'മെയ്ക്ക് ഇന്‍ ഇന്ത്യ'യിലൂന്നിയ ഉല്‍പാദന, വിപണന തന്ത്രം മെനഞ്ഞ് ചൈനീസ് കമ്പനികള്‍

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം ഇന്ത്യയില്‍ ചൂടു പിടിച്ചതോടെ ആശങ്കയിലായ സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക്‌സ് കമ്പനികള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ആശയത്തെ മുന്‍ നിര്‍ത്തിയുള്ള പുതിയ ഉല്‍പാദന, വിപണന തന്ത്രങ്ങള്‍ കരുപ്പിടിപ്പിക്കുന്നു.'ഓണ'ത്തിനായി പുതിയ മാര്‍ക്കറ്റിംഗ് പ്ലാനുകള്‍ ചൈനീസ് കമ്പനിയായ ഹെയര്‍ ആവിഷ്‌കരിച്ചുകഴിഞ്ഞതായി കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോ, ഷവോമി, ഓപ്പോ, റിയല്‍മെ, വണ്‍പ്ലസ് എന്നിവയും നവീന മോഡലുകള്‍ പുറത്തിറക്കാനും പുതിയ മേഖലകളില്‍ പ്രവേശിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു.

ഇന്ത്യയില്‍ വേരോട്ടമുള്ള ഈ കമ്പനികളെല്ലാം തന്നെ പ്രാദേശിക ഉല്‍പാദന വിപുലീകരണം, പരസ്യ കാമ്പെയന്‍, പ്രൊഡക്റ്റ് പാക്കേജിംഗ് എന്നിവയിലെല്ലാം 'മെയ്ക്ക് ഇന്‍ ഇന്ത്യ' ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു.വിവോയുടെ പുതിയ മോഡലുകള്‍ക്കായുള്ള പരസ്യം പത്രങ്ങള്‍, ടെലിവിഷന്‍, പരസ്യബോര്‍ഡുകള്‍ എന്നിവയിലേക്ക് ഉടന്‍ മടങ്ങിവരുമെന്നുറപ്പായിട്ടുണ്ട്.

ഔഷധനിര്‍മാണം, സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക്- ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, വലിയ യന്ത്രങ്ങളും അവയുടെ ഘടകങ്ങളും തുടങ്ങി എല്ലാ മേഖലയിലും ഇന്ത്യന്‍ വിപണിയില്‍ ചൈനയുടെ സമ്പൂര്‍ണാധിപത്യം നിലനില്‍ക്കവേ ബഹിഷ്‌കരണാഹ്വാനം വലിയ ഫലങ്ങളുളവാക്കില്ലെന്ന പ്രതീക്ഷയിലാണ് ഈ കമ്പനികള്‍. ഇന്ത്യയിലെ ഓരോ വീട്ടിലും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ മുതല്‍ റെഫ്രിജറേറ്റര്‍, ടെലിവിഷന്‍ തുടങ്ങി എല്ലാ ഉപകരണങ്ങളിലുമുള്ള ചൈനീസ് സാന്നിധ്യം പെട്ടെന്നവസാനിക്കുമെന്നു കരുതാന്‍ അവര്‍ക്കാകുന്നില്ല.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഫോണ്‍ ബ്രാന്‍ഡുകളായ എം.ഐ., ഷവോമി, വിവോ, റിയല്‍മി, ഒപ്പോ തുടങ്ങിയവയെല്ലാം ചൈനീസ് കമ്പനികളില്‍ നിന്നുള്ളതാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 60 മുതല്‍ 70 ശതമാനംവരെ ഈ കമ്പനികള്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിലാണ് ഉത്പാദനമെങ്കിലും (അസംബ്ലിങ് മാത്രം) ഘടകങ്ങളെല്ലാം നിര്‍മിക്കുന്നത് ചൈനയില്‍ത്തന്നെ. ലനോവോ, ആപ്പിള്‍, സാംസങ് പോലുള്ള മറ്റു രാജ്യങ്ങളിലെ കമ്പനികളുടെയും ഘടകങ്ങളെത്തുന്നത് ചൈനയില്‍നിന്നാണ്. ടെലിവിഷന്‍, ലാപ് ടോപ്പുകള്‍, കംപ്യൂട്ടര്‍, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും ചൈനയുടെ ആധിപത്യം പ്രകടം.

കുറഞ്ഞവിലയില്‍ മികച്ച സാങ്കേതിക മേന്മയുള്ള ഉത്പന്നങ്ങളെത്തിക്കാനാകുന്നെന്നതാണ് ചൈനീസ് കമ്പനികളുടെ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. 2017-'18 കാലത്ത് ഇന്ത്യയുടെ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ 60 ശതമാനം വിപണി ആവശ്യങ്ങളും പരിഹരിച്ചത് ചൈനയായിരുന്നു. ചൈനയുടേതിനു സമാനമായി ഇലക്ട്രോണിക് നിര്‍മാണരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് എച്ച്.പി.യുടെയും ലനോവോയുടെയും മേധാവികള്‍ പോലും പറയുന്നത് വിവോ, ഷവോമി, ഓപ്പോ, റിയല്‍മെ തുടങ്ങിയവയുടെ ആത്മവീര്യത്തിനു താങ്ങായിട്ടുണ്ട്.

ഇതിനിടെ ചൈനയ്ക്ക് തിരിച്ചടിയേകി ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ ഐഫോണ്‍ നിര്‍മ്മാതാക്കളുടെ നീക്കം ശക്തമായി.ആപ്പിള്‍ കമ്പനിക്കു വേണ്ടി ഐഫോണ്‍ നിര്‍മ്മാണത്തിനായി ചെന്നൈയില്‍ പുതിയ ശാലയ്ക്ക് പെഗാട്രണ്‍ കമ്പനി തുടക്കമിടുമെന്നാണ് വിവരം. ആപ്പിളിന്റെ ഏറ്റവും വലിയ രണ്ടാമത്തെ കരാര്‍ നിര്‍മ്മാതാക്കളാണ് പെഗാട്രണ്‍. ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാനാണ് പെഗാട്രണിന്റെ ലക്ഷ്യം. ഇതിനായി പുതിയ ഉപകമ്പനി പെഗാട്രണ്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്.

കഴിഞ്ഞ വര്‍ഷം 1.5 ബില്യണ്‍ ഡോളറായിരുന്നു ആപ്പിളിന്റെ ഇന്ത്യയിലെ വിറ്റുവരവ്. ഇതില്‍ ഐഫോണ്‍ വില്‍പ്പന മാത്രം 1 ബില്യണ്‍ ഡോളറോളം വരും. ഐഫോണുകളില്‍ ഭൂരിപക്ഷവും ഇറക്കുമതി ചെയ്ത് വില്‍ക്കപ്പെടുന്നതു മാറ്റാന്‍ ആപ്പിള്‍ ലക്ഷ്യമിടുന്നു. നിലവില്‍ വിസ്ട്രോണ്‍, ഫോക്സ്‌കോണ്‍ കമ്പനികള്‍ രാജ്യത്ത് തദ്ദേശീയമായി ഐഫോണ്‍ 7, എക്‌സ് ആര്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നുണ്ട്.പ്രീമിയം ഫോണുകളുടെ വിഭാഗത്തില്‍ ആപ്പിളിനാണ് മേധാവിത്വമെങ്കിലും ഇന്ത്യയില്‍ ആപ്പിളിന്റെ വിപണി വിഹിതം രണ്ടു മുതല്‍ മൂന്നു ശതമാനം വരെയേ ഉള്ളൂ.

രാജ്യാന്തര വിപണിയില്‍ 45 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട് പെഗാട്രണിന്. തായ്വാനാണ് കമ്പനിയുടെ ദേശം. ആപ്പിളിനായി ഐഫോണ്‍ നിര്‍മ്മിക്കുന്ന മൂന്നു പ്രധാന കമ്പനികളില്‍ ഒന്നാണിത്.നോട്ട്ബുക്ക്, ഡെസ്‌ക്ടോപ്, മതര്‍ബോര്‍ഡ്, ടാബ്ലറ്റ്, ഗെയിം കണ്‍സോള്‍, എല്‍സിഡി ടിവി, മള്‍ട്ടിമീഡിയ പ്ലേയര്‍, സ്മാര്‍ട്ഫോണ്‍, ബ്രോഡ്ബാന്‍ഡ്/നെറ്റ്വര്‍ക്കിങ് ഉപകരണങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്ന നിര പെഗാട്രണിനുണ്ട് .നിലവില്‍ തായ്വാനിലെ ഏറ്റവും വലിയ രണ്ടാമത്തെ കരാര്‍ നിര്‍മ്മാതാക്കളാണ് പെഗാട്രണ്‍.

ചൈനയ്ക്ക് പുറത്ത് അടിയുറച്ച വിതരണ ശൃഖല സ്ഥാപിക്കാനുള്ള ആപ്പിളിന്റെ തീരുമാനമാണ് പെഗാട്രണിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ചൈന വിട്ടുപോരുന്ന വിദേശ കമ്പനികളെ പരാമവധി ഇങ്ങോട്ട് ആകര്‍ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. വലിയ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ നിര്‍മ്മാണശാല തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ 41,000 കോടി രൂപയുടെ പ്രത്യേക പദ്ധതി കേന്ദ്രം ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള അനുകൂല പശ്ചാത്തലം മുതലാക്കാന്‍ തായ്വാന്‍ കമ്പനി ലക്ഷ്യമിടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it