ചൈനീസ് ഫോണ്‍ കമ്പനികളുടെ കണ്ണ് ഇന്ത്യയില്‍ത്തന്നെ; വിപുല നിക്ഷേപ പദ്ധതികള്‍ മുന്നോട്ട്

ഇന്ത്യന്‍ വിപണിയിലെ വിപുല സാധ്യതകളില്‍ കണ്ണുനട്ട് അധിക നിക്ഷേപങ്ങള്‍ക്കൊരുങ്ങുന്നു ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍. വിലയിലെ വന്‍ കിഴിവുകളും മിന്നുന്ന പരസ്യങ്ങളും ഓണ്‍ലൈന്‍ ഓഫറുകളുമായി വിപണിയെ കയ്യിലെടുക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കൊപ്പമാണ് കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

വാഹന വിപണിയിലും ഉപഭോക്തൃവസ്തു വിപണിയിലുമെല്ലാം മാന്ദ്യമാണെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും തിളക്കമുള്ള ഇടങ്ങളിലൊന്നായി സ്മാര്‍ട്ട്ഫോണ്‍ വിപണി ഇപ്പോഴും വേറിട്ടുനില്‍ക്കുന്നതായാണ് ചൈനീസ് കമ്പനികള്‍ വിലയിരുത്തുന്നത്. അവര്‍ ഇവിടെനിന്ന് നല്ല തോതില്‍ പണം കൊയ്യുന്നുമുണ്ട്.

ജൂണ്‍ അവസാനത്തെ കണക്കു പ്രകാരം ഇന്ത്യയിലെ മുന്നില്‍ നില്‍ക്കുന്ന അഞ്ച് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരില്‍ നാലും ചൈനയില്‍ നിന്നാണ് - ഷവോമി (വിപണി വിഹിതം-28.3%), വിവോ (15.1%), ഓപ്പോ (9.7%), റിയല്‍മെ (7.7%). ദക്ഷിണ കൊറിയയുടെ സാംസങ്ങിന്് ഇന്ത്യന്‍ വിപണിയില്‍ 25.3% ഓഹരിയുണ്ട്.

2015 ല്‍ ഇന്ത്യയില്‍ ഒരു നിര്‍മാണ യൂണിറ്റ് മാത്രം ഉണ്ടായിരുന്ന മാര്‍ക്കറ്റ് ലീഡര്‍ ഷവോമിക്ക് വേണ്ടി ഇപ്പോള്‍ രാജ്യത്ത് ഏഴിടങ്ങളിലായി നിര്‍മാണം നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെയും ആന്ധ്രയിലെയും സംരംഭങ്ങള്‍ വിപുലമാക്കാനുള്ള നീക്കം പുരോഗമിക്കുന്നു.ഷവോമിയുടെ ഉത്പാദനം പ്രതിവര്‍ഷം 4.8 ശതമാനം വര്‍ധിപ്പിക്കുന്നുണ്ട്. ജൂണ്‍ വരെയുള്ള പാദത്തില്‍ 10.4 ദശലക്ഷം യൂണിറ്റാണ് വിപണിയിലേക്കു പോയത്. സെപ്റ്റംബറില്‍ അവസാനിക്കുന്ന മൂന്ന് മാസങ്ങളില്‍ ഉത്സവ സീസണ്‍ ഉള്‍പ്പെടുന്നതിനാല്‍ വളരെ മികച്ച മികച്ച വില്‍പ്പന കമ്പനി പ്രതീക്ഷിക്കുന്നു.

'ഇന്ത്യയില്‍ നിലവിലുള്ള ഉപയോക്താക്കള്‍ മികച്ച സ്മാര്‍ട്ട്ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു. മൂന്നാം തവണ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവരാകട്ടെ കൂടുതല്‍ വിലയുള്ളതെടുക്കുന്നു'- ഇന്ത്യയിലെ ഷവോമി ഓണ്‍ലൈന്‍ വില്‍പ്പനയുടെ തലവന്‍ രഘു റെഡ്ഡി പറഞ്ഞു.

ചൈനയുടെ ബിബികെ ഇലക്ട്രോണിക്‌സില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും വിപണിയില്‍ വലിയൊരു ഭാഗം നേടിയെടുക്കാന്‍ നിക്ഷേപത്തിനു തയ്യാറെടുക്കന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല, കയറ്റുമതിയിലും വിവോ അതീവശ്രദ്ധ ചെലുത്തുന്നുണ്ട്. ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് 7,500 കോടി രൂപ ചെലവഴിക്കാനുള്ള പദ്ധതി കരുപ്പിടിപ്പിച്ചിട്ടുണ്ട് വിവോ.2020 ഓടെ ഓപ്പോ ഗ്രേറ്റര്‍ നോയിഡ പ്ലാന്റില്‍ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കും. 100 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ പ്രതിവര്‍ഷം പുറത്തിറക്കാനാണു പരിപാടി.

'ഇന്ത്യ ഒരു പ്രധാന വിപണിയാണ്, അത് വളരുകയാണ്. ഇവിടെ കൂടുതല്‍ ശക്തമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, '-വിവോ ഇന്ത്യയുടെ ബ്രാന്‍ഡ് സ്ട്രാറ്റജി ഡയറക്ടര്‍ നിപുന്‍ മരിയ പറഞ്ഞു.' യമുന എക്‌സ്പ്രസ് ഹൈവേയോട് ചേര്‍ന്ന് 169 ഏക്കര്‍ സ്ഥലത്ത് പുതിയ യൂണിറ്റ് വികസിപ്പിക്കും. 7,500 കോടി രൂപ ഇതിനായി ഘട്ടംഘട്ടമായി നിക്ഷേപിക്കും.'

ബിബികെ ഇലക്ട്രോണിക്‌സിന്റെ ഭാഗമായി പ്രീമിയം ഫോണ്‍ നിര്‍മ്മിക്കുന്ന വണ്‍പ്ലസിന് 40% ആഗോള വരുമാനം വരുന്നത് ഇന്ത്യയില്‍ നിന്നാണ്.വണ്‍പ്ലസ് സ്മാര്‍ട്ട് ടിവി പുറത്തിറക്കുന്ന ആദ്യ രാജ്യം ഇന്ത്യയായിരിക്കും.

ഹൈദരാബാദിലെ ഗവേഷണ വികസന കേന്ദ്രത്തിനായി വണ്‍പ്ലസ് 1,000 കോടി നിക്ഷേപം പ്രഖ്യാപിച്ചു. നവീകരിച്ച ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ളതാണ് കൃത്രിമ ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവയിലെ ഗവേഷണ കേന്ദ്രം. ഇന്ത്യയില്‍ 12 സ്റ്റോറുകളുള്ള വണ്‍പ്ലസ് 2020 അവസാനത്തോടെ എണ്ണം 25 ആക്കാന്‍ പദ്ധതിയിടുന്നു.

ചൈനയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഇപ്പോഴും സ്മാര്‍ട്ട്ഫോണുകളുടെ രചനാത്മക വിപണിയാണെന്നും ഇവിടെ വളര്‍ച്ചയ്ക്ക് വലിയ ഇടമുണ്ടെന്നും വിശകലന വിദഗ്ധര്‍ പറയുന്നു. 400 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുണ്ടിവിടെ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it