ബിപിസിഎല്‍ ആരുടെ കൈകളിലേക്ക്?
സൗദി ആരാംകോ, റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റ്, കുവൈറ്റ് പെട്രോളിയം, എക്‌സോണ്‍ മൊബീല്‍, ഷെല്‍, ടോട്ടാല്‍, അബുദാബി നാഷണല്‍ ഓയ്ല്‍ കമ്പനി, നരേന്ദ്ര മോദിയുടെ ഹൂസ്റ്റണ്‍ ഷോയുടെ സാമ്പത്തിക സ്‌പോണ്‍സര്‍മാരായ അമേരിക്കന്‍ പ്രകൃതിവാതക ഖനന കമ്പനിയായ ടെലൂറിയന്‍ എന്നിവയുടെയെല്ലാം പേരുകള്‍ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്.
രാജ്യത്തെ എണ്ണ - പ്രകൃതി വാതക വിതരണ രംഗത്തെ മേല്‍ക്കോയ്മ നഷ്ടമാവാതിരിക്കാന്‍ ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍ തന്നെ ബിപിസിഎല്ലിന്റെ ഓഹരി വാങ്ങാനിടയുണ്ടെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇത്തരമൊരു നീക്കം നടന്നാല്‍ ഐഒസിയുടെ കരുതല്‍ ധനം വന്‍തോതില്‍ അതിനായി ചെലവഴിക്കപ്പെടേണ്ടി വരുമെന്നും ഐഒസി അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും നിരീക്ഷകര്‍ പറയുന്നു.
കുറഞ്ഞ കാലയളവുകൊണ്ട് വിദേശ കമ്പനികള്‍ ഇത്രയും വലിയ തുക ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള സാധ്യതയില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുഘട്ടമായി ഓഹരി വില്‍പ്പനയെന്ന ആശയം അതുകൊണ്ടാണ് ഉയര്‍ന്നുവരുന്നത്. നിയന്ത്രണാധികാരമില്ലാതെ വലിയ തുക നിക്ഷേപിക്കാന്‍ ഏത് സ്വകാര്യ കമ്പനി വരുമെന്ന ചോദ്യം ആ സാഹചര്യത്തിലും ഉയരുന്നുണ്ട്.
''ഒരു രാജ്യാന്തര കമ്പനിക്ക് വരാനുള്ളത്ര സമയം നിലവില്‍ ഇല്ല. അതുകൊണ്ട് ഇന്ത്യയിലെ തന്നെ വന്‍കിട കമ്പനികളായ റിലയന്‍സ്, ഐഒസി എന്നിവയാകും ബിപിസിഎല്‍ ഓഹരി വാങ്ങാന്‍ മുന്നോട്ടുവരിക,'' ഇക്വിറ്റി റിസര്‍ച്ച് സ്ഥാപനമായ നൊമുറ നിരീക്ഷിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline