ചിട്ടി മുടങ്ങുന്നു ഇടപാടുകാരും കമ്പനികളും കുഴങ്ങുന്നു

ലോക്ക് ഡൗണില്‍ കുരുങ്ങി ചിട്ടി മേഖലയും. സാധാരണക്കാരന്‍ മുതല്‍ സംരംഭകര്‍ വരെയുള്ളവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന സാമ്പത്തിക സ്രോതസ് എന്ന നിലയില്‍ കേരളത്തില്‍ ഏറെ പ്രചാരം നേടിയ ചിട്ടി ബിസിനസ് ലോക്ക് ഡൗണില്‍ അടച്ചിടേണ്ടി വന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മാര്‍ച്ച് 21 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ചിട്ടി ലേലം നടന്നിട്ടില്ല. മാത്രമല്ല, അതിനു മുമ്പ് ലേലം കൊണ്ടവര്‍ക്ക്, കമ്പനികള്‍ക്ക് ലഭിക്കേണ്ട തുടര്‍ന്നുള്ള ഇന്‍സ്റ്റാള്‍മെന്റുകള്‍ മുടങ്ങിയതോടെ പണം നല്‍കാനാവാത്ത സ്ഥിതിയുമായി. കേരളത്തില്‍ ലക്ഷക്കണക്കിന് പേരാണ് ചിട്ടി മേഖലയുമായി ബന്ധപ്പെട്ടുള്ളത്.

സാധാരണക്കാരനടക്കം പണം കണ്ടെത്താനുള്ള എളുപ്പവഴിയായിരുന്നു ചിട്ടി. അതിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് സമൂഹത്തില്‍ സാമ്പത്തിക പ്രതിസന്ധി തന്നെ സൃഷ്ടിക്കും. മാത്രവുമല്ല, ആളുകളുടെ വരുമാനം കുറയുന്നത് ചിട്ടി കമ്പനികളുടെ ഇനിയുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് നിരവത്ത് ജൂബിലി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയക്റ്റര്‍ ഡോ. ബിനീസ് ജോസഫ് പറയുന്നു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ചുരുങ്ങിയത് രണ്ടു മാസമെങ്കിലും ആളുകള്‍ക്ക് വരുമാനം കണ്ടെത്താന്‍ സമയമെടുക്കും. അതു വരെ ചിട്ടി ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങുമെന്ന ആശങ്കയും ഈ മേഖലയിലുണ്ട്.

ബാങ്കിംഗ് സേവനങ്ങള്‍ അവശ്യ സര്‍വീസായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ചിട്ടിയെ അത്തരത്തില്‍ പരിഗണിക്കുന്നില്ല. മാത്രമല്ല, നിശ്ചിത കാലത്തേക്ക് ഇന്‍സ്റ്റാള്‍മെന്റിന് നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. അതു കൊണ്ടു തന്നെ ചിട്ടി മേഖലയിലെ സ്തംഭനാവസ്ഥ തുടരാനാണ് സാധ്യത.

അതേസമയം ലോക്ക് ഡൗണ്‍ ദിവസങ്ങളിലെ ചിട്ടി ലേലം നറുക്കെടുപ്പുകള്‍ക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിക്കണമെന്ന സ്വകാര്യ ചിട്ടി കമ്പനി ഉടമകളുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ കെഎസ്എഫ്ഇ ചിട്ടികളുടെ കാര്യത്തില്‍ ധനമന്ത്രി ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അവധി പ്രഖ്യാപിക്കാതിരിക്കുകയും ചിട്ടി നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ചിട്ടി കരാറിന്റെ ലംഘനം എന്ന വീഴ്ചയാണ് നടക്കുക. ഇത് ചൂണ്ടിക്കാട്ടി പിഴയീടാക്കാനുള്ള സാഹചര്യമുണ്ടാകും. എന്നാല്‍ സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായ ലോക്ക് ഡൗണ്‍ മൂലം ഉണ്ടാകുന്ന വീഴ്ചയ്ക്ക് പിഴയീടാക്കില്ലെന്ന ശുഭാപ്തി വിശ്വാസമാണ് ചിട്ടി കമ്പനി ഉടമകള്‍ക്കുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it