ബാങ്കുകളിലെ ലോക്ഡൗണ്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന് ബെഫി

കോവിഡ് നിയന്ത്രണത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്ന് കേരളത്തിലെ ബാങ്കുകള്‍ പിന്നോക്കം പോകുന്നതായുള്ള പരാതിയുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. നിലവിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ് എല്‍ ബി സി ) കേരളത്തിലെ ബാങ്കുകളില്‍ നടപ്പിലാക്കാന്‍ ഉത്തരവായിട്ടുള്ളതെന്നും നിര്‍ദ്ദേശങ്ങളിലെ അവ്യക്തത ഓരോ ബാങ്കുകളും ഓരോ തരത്തില്‍ വ്യാഖ്യാനം ചെയ്യുന്നതിനു കാരണമായിട്ടുണ്ടെന്നും ബെഫി കേരള ഘടകം ചൂണ്ടിക്കാട്ടി.

രോഗവ്യാപനം ഒരളവുവരെ നിയന്ത്രിക്കാന്‍ സാധ്യമായ കേരളത്തിലെ 10 ജില്ലകളിലുള്‍പ്പടെ ലോക്ഡൗണ്‍ സംബന്ധിച്ച് ഏപ്രില്‍ 20 മുതല്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചു. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മുതലാക്കാനുള്ള ശ്രമമാണ് കേരളത്തിലെ ബാങ്കധികാരികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അത് തിരുത്തുന്നതിന് എസ് എല്‍ ബി സിയുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്നും ബെഫി കേരള ഘടകം ജനറല്‍ സെക്രട്ടറി എസ്.എസ് അനില്‍ ആവശ്യപ്പെട്ടു.

രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളില്‍ 33 ശതമാനം ജീവനക്കാരും റിസര്‍വ്വ് ബാങ്ക്, നബാര്‍ഡ് മുതലായ സ്ഥാപനങ്ങളില്‍ 5 ശതമാനം ജീവനക്കാരുമാണ് ജോലിക്ക് ഹാജരാകുന്നത്. ബാങ്കുകളിലും ജോലിക്ക് ഹാജരാകാനുള്ള ജീവനക്കാരുടെ എണ്ണത്തില്‍ നിലനിന്നിരുന്ന രീതി തുടര്‍ന്നു പോകണം.

ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ എസ് എല്‍ ബി സി കണ്‍വീനര്‍ സ്ഥാനം വഹിക്കുന്ന കനറാ ബാങ്കില്‍ ഉള്‍പ്പടെ ആദ്യം നല്‍കിയ നിര്‍ദ്ദേശപ്രകാരം 15 ശതമാനം ജീവനക്കാരെ മാത്രമേ വിന്യസിക്കേണ്ടതുള്ളു. പക്ഷേ ഇപ്പോള്‍ എല്ലാ ജീവനക്കാരോടും നിര്‍ബന്ധമായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ സംസ്ഥാന തലസ്ഥാനത്ത് എസ്ബിഐയുടെ ലോക്കല്‍ ഹെഡോഫീസില്‍ 500 നടുത്ത് ജീവനക്കാരാണ് ഹാജരായത്. മറ്റ് പല ബാങ്കുകളിലെയും അത്തരം കാര്യാലയങ്ങളിലെ ഹാജര്‍ നില നൂറിലേറെയായിരുന്നു. ബാങ്കുകള്‍ക്കുള്ളിലും പൊതു ഇടങ്ങളിലും ശാരീരിക അകലം പാലിക്കുക എന്ന നിലപാടിനെ ഇല്ലാതാക്കുന്നതാണിത്. ശാഖകള്‍ക്കുള്ളില്‍ ഒരു സമയം നാല് ഇടപാടുകാര്‍ മാത്രമെന്ന കര്‍ശന നിയന്ത്രണമാണ് നിലവിലുള്ളത്. അതിനാല്‍ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ 15 ശതമാനം ജീവനക്കാരും ശാഖകളില്‍ 50 ശതമാനം ജീവനക്കാരും ഒന്നിടവിട്ടോ മൂന്നു ദിവസത്തിലൊരിക്കലോ എന്ന നിലയില്‍ ക്രമീകരിക്കണം.

പൊതുഗതാഗത സംവിധാനമോ മറ്റ് കച്ചവട സ്ഥാപനങ്ങളോ തുറക്കാത്ത സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷം കാര്യമായ ഇടപാടുകള്‍ നടക്കുവാന്‍ സാധ്യത ഇല്ലാത്തതിനാല്‍, ബാങ്കുകളുടെ ഇടപാടുകള്‍ 10 മുതല്‍ 2 വരെ എന്ന് നിജപ്പെടുത്തണം. ഇടപാടുകാരുടെ വായ്പാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് പണികള്‍ക്കായി ചുവപ്പ്/ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ വൈകിട്ട് 4 വരെ അതിന് വേണ്ട ജീവനക്കാരുടെ സേവനം ഉപയോഗിക്കുന്നതാകും ഉചിതം.

സ്വന്തമായി വാഹനസൗകര്യമില്ലാത്തവര്‍, ആരോഗ്യപരമായ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍, മൂന്നു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള സ്ത്രീകള്‍, പബ്‌ളിക് വര്‍ക്‌സ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് ഹാജരാകുന്നതില്‍ നിന്ന് വിടുതല്‍ നല്‍കണം.

കേന്ദ്ര ധനമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും നിര്‍ദേശിച്ചിരിക്കുന്നത് പോലെ, ഇപ്പോഴത്തെ സാഹചര്യത്തില്‍, സാധാരണക്കാരന്റെ കൈകളിലേക്ക് ആവശ്യത്തിന് പണം എത്തിക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടത്. കൊറോണ വ്യാപന പശ്ചാത്തലത്തിലും ജീവനക്കാര്‍ പരിപൂര്‍ണമായ സഹകരണമാണ് അതിന് നല്‍കി വരുന്നത്. അതിനാല്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍, ജാഗ്രതയോടെ നടപ്പിലാക്കാന്‍ വേണ്ട കൃത്യതയോടെയുള്ള നിര്‍ദ്ദേശങ്ങളാണ് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി പ്രഖ്യാപിക്കേണ്ടത് - ബെഫി കേരള ഘടകം ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it