ലീല ഹോട്ടല്‍ കനേഡിയന്‍ കമ്പനി ഏറ്റെടുക്കുന്നു
ലീല ഗ്രൂപ്പ് സംരംഭം വാങ്ങാന്‍ കനേഡിയന്‍ കമ്പനി ഒരുങ്ങുന്നു. മലയാളിയായ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടല്‍ ഗ്രൂപ്പുകളില്‍ ഒന്നായി മാറിയ ലീല ഹോട്ടല്‍സിന്റെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ നാലെണ്ണത്തോളമാണ് കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. 4500 കോടി രൂപയ്ക്കാണ് ബ്രൂക്ഫീല്‍ഡ് ലീല ഹോട്ടലുകള്‍ വാങ്ങുന്നത്.
ഇതോടെ ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്കുള്ള ബ്രൂക്ഫീല്‍ഡിന്റെ പ്രവേശനത്തിനാണ് തുടക്കം കുറിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇടപാട് പൂര്‍ത്തിയാക്കാനാണ് പദ്ധതി. ബാധ്യതകള്‍ കൂടിയത് ഗ്രൂപ്പിന് സാമ്പത്തികനഷ്ടം ഉണ്ടാക്കിയിരുന്നു. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം മൊത്തം 3799 കോടി രൂപയുടെ ബാധ്യതയാണ് ലീല ഹോട്ടല്‍സിനുള്ളത്. ഏറെ നാളുകളായി ബ്രൂക്ഫീല്‍ഡുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇപ്പോള്‍ ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നാണ് ലഭ്യമായ വിവരം.
ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഉദയ്പൂര്‍ എന്നിവിടങ്ങളിലായി 1400 ഹോട്ടല്‍ മുറികളാണ് ലീല ഹോട്ടല്‍സിനുള്ളത്. ഇതില്‍ നാല് ഹോട്ടലുകളാണ് ബ്രൂക്ഫീല്‍ഡ് ഏറ്റെടുക്കും. ഹോട്ടല്‍ നടത്തിപ്പിന് ബ്രൂക്ഫീല്‍ഡ് പുതിയ ടീമിനെ സജ്ജമാക്കുമെങ്കിലും പേര് മാറ്റാനിടയില്ലെന്നാണ് വാര്‍ത്ത. പക്ഷെ ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല.