ഹോട്ടലുകൾ ബുക്കിംഗ് സ്വീകരിക്കുന്നില്ല, നിയമനടപടിയെടുക്കുമെന്ന് ഓയോ
ഓയോ വഴിയുള്ള ബുക്കിംഗ് സ്വീകരിക്കാതിരുന്നാൽ ഹോട്ടലുകൾക്കെതിരെ നിയമനടപടിയെടുക്കുമെന്ന് കമ്പനി. കരാർ ലംഘിച്ചതിന്റെ പേരിലായിരിക്കും നടപടി.
ഓയോയുടെ പ്ലാറ്റ് ഫോമിൽ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്തിരിക്കുന്ന ഹോട്ടലുകളിൽ നിന്ന് നിസഹകരണം സംബന്ധിച്ച യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു.
ഓയോ 40 ശതമാനം കമ്മീഷൻ വാങ്ങുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് ഓയോ ഹോട്ടൽസ് & ഹോംസ് സപ്ലൈ മേധാവി ആയുഷ് മാത്തൂർ പറഞ്ഞു.
അതേസമയം കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് സ്വീകരിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണെന്നാണ് കേരളമുൾപ്പെടെയുള്ള സാംസ്‌ഥാനങ്ങളിലെ ഹോട്ടല്‍ അസോസിയേഷനുകൾക്ക് പറയാനുള്ളത്.
ഒയോ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഹോട്ടല്‍ റൂം ബുക്കിംഗ് സൈറ്റുകള്‍ വളരെ കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് മുറി നല്‍കുന്നത്. കൂടാതെ ഇവര്‍ കൂടിയ കമ്മീഷന്‍ ഹോട്ടലുകളില്‍ നിന്ന് ഈടാക്കുന്നുമുണ്ടെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം ചെലവുകള്‍ എന്നിവ കണക്കാക്കുമ്പോള്‍ പലപ്പോഴും വന്‍നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് ഹോട്ടലുകളുടെ പക്ഷം.