10,000 കോടി രൂപയുടെ നഷ്ടവുമായി കാറ്ററിംഗ് മേഖല

ലോക്ക് ഡൗണിനെ തുടര്‍ന്ന് വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുകയും വിവാഹമടക്കമുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കുകയും ചെയ്തതോടെ കേരളത്തിലെ കാറ്ററിംഗ് മേഖലയുടെ നടുവൊടിയുന്നു. ചുരുങ്ങിയത് 10,000 കോടി രൂപയുടെ നഷ്ടം ഈ മേഖലയില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

രണ്ടായിരത്തിലേറെ രജിസ്റ്റേര്‍ഡ് കാറ്ററിംഗ് സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതിനു പുറമേ അസംഘടിത മേഖലയിലും നിരവധി പേര്‍ ഇതിലൂടെ അന്നം തേടുന്നു. മാറ്റിവെക്കപ്പെട്ട ചടങ്ങുകള്‍ പലതും പിന്നീട് നടത്താനുള്ള സാധ്യതയില്ലെന്നതിനാല്‍ തന്നെ നികത്തപ്പെടാത്ത നഷ്ടമായി അത് അവസാനിക്കുകയും ചെയ്യും. ഓഡിറ്റോറിയങ്ങള്‍ ബൂക്ക് ചെയ്ത പലരും അത് കാന്‍സല്‍ ചെയ്ത് വീട്ടില്‍ വെച്ച് തന്നെ അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തി വിവാഹമടക്കമുള്ള കാര്യങ്ങള്‍ നടത്തുന്നുണ്ട്. '40 ലക്ഷം രൂപയാണ് ഇതുവരെയായി വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചതിലൂടെ തിരിച്ചു നല്‍കേണ്ടി വന്നത്. ' , നിരവധി ഓഡിറ്റോറിയങ്ങളുടെയും പാലക്കാട്ടെ ടോപ് ഇന്‍ ടൗണ്‍ പ്രൊഫഷണല്‍ കാറ്ററേഴ്‌സിന്റെയും ഉടമ പി നടരാജന്‍ പറയുന്നു.

മാര്‍ച്ച് അവസാനം നടക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രോഗ്രാമുകള്‍ മാത്രം 90 എണ്ണമാണ് ഉപേക്ഷിച്ചത്. ഓരോ പരിപാടിയും ചുരുങ്ങിയത് 30,000 രൂപയുടേതാണ്. അദ്ദേഹം പറയുന്നു. അതേസമയം മുന്നൂറിലേറെ വരുന്ന തൊഴിലാളികളുടെ ശമ്പളം മുടങ്ങാതെ നല്‍കേണ്ടിയും വരുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാത്ത സ്ഥിതി വിശേഷമാണ്.

മറ്റേതൊരു പ്രശ്‌നത്തിലും ഉടന്‍ പരിഹാരമായേക്കാം എന്ന പ്രതീക്ഷയുണ്ടെങ്കിലും കൊവിഡിന്റെ കാര്യത്തില്‍ സര്‍ക്കാരിനു പോലും ഒന്നും പറയാനാവാത്ത സ്ഥിതിയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വിവാഹക്കാലമായ ചിങ്ങ മാസത്തിനു മുമ്പേ പ്രതിസന്ധി അവസാനിച്ചില്ലെങ്കില്‍ സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്കാകും ഈ മേഖലയിലെ പല സ്ഥാപനങ്ങളും.

അതോടൊപ്പം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആശ്വാസ നടപടികളുണ്ടായാല്‍ പിടിച്ചു നില്‍ക്കാനാകുമെന്ന പ്രത്യാശയാണ് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷനുള്ളത്. പലരും വലിയ തുക വായ്പയെടുത്താണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ആറുമാസത്തേക്ക് പലിശയില്ലാതെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് അസോസിയേഷന്റെ ഒരു ആവശ്യം. പല കിച്ചനുകളും കമ്മ്യൂണിറ്റി കിച്ചനുകളാക്കി മാറ്റിയിട്ടുണ്ട്.

കറണ്ടു ബില്ലും വാട്ടര്‍ ബില്ലും ഇക്കാലയളവില്‍ ഒഴിവാക്കണമെന്നും സംസ്ഥാന രക്ഷാധികാരി ബാദുഷ കടലുണ്ടി ആവശ്യപ്പെടുന്നു. മാത്രമല്ല, സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംരക്ഷിച്ചു നിര്‍ത്താന്‍ ഉടമകള്‍ കഷ്ടപ്പെടുകയാണ്. അതിന് സഹായകരമാകുന്ന നടപടികളും അസോസിയേഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് പ്രഖ്യാപിക്കുന്ന ആനൂകൂല്യങ്ങളില്‍ കാറ്ററിംഗ് മേഖലയെ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് മറ്റൊരാവശ്യം.

ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ചെറിയ രീതിയില്‍ വിവാഹവും സല്‍ക്കാരങ്ങളും നടത്താനുള്ള അനുമതിയും നല്‍കണം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിക്കുകയും വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ പ്രത്യേക പാസ് അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it