ഇന്ത്യയിലെ എ.സി വിപണിക്കും കൊറോണ വൈറസ് ആഘാതം

ചൈനയിലെ കൊറോണ വൈറസ് ബാധയുടെ ആഘാതം ഇന്ത്യയിലെ എയര്‍കണ്ടീഷണര്‍ വിപണിയിലേക്കും വ്യാപിക്കുമെന്ന് ആശങ്ക. ചൈനയില്‍ നിന്നുള്ള നിരവധി ഘടകങ്ങള്‍ ചേര്‍ത്താണ് ഇന്ത്യയിലെ മികച്ച എയര്‍ കണ്ടീഷണറുകള്‍ നിര്‍മ്മിക്കുന്നതെന്നതിനാലാണ് വേനല്‍ക്കാല വില്‍പ്പനയെ ബാധിക്കുന്ന സാഹചര്യം വിപണിയെ അഭിമുഖീകരിക്കുന്നതെന്ന് ബ്ലൂ സ്റ്റാര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രസിഡന്റ് സി പി മുകുന്ദന്‍ മേനോന്‍ പറഞ്ഞു.

ഏപ്രില്‍ ആദ്യ വാരം വരെ ആവശ്യമായ ഘടകങ്ങള്‍ ഇപ്പോഴുണ്ട്. എന്നാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ചൈനയില്‍ നിന്നുള്ള വിതരണം പുന ഃസ്ഥാപിച്ചില്ലെങ്കില്‍, അതിനുശേഷം ഉല്‍പാദന രംഗത്ത് വെല്ലുവിളി നേരിടേണ്ടി വരും.സാധാരണ ഗതിയില്‍ അടുത്ത മൂന്ന് മാസത്തിനുള്ളിലാണ് എസി വില്‍പ്പനയില്‍ വലിയൊരു പങ്കും രാജ്യത്ത് സംഭവിക്കുന്നതെന്ന് മേനോന്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ എയര്‍ കണ്ടീഷണര്‍ വില്‍പ്പന കുറയുന്നുണ്ട്. ആഗോളാടിസ്ഥാനത്തില്‍ 140 ദശലക്ഷം എയര്‍ കണ്ടീഷണറുകളാണ് പ്രതിവര്‍ഷം വില്‍ക്കുന്നത്. ഇതില്‍ 80 ദശലക്ഷം ചൈനയിലാണ്. ഇന്ത്യയില്‍ 5.5 ദശലക്ഷം മാത്രം. 2019 ല്‍ ഇന്ത്യയിലെ വില്‍പ്പന 15% വളര്‍ച്ച കൈവരിച്ചു. ബ്ലൂ സ്റ്റാര്‍ നേടിയ വളര്‍ച്ച 20 %.

കഴിഞ്ഞ എട്ട് വര്‍ഷമായി വിപണി നിരക്കിനേക്കാള്‍ വേഗത്തില്‍ ബ്ലൂ സ്റ്റാര്‍ വളരുന്നുണ്ട്. ഈ വര്‍ഷവും വ്യവസായത്തേക്കാള്‍ മികച്ച വളര്‍ച്ച കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനി നടത്തുന്ന വില്‍പ്പനയുടെ 60 % ഇപ്പോള്‍ ടയര്‍ 3, 4, 5 പട്ടണങ്ങളില്‍ നിന്നാണ്. നിലവില്‍ രാജ്യത്തെ എയര്‍ കണ്ടീഷണര്‍ വിപണി 5200 കോടി രൂപയുടേതാണ്. ഇതില്‍ 12.5 ശതമാനമാണ് ബ്ലൂ സ്റ്റാറിന്റെ വിഹിതം. 14% ഓഹരിയുള്ള കേരളത്തില്‍ ഈ വര്‍ഷം വില്‍പ്പനയില്‍ 10 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു. 3.5 ലക്ഷം യൂണിറ്റ് ആണ് സംസ്ഥാനത്തെ വില്‍പ്പനാ ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it