ടിക്ടോക്കിന്റെ ബൈറ്റ് ഡാന്‍സിന് നഷ്ടം 45297 കോടി; യുസി ബ്രൗസറിനും ഷെയറിറ്റിനും നഷ്ടമായത് ഇത്രമാത്രം, കാണാം

ആപ്പ് നിരോധനം വന്നതോടെ തലയ്ക്കടിയേറ്റത് ടിക് ടോക്, ഹലോ ആപ്പുകളുടെ പേരന്റ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്. ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ബൈറ്റ് ഡാന്‍സിന് ഏകദേശം 600 കോടി ഡോളറിലേറെയാണ് നഷ്ടം. അതായത്, 45297 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഔദ്യോഗിക ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബൈറ്റ്ഡാന്‍സ് കമ്പനി 7000 കോടിയിലധികം രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചിരുന്നുവെന്നും ഇപ്പോഴത്തെ നിരോധനം കാരണം ബൈറ്റ്ഡാന്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുകയും ചെയ്യുമെന്നുമാണ് അറിയുന്നത്. കൂടാതെ ഇന്ത്യയുടെ നിരവധി ഭാഗങ്ങളിലായി ആിരക്കണക്കിന് ജീവനക്കാരയെും ഉയര്‍ന്ന വരുമാനത്തില്‍ കമ്പനി നിയമിച്ചിരുന്നു. ഈ ഇന്‍വെസ്റ്റ്‌മെന്റുള്‍പ്പെടെയാണ് 45,297 കോടി രൂപയോളം നഷ്ടമുണ്ടാകുന്നതും.

ബൈറ്റ്ഡാന്‍സിന് കീഴിലുള്ള ഒരു ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. മൊബൈല്‍ ആപ്ലിക്കേഷന്‍ അനാലിസിസ് കമ്പനിയായ സെന്‍സര്‍ ടുവറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ടിക് ടോക്ക് 112 ദശലക്ഷം ഡൗണ്‍ലോഡാണുള്ളത്. ഇതില്‍ 20 ശതമാനം ഇന്ത്യയില്‍നിന്നാണ്. അതായത് അമേരിക്കയുടേതിനെക്കാള്‍ നേരെ ഇരട്ടിവരുമിത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനി പുറത്തിറക്കിയ ഏറ്റവുമധികം പ്രാദേശിക ഭാഷയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഹെലോ. നിരോധന പട്ടികയിലുള്ള വിഗോ വീഡിയോ എന്ന മറ്റൊരു ആപ്ലിക്കേഷനും ബൈറ്റ് ഡാന്‍സിന്റെ ഉടസ്ഥതയിലുള്ളതാണ്. 89 ദശലക്ഷത്തോളമാണ് ഹെലോയുടെ ഡൗണ്‍ലോഡ് കണക്കാക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായാണ് ഇന്ത്യയെ ബൈറ്റ്ഡാന്‍സ് കമ്പനി ഏറെക്കാലമായി കാണുന്നത്. 7000 കോടിയിലധികം രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുമെന്ന് 2019 ഏപ്രിലില്‍ കമ്പനി അറിയിച്ചിരുന്നു. ഇതിനോടകം തന്നെ പ്രൊമോഷണല്‍ പരിപാടികള്‍ക്കും ഉപഭോക്താക്കളെ കൂട്ടുന്നതിനുള്ള തന്ത്രപരമായ ഗെയിമുകളിലേക്കുമായി മാത്രം കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചതും കോടികളാണ്. അതേ വര്‍ഷം ജൂലൈയില്‍ കമ്പനി ഇന്ത്യയില്‍ ഒരു ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും അവതരിപ്പിച്ചിരുന്നു.

ഗൂഗിള്‍ ക്രോമിന് ശേഷം രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ടാമത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൌസറാണ് ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ ആപ്ലിക്കേഷനായ യുസി ബ്രൗസര്‍. രാജ്യത്ത് 100 ല്‍ താഴെ ജീവനക്കാരുള്ള യുസിവെബ് മൊബൈല്‍ 2018-19 ല്‍ രാജ്യത്ത് നിന്ന് 226.68 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. പ്രാഥമികമായും പരസ്യ വരുമാനമാണ് നേടിയിരിക്കുന്നത്. 2019 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ 3.59 ബില്യണ്‍ ഡോളറിന്റെ ഏകീകൃത വരുമാനം നേടിയ അലിബാബ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ മീഡിയ, വിനോദ വിഭാഗത്തിന്റെ ഭാഗമാണിത്.

ഷെയര്‍ ഇറ്റ് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഫയല്‍ ഷെയറിംഗ് ആപ്പ് ആണ്. ലോകമെമ്പാടും 1.8 ബില്ല്യണിലധികം ഉപയോക്താക്കളുണ്ട് ഷെയര്‍ ഇറ്റിന്. എന്നിരുന്നാലും, 2018-19 ല്‍ ഇന്ത്യയില്‍ നിന്ന് ഷെയര്‍ഇറ്റ് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 14.73 കോടി രൂപ മാത്രമാണ് സമ്പാദിച്ചത്. ടെലഗ്രാം, വാട്‌സാപ്പ് എന്നിവ സര്‍വ സാധാരണമാകുകയും ഫയല്‍ ഷെയറിംഗിന് ഡേറ്റ് ചാര്‍ജ് ബാധകമാകാതെയും വന്നപ്പോഴാണ് ഷെയറിറ്റിന്റെ ഡിമാന്‍ഡ് കുറഞ്ഞത്. ഇന്ത്യയില്‍ വന്‍ പ്രതീക്ഷകളോടെ ആശ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച ഷെയര്‍ഇറ്റ് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 99.99 ശതമാനം ഓഹരികളും ഹോങ്കോംഗ് ആസ്ഥാനമായുള്ള ഷെയര്‍ഇറ്റ് എച്ച്‌കെ ടെക്‌നോളജി ലിമിറ്റഡിന്റേതാണ് എന്നുള്ളതിനാലാണ് ഇതിനും പൂട്ടു വീണത്. എന്നിരുന്നാലും ടിക്ടോക് പോലെ വന്‍ നഷ്ടം മറ്റൊരു നിരോധിത ആഫ്പിനും ഇല്ലെന്നതാണ് സത്യം.

ചൈനീസ് ആപ്പുകള്‍ കോടതിയിലേക്ക്

ടിക്ക് ടോക്ക് അടക്കം 59 ആപുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈന. ചില ചൈനീസ് ആപുകളെ മാത്രം ലക്ഷ്യമിട്ടുള്ള നടപടി വിവേചന പരവും സുതാര്യ നടപടി ക്രമങ്ങളുടെ ഭാഗവുമല്ല. ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമെന്നും കാണിച്ച് കോടതിയിലേക്ക് ഹര്‍ജി ഫയല്‍ ചെയ്യാനാണ് ഇ്ത്യയില്‍ പലയിടത്തും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ആപ്പുകളുടെ തീരുമാനം. ഇത് അന്താരാഷ്ട്ര വ്യാപാരത്തിന്റേയും ഇ കോമേഴ്സിന്റേയും പൊതു പ്രവണതക്ക് വിരുദ്ധവുമാണെന്നും ചൈനീസ് എംബസി വക്താവ് ജി റോംഗ് പറഞ്ഞു. ഇന്ത്യയുടെ നടപടി ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും ഇന്ത്യയിലെ വിപണി മത്സരത്തിന് ഉതകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈന-ഇന്ത്യ സാമ്പത്തിക വാണിജ്യ സഹകരണത്തിന്റെ പരസ്പര പ്രയോജനകരമായ സ്വഭാവം ഇന്ത്യ അംഗീകരിക്കുമെന്നാണ് ചൈന കരുതുന്നത്. വിവേചനപരമായ രീതികളില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുകയാണെന്നും ചൈന പറഞ്ഞു. ആപുകള്‍ നിരോധിക്കുന്നത് ഇന്ത്യയില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കും. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈന അടക്കമുള്ള വിദേശ സര്‍ക്കാറുകള്‍ക്ക് കൈമാറിയിട്ടില്ലെന്ന് ടിക്ക് ടോക്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈന വ്യക്തമാക്കി.

തൊഴില്‍ നഷ്ടം

ബൈറ്റ് ഡാന്‍ഡ് ഇന്‍ഡ്യ ഓഫീസുകള്‍ ഗുരുഗ്രാം, ബെംഗലൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സ്ഥാപിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ആപ്പുകളിലെ സേവനം ലഭ്യമായതോടെ ഒട്ടേറേ പേര്‍ക്കാണ് ബൈറ്റ് ഡാന്‍സില്‍ ജോലി ലഭിച്ചത്. മലയാളികളടക്കം ഒട്ടേറേപേര്‍ ബൈറ്റ് ഡാന്‍സിന്റെ വിവിധ ഓഫീസുകളിലായി ജോലിചെയ്യുന്നു. നിലവില്‍ കേരളത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും പത്തോളം ജീവനക്കാരെ നേതൃ നിരയില്‍ മാത്രം ഹെലോ നിയമിച്ചിട്ടുണ്ട്. പാര്‍ട് ടൈം ജോലിക്കാര്‍ വേറെയും. എന്നാല്‍ ടിക് ടോക്കിനും ഹലോയ്ക്കും നിരോധനം നിലവില്‍വന്നതോടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവര്‍.

നിരോധനത്തെക്കുറിച്ച് കമ്പനി മേധാവികളില്‍നിന്ന് ജീവനക്കാര്‍ക്ക് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളോ മറ്റോ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, പരിഭ്രാന്തി വേണ്ടെന്നും ഇതുവരെ ചെയ്തിരുന്ന ജോലികള്‍ തുടര്‍ന്നുപോകാനുമാണ് മേധാവികള്‍ ജീവനക്കാര്‍ക്ക് അനൗദ്യോഗികമായി നല്‍കിയിരിക്കുന്ന നിര്‍ദേശം. വിനോദ, സിനിമ മേഖലകളിലടക്കം ബൈറ്റ് ഡാന്‍സ് വന്‍കിട കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇതുസംബന്ധിച്ച ഭാവിപ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it