ബി.എസ്.എന്‍.എല്‍ പുനരുജ്ജീവന പദ്ധതി ഒരു മാസത്തിനകം
ഒരു മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പ്രവീണ്‍ കുമാര്‍ പര്‍വാര്‍ അറിയിച്ചു. ദീപാവലിക്കു മുന്‍പ് ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 4 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ബിഎസ്എന്‍എല്ലിന് കഴിയണം. 4ജി വിതരണം ഈ വര്‍ഷം ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം -അദ്ദേഹം പറഞ്ഞു. 4 ജി സ്‌പെക്ട്രത്തിന്റെ അഭാവം വലിയ വെല്ലുവിളിയാണിപ്പോള്‍. 2016 ല്‍ ജിയോ സേവനങ്ങള്‍ ആരംഭിച്ച ശേഷം വിപണിയില്‍ മത്സരിക്കുക പ്രയാസമായി.
ഉപയോക്താക്കള്‍ വര്‍ധിക്കുന്നതിന്റെ കരുത്ത് ബിഎസ്എന്‍എല്ലിനുണ്ട്. 20,000 കോടിയിലേറെ രൂപ വരുമാനവും വലിയ സ്വാധീനവുമുള്ള സ്ഥാപനമാണിത്. ജീവനക്കാരുടെ എണ്ണം അടക്കം കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ കമ്പനി നേരിടുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവ മറികടക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
പ്രതിമാസം 1600 കോടി രൂപയോളം വരുമാന ഇനത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും നടത്തിപ്പു ചെലവുകള്‍ക്കായി മാറ്റേണ്ടി വരുന്നതാണു പ്രതിസന്ധിക്കു കാരണം. പ്രതിമാസം 750850 കോടി രൂപയാണു ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ മാത്രം വേണ്ടത്.2009- 10 മുതല്‍ തുടര്‍ച്ചയായി ബിഎസ്എന്‍എല്‍ നഷ്ടത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13,804 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.