2000 രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ നിര്‍ത്തി; കാരണമിതാണ്

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. എന്താണ് ഇതിന്റെ യഥാര്‍ത്ഥ കാരണമെന്ന് ഇപ്പോളും പലര്‍ക്കും അറിയില്ല. രണ്ടായിരം നോട്ടുകള്‍ക്ക് ഇപ്പോള്‍ വിലയില്ലേ, വിലയില്ലാതാകുമോ എന്ന ചോദ്യവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എന്താകാം 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ കാരണം? പറയാം, 2000 രൂപ നോട്ടിന്റെ പ്രചാരം ഓരോവര്‍ഷവും കുറഞ്ഞുവരികയാണ്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞു.

2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍. മൂല്യം കണക്കാക്കുമ്പോള്‍ ഇത് 22.6ശതമാനം വരും. 500ന്റെയും 200ന്റെയും നോട്ടുകളുടെ ഉപയോഗം വന്‍തോതില്‍ വിപണിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതും 2000 നോട്ടിന്റെ പ്രചാരത്തിന് കോട്ടം വരുത്തി.

കോവിഡ് ലോക്ഡൗണും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചിടലുമാകാം അതിന്റെ കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2000 നോട്ടുകള്‍ ഇപ്പോള്‍ കയ്യിലുള്ളവര്‍ ഭയപ്പെടണോ എന്നതാണ് അടുത്ത ചോദ്യം. നോട്ടുകള്‍ പണമായി കയ്യില്‍ സൂക്ഷിക്കാതെ ബാങ്കില്‍ നിക്ഷേപിക്കുകയാണ് എപ്പോഴും സുരക്ഷിതം. രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി മാത്രമാണ് ആര്‍ബിഐ നിര്‍ത്തി വച്ചിട്ടുള്ളത്. പണ ക്രയവിക്രയത്തില്‍ ഇത് ഇപ്പോളും അസാധുവായിട്ടില്ല.

രണ്ടായിരം നോട്ട് തിരിച്ചുവിളിക്കുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. അത്തരം അറിയിപ്പുകളും ആര്‍ബിഐ പുറപ്പെടുവിച്ചിട്ടില്ല. മറ്റ് പ്രചരണങ്ങള്‍ സത്യസന്ധമല്ല എന്നതാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഈ സാഹചര്യത്തില്‍ 2000 നോട്ട് കയ്യിലുള്ള പൊതുജനങ്ങള്‍ ആശയക്കുഴപ്പത്തിലാകേണ്ട കാര്യവുമില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it