യെസ് ബാങ്ക് ചെയര്മാന് രാജിവെച്ചു, ഓഹരിവില താഴേക്ക്

യെസ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായ അശോക് ചൗള രാജിവെച്ചു. എയര്‍സെല്‍-മാക്സിസ് കേസില്‍ സിബിഐ കുറ്റപത്രത്തില്‍ ചൗളയുടെയും പേര് ഉള്‍പ്പെട്ടതാണ് രാജിവെക്കലിലേക്ക് സ്ഥിതി എത്തിച്ചത്. രാജിയ്ക്ക് പിന്നാലെ ഇന്ന് പതിനൊന്നുമണിയോടുകൂടി യെസ് ബാങ്കിന്റെ ഓഹരിവില എട്ട് ശതമാനത്തോളം ഇടിഞ്ഞു.
യെസ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടിവ് പാര്‍ട് ടൈം ചെയര്‍മാനായിരുന്നു ചൗള. ഓഹരിയുടമകളും സെബിയും അശോക് ചൗളയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടതിനെ നിരന്തരം ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് ബാങ്കിന്റെ നാമനിര്ദ്ദേശകമ്മിറ്റിയും വേതനകമ്മിറ്റിയും ചൗള ചെയര്മാന് സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് നിയമോപദേശം സ്വീകരിക്കാന്‍ തീരുമാനിച്ചെങ്കിലും റിസർവ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാനായിരുന്നു ബാങ്കിന്റെ തീരുമാനം. എന്നാല്‍ ആര്‍ബിഐയില്‍ നിന്ന് മറുപടി ലഭിച്ചില്ല. ഒടുവില്‍ അദ്ദേഹം തനിയെ സ്ഥാനമൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണം കൊണ്ടാണ് രാജിവെക്കുന്നതെന്നാണ് ചൗള അറിയിച്ചത്.
അശോക് ചൗളയുടെ സ്ഥാനമൊഴിയലിലൂടെ നിരവധി അനിശ്ചിതത്വങ്ങള്‍ക്ക് കൂടിയാണ് തുടക്കമാകുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് പുതിയ ചെയര്‍മാനെ തീരുമാനിക്കുമെന്ന് ബാങ്ക് അറിയിച്ചു.