എയര്‍ടെല്‍, വോഡഫോണ്‍ നിരക്ക് ഡിസംബര്‍ ഒന്ന് മുതല്‍ ഉയരും ; രണ്ട് ഓഹരികള്‍ക്കും കുതിപ്പ്
കുമിഞ്ഞുകൂടുന്ന നഷ്ടം നേരിടുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി ഭാരതി എയര്‍ടെലും വോഡഫോണ്‍- ഐഡിയയും. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
നിരക്കുയര്‍ത്തല്‍ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ഇന്ന് ഭാരതി എയര്‍ടെല്‍ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 432.95 രൂപയിലെത്തി. ഭാരതി എയര്‍ടെല്‍ ഓഹരി വില കഴിഞ്ഞ മൂന്ന് ദിവസമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാലയളവില്‍ 17.84 ശതമാനമാണ് വില ഉയര്‍ന്നത്. വോഡഫോണ്‍ ഐഡിയ ഓഹരി വില 20.36 ശതമാനം കൂടി 5.39 രൂപയായി.
ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാട് നിലനിന്നുപോകാന്‍ ടെലികോം മേഖല വിജയകരമായി തുടരേണ്ടതുണ്ടെന്നും ഇതിന് ആപേക്ഷികമായി നിരക്കുകള്‍ ഉയര്‍ത്തുമെന്നും ഭാരതി എയര്‍ടെല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ടെലികോം മേഖലയിലെ ടെക്നോളജി സൈക്കിള്‍ നിരന്തരമായി പരിഷ്‌കാരത്തിന് ഇടയാകുന്നതിനാല്‍ തുടര്‍ച്ചയായി നിക്ഷേപം ഈ മേഖലയില്‍ അനിവാര്യമാണ്. വന്‍ തോതില്‍ മൂലധന നിക്ഷേപമാണ് ടെലികോം മേഖലയില്‍ വേണ്ടിവരുന്നതെന്നും ഇതു സംബന്ധിച്ച കുറിപ്പില്‍ പറയുന്നു.
എജിആര്‍ അടവുകളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ കമ്പനിക്ക് നഷ്ടം ഉണ്ടായതെന്നും ഭാരതി എയര്‍ടെല്‍ വിശദീകരിക്കുന്നുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ആവശ്യം ശരിവെച്ചുകൊണ്ട് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) ഇനത്തില്‍ 1.33 ലക്ഷം കോടി രൂപ കുടിശ്ശിക ഈടാക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ മാസം അനുവദിച്ചിരുന്നു.
വോഡഫോണ്‍ ഐഡിയയുടെ നഷ്ടം മൂന്ന് മാസത്തിനിടെ 50,921.9 കോടി രൂപയാണ്. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ് ഇത്. ഭാരതി എയര്‍ടെല്ലിന്റെ നഷ്ടം 23,045 കോടി രൂപയും. ജിയോ സൃഷ്ടിച്ച കടുത്ത മത്സരവും കമ്പനികളെ ബാധിച്ചിട്ടുണ്ട്. താരിഫ് ഉയര്‍ത്തുന്നതോടെ കമ്പനികള്‍ക്ക് സാമ്പത്തിക ആശ്വാസം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline