ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം: കേരളത്തെ ബാധിക്കുന്നതെങ്ങനെ?

16,500 കോടി രൂപയുടെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് പുറമേ 5500 കോടി രൂപയുടെ നിക്ഷേപമുള്ള പ്രൊപ്പിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്റ്റ് (പിഡിപിപി) ഈ വര്‍ഷം പൂര്‍ത്തിയാകും

ബിപിസിഎല്ലിന്റെ നാല് യൂണിറ്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്റുകളിലൊന്നാണ് കൊച്ചി റിഫൈനറി. 1.55 കോടി ടണ്ണാണ് കൊച്ചി റിഫൈനറിയുടെ സംസ്‌കരണ ശേഷി. 16,500 കോടി രൂപയുടെ റിഫൈനറി വിപുലീകരണ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയെന്ന് മാത്രമല്ല കൊച്ചി റിഫൈനറിയുടെ സ്ഥാപിത ശേഷി മറികടന്ന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1.60 കോടി ടണ്‍ എണ്ണ സംസ്‌കരിക്കുകയും ചെയ്തു. പൊതുമേഖലയില്‍ രാജ്യത്തെ നമ്പര്‍ വണ്‍ റിഫൈനറി എന്ന ബഹുമതിയും കൊച്ചി റിഫൈനറി സ്വന്തമാക്കി.
ബിപിസിഎല്ലിന്റെ ഏറ്റവും വലിയ നിക്ഷേപം നടന്നത് കൊച്ചി റിഫൈനറിയിലാണ്.

16,500 കോടി രൂപയുടെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് പുറമേ 5500 കോടി രൂപയുടെ നിക്ഷേപമുള്ള പ്രൊപ്പിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്റ്റ് (പിഡിപിപി) ഈ വര്‍ഷം പൂര്‍ത്തിയാകും. 11,500 കോടി രൂപ നിക്ഷേപമുള്ള പോളിയോള്‍ നിര്‍മാണത്തിനായുള്ള രണ്ടാമത്തെ പെട്രോകെമിക്കല്‍ കോംപ്ലെക്‌സ് 2022ല്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ ഇന്റഗ്രേറ്റഡ് റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലെക്‌സായി കൊച്ചി റിഫൈനറി മാറും.

രാജ്യത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം തന്ത്രപ്രധാനമായ ഒന്നാണ് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍. ഇന്ത്യ പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

കൊച്ചിയില്‍ ഇത്രമാത്രം നിക്ഷേപം നടത്തി, തദ്ദേശീയമായി പെട്രോകെമിക്കല്‍ ഉല്‍പ്പന്നനിര്‍മാണ രംഗത്തേക്ക് കടന്നത് അനുബന്ധ മേഖലയിലെ വ്യവസായങ്ങള്‍ ഏറെ അനുഗ്രഹമായിരുന്നു. കൊച്ചി റിഫൈനറിയില്‍ നിന്നുള്ള പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിലെ പെയ്ന്റ്, ഇങ്ക് കമ്പനികള്‍ കേരളത്തിന് പുറത്തുപോലും നിക്ഷേപം നടത്തിക്കഴിഞ്ഞു. ലോകമെമ്പാടും റിഫൈനറികള്‍ ഒരു മദര്‍ പ്ലാന്റായാണ് നിലകൊള്ളുന്നത്. അതായത് ഇതുമായി ബന്ധപ്പെട്ട് അനവധി കമ്പനികള്‍ പ്രവര്‍ത്തിക്കും.

കേരളത്തിലും അത്തരമൊരു വ്യാവസായിക സംസ്‌കാരം കൊണ്ടുവരുന്നതിന്റെ ഭാഗമായി കൊച്ചി റിഫൈനറിയുടെ സമീപം, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അസംസ്‌കൃതവസ്തുവാക്കിയുള്ള സംരംഭങ്ങള്‍ക്കായി പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ നീക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. 17,000 കോടിയുടെ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് രൂപയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ തന്നെ കൊച്ചി റിഫൈനറി വാങ്ങുന്നത്.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ കാര്യത്തിലും കൊച്ചി റിഫൈനറി ഏറെ മുന്നിലാണ്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സി എസ് ആര്‍ ഇനത്തില്‍ 20 കോടി രൂപ കൊച്ചി റിഫൈനറി വിനിയോഗിച്ചു. 3600 കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി, അംഗന്‍വാടികളുടെ നവീകരണം, അടിസ്ഥാന സൗകര്യവികസനം എന്നിവയ്‌ക്കെല്ലാം പുറമേ ടെക്‌നിക്കല്‍ വിദ്യാഭ്യാസം നേടിയ സമൂഹത്തിലെ താഴെക്കിടയിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനത്തിനായി സവിശേ പദ്ധതിയും കൊച്ചി റിഫൈനറി നടപ്പാക്കിയിട്ടുണ്ട്.

ഇവയെല്ലാം തികച്ചും സാധാരണക്കാരുടെ ജീവിതത്തെയാണ് മാറ്റിമറിച്ചിരിക്കുന്നത്. ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ സമൂഹത്തിന് ലഭിക്കുന്ന ഈ കൈത്താങ്ങ് കൂടിയാണ് നഷ്ടമാവുക.

Read more: ബിപിസിഎല്‍ ആരുടെ കൈകളിലേക്ക്?

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here