ന് ഉറപ്പായാല്‍ നിങ്ങളെന്തു ചെയ്യും? നിങ്ങള്‍ ചെയ്യേണ്ടത് ഇവയാണ്.
1. പോലീസില്‍ പരാതി നല്‍കുക
ഡാറ്റ മോഷ്ടിക്കപ്പെട്ടുവെന്ന് തോന്നിയാല്‍ ഉടനെ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ സൈബര്‍ സെക്യൂരിറ്റി സെല്ലിലോ പോയി രേഖാമൂലം പരാതി നല്‍കുക. ഇവിടെ നിന്ന് ലഭിക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് ഭാവിയില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തുണയാകും.
2. ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയെ ബന്ധപ്പെടുക
ക്രിസില്‍ തുടങ്ങിയ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സികളെ ബന്ധപ്പെട്ട് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഫ്രോഡ് അലര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടാം. നിങ്ങളില്‍ നിന്ന് മോഷ്ടിച്ച വിവരങ്ങള്‍ വെച്ച് നിങ്ങളുടെ പേരില്‍ കള്ള എക്കൗണ്ട് ഉണ്ടാക്കാനുള്ള മോഷ്ടാക്കളുടെ നീക്കം ഇതിലൂടെ ചെറുക്കാം.
3. ക്രെഡിറ്റ് റിപ്പോര്‍ട്ട് മരവിപ്പിക്കാം
ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയെ ബന്ധപ്പെട്ട് ക്രെഡിറ്റ് റിപ്പോര്‍ട്ട് മരവിപ്പിച്ചാല്‍ മോഷ്ടാക്കള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകും. നിങ്ങള്‍ ഫ്രോഡ് അലര്‍ട്ട് നല്‍കുന്നതോടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സികള്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് റിപ്പോര്‍ട്ട് സൗജന്യമായി നല്‍കും. അത് നിരീക്ഷിച്ച് എന്തെങ്കിലും സംശയാസ്പദമായി നടക്കുന്നുണ്ടോ എന്ന് കണ്ടെത്താനാകും. അതോടൊപ്പം നിങ്ങള്‍ക്ക് എക്കൗണ്ടുള്ള ധനകാര്യ സ്ഥാപനവുമായും ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ സ്ഥാപനവുമായും ബന്ധപ്പെടണം.
4. ബാങ്ക് എക്കൗണ്ടും നെറ്റ് ബാങ്കിംഗും അവസാനിപ്പിക്കുക
ബാങ്കില്‍ വിളിച്ച് എക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെടണം. നിങ്ങളുടെ പാസ് വേര്‍ഡ് മാറ്റുന്നതു വരെ നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ തടയാനും ആവശ്യപ്പെടാം. അതിനു ശേഷം നിങ്ങള്‍ക്ക് പുതിയ എക്കൗണ്ട് ആരംഭിക്കാം.
5. എല്ലാ പാസ് വേര്‍ഡുകളും മാറ്റുക
നിങ്ങളുടെ സാമ്പത്തികമായി ബന്ധപ്പെട്ട എല്ലാ പാസ് വേര്‍ഡുകളും മാറ്റുക. അതോടൊപ്പം നിങ്ങളുടെ എക്കൗണ്ടില്‍ നിന്ന് നിങ്ങളറിയാതെ പണം പോകുന്നില്ലെന്നും ഇടയ്ക്കിടെ നോക്കി ഉറപ്പു വരുത്തുക. നിങ്ങളില്‍ നിന്ന് മോഷ്ടിച്ച വിവരങ്ങള്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ എവിടെ നിന്നെങ്കിലും വായ്പ എടുത്തിട്ടുണ്ടോ എന്നറിയാന്‍ പതിവായി ക്രെഡിറ്റ് റിപ്പോര്‍ട്ടും ഫിനാന്‍ഷ്യല്‍ എക്കൗണ്ടുകളും പരിശോധിക്കുക. മന്ത്‌ലി സ്‌റ്റേറ്റ്‌മെന്റ്‌സ്, ബാങ്കിന്റെ മൊബീല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയിലൂടെ നമ്മുടെ എക്കൗണ്ട് ഡീറ്റെയ്ല്‍സ് പരിശോധിക്കാം.
5. ക്രെഡിറ്റ് മോണിറ്ററിംഗ് ചെയ്യാം
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും നോട്ടിഫിക്കേഷന്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ പലതുണ്ട്. തീര്‍ത്തും സൗജന്യവുമാണ് ഈ സേവനം. ഇതിലൂടെ അസാധാരണമായ പ്രവൃത്തി ഉണ്ടായാല്‍ നമുക്ക് അറിയാനാകും.
ഏറ്റവും പ്രധാനം ഡാറ്റ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതു തന്നെയാണ്. സാമ്പത്തികപരമായ വിവരങ്ങള്‍ സുരക്ഷിതമായി വെക്കുകയും മറ്റാരുമായും ഷെയര്‍ ചെയ്യാതിരിക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline