വായ്പ തിരിച്ചടച്ചില്ല:അനില്‍ അംബാനിക്കു നിയമക്കുരുക്കിട്ട് 3 ചൈനീസ് ബാങ്കുകള്‍
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി 68 കോടി ഡോളര്‍ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ മൂന്ന് ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍ ആരംഭിച്ച നിയമ പോരാട്ടം ഗൗരവതരമെന്ന് നിയമജ്ഞര്‍. അനില്‍ അംബാനി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമോയെന്ന ചോദ്യമാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
സ്വീഡിഷ് കമ്പനിയായ എറിക്സണ്‍ സ്വീകരിച്ച നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെട്ട അനില്‍ അംബാനിയെ പുതിയ കേസില്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി രക്ഷിക്കുമോ എന്നും വ്യവസായ ലോകം ഉറ്റുനോക്കുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്(ആര്‍കോം) ചെയര്‍മാന്‍ എന്ന നിലയില്‍ അനില്‍ അംബാനി എറിക്സണ് പിഴയായി നല്‍കേണ്ടിയിരുന്ന 550 കോടി രൂപയില്‍ 458.77 കോടി രൂപ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയത്.
'വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്ന എന്റെ മൂത്ത ജേഷ്ഠന്‍ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ പത്‌നി നിതയ്ക്കും ആത്മാര്‍ഥമായി നന്ദി പറയുന്നു. ഈ സമയത്ത് സഹായിച്ചതിലൂടെ അവര്‍ കാത്തുസൂക്ഷിക്കുന്ന കുടുംബമൂല്യങ്ങളിലെ സത്യസന്ധതയാണ് വെളിവായിരിക്കുന്നത്. ഞാനും എന്റെ കുടുംബവും എന്നും അവരോട് കടപ്പെട്ടിരിക്കും.' -ഇപ്പോള്‍ പാപ്പരത്ത നിയമ നടപടികള്‍ക്ക് വിധേയനായി വരുന്ന അനില്‍ അംബാനി അന്ന് നന്ദി അറിയിച്ചതിങ്ങനെ.
എറിക്സണ് പിഴ നല്‍കാത്തതില്‍ അനില്‍ അംബാനി കുറ്റക്കാരനാണെന്ന് ഫെബ്രുവരിയില്‍ കോടതി കണ്ടെത്തിയിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ പലിശ സഹിതം പിഴ ഒടുക്കിയില്ലെങ്കില്‍ അനില്‍ അംബാനിയും ആര്‍കോം ഡയറക്ടര്‍മാരും മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതായിരുന്നു അവസ്ഥ.
റിലയന്‍സ് ഗ്രൂപ്പ് രണ്ടായി വിഭജിക്കപ്പെട്ടതിനു ശേഷം രണ്ടാം തവണയായിരുന്നു മാര്‍ച്ചില്‍ സഹോദരന്റെ പ്രതിസന്ധിഘട്ടത്തില്‍ മുകേഷ് അംബാനി രക്ഷകനായത്. 2018-ല്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ആര്‍കോമിന്റെ വയര്‍ലെസ് ആസ്തി 3,000 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ കടന്നുവരവോടെ ഉണ്ടായ വിലക്കുറവിനെ അതിജീവിക്കാന്‍ ആര്‍കോം കഷ്ടപ്പെടുന്നതിനിടെയായിരുന്നു ഇത്.
ഇപ്പോള്‍ ലണ്ടനില്‍ അനില്‍ നേരിടുന്ന കേസില്‍ കുറ്റം ഏല്‍ക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഇന്‍ഡസ്ട്രിയല്‍ & കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക്, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവയുടെ മുംബൈ ശാഖ 2012 ല്‍ 925.2 മില്യണ്‍ ഡോളര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് (ആര്‍കോം) വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
അനില്‍ അംബാനിയുടെ വ്യക്തിപരമായ താത്പര്യത്തിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് വായ്പ നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. അതേസമയം വ്യക്തിപരമായ ഉറപ്പിന്റെ കാര്യം അനില്‍ അംബാനി നിഷേധിക്കുകയാണ്.
അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 6000 കോടി രൂപയുടെ കടബാധ്യതയുണ്ടെങ്കിലും വലിയ അറ്റ ആസ്തിയുണ്ട്. കമ്പനി ചെലവ് ചുരുക്കി ആഭ്യന്തര വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പറയുന്നത്. അടിസ്ഥാന സൗകര്യ വികസനവും, ഗതാഗത പദ്ധതികളും കമ്പനി ഏറ്റെടുക്കും.പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്വകാര്യ കമ്പനികളില്‍ മുന്‍നിരയിലെത്താന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ കമ്പനികളുമായി അനില്‍ അംബാനിക്ക് വലിയ ബന്ധമുണ്ടാക്കാന്‍ ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
എന്നാല്‍ അദ്ദേഹത്തിന്റെ കീഴിലുള്ള റിലയന്‍സ് കാപ്പിറ്റല്‍ ഉടന്‍ അടച്ചുപൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019 ഡിസംബറിനകം രണ്ട് വായ്പാ സംരംഭങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് വിവരം. വായ്പ, ഇന്‍ഷുറന്‍സ്, മ്യൂചല്‍ ഫണ്ട്സ്, റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വായ്പാ കമ്പനികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്.
ഈ കമ്പനികളുടെയെല്ലാം മൊത്തം ആസ്തി 25,000 കോടി രൂപയോളം വരുമെന്നാണ് കണക്ക്്. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രണ്ട് വര്‍ഷം മുന്‍പ്് പ്രവര്‍ത്തനം അവസാനിപ്പിച്ചു.അനിലിന്റെ ആസ്തികള്‍ വലിയ തുക നല്‍കി ഏറ്റെടുക്കാന്‍ മുകേഷ് അംബാനി താല്‍പ്പര്യമെടുത്തിട്ടുള്ളതായി ഇതിനിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline