ഷിവാസ് റീഗലിനെയും മാന്ദ്യം പിടികൂടി ; വില താഴ്ത്തി പുതിയ തന്ത്രം

ഷിവാസ് റീഗല്‍ വിസ്‌കി, അബ്‌സല്യൂട്ട് വോഡ്ക തുടങ്ങിയ മുന്തിയ വിദേശ മദ്യ ഇനങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ ഗണ്യമായ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഒടുവില്‍ ഗത്യന്തരമില്ലാതെ വില താഴ്ത്തി പിടിച്ചു നില്‍ക്കാനുള്ള തന്ത്രം പയറ്റുന്നു ഇറക്കുമതിക്കാര്‍.

ഈ ബ്രാന്‍ഡുകളുടെയെല്ലാം തന്നെ അടിസ്ഥാന വില കുറച്ചിട്ടുണ്ട്. ഇറക്കുമതി നികുതിയും എക്‌സൈസ് തീരുവയും ഈടാക്കിയ ശേഷം പോലും താരതമ്യേന കുറഞ്ഞയിനം മദ്യങ്ങളേക്കാള്‍ ഏറെ ഉയരാത്ത വിലയ്ക്ക് ഇവ ലഭ്യമാകുന്ന സ്ഥിതിയാണുള്ളതെന്ന് ഡല്‍ഹിയിലെ എക്‌സൈസ് വകുപ്പ് കണ്ടെത്തി.വില കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗം കൂടുന്നതാണ് പ്രീമിയം ബ്രാന്‍ഡുകളുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാകാനുള്ള പ്രധാനകാരണം. സാമ്പത്തിക മാന്ദ്യമാണ് വിലകുറഞ്ഞ മദ്യം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ പേരെയും പ്രേരിപ്പിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസത്തെ കണക്കുകളിലാണ് ഷിവാസിന്റെ വളര്‍ച്ചയിലെ ഇടിവ് വ്യക്തമാകുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ അടങ്ങിയ ആദ്യ ക്വാര്‍ട്ടറില്‍ 23 ശതമാനമായിരുന്നു കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ച. എന്നാല്‍ ശേഷമുള്ള മൂന്ന് മാസങ്ങളില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂലൈ, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വളര്‍ച്ച 23 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി ഇടിഞ്ഞു. വളര്‍ച്ചയില്‍ 20 ശതമാനത്തിന്റെ ഞെട്ടിക്കുന്ന കുറവാണുണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളാണ് വളര്‍ച്ചയിലെ കുറവിന്റെ കാരണങ്ങളായി കമ്പനി സി ഇ ഒ അലക്‌സാണ്ട്രെ റിക്കാര്‍ഡ് ചൂണ്ടികാണിക്കുന്നത്. പ്രധാനമായും മഹാരാഷ്ട്രയിലും ഹരിയാനയിലുമുണ്ടായ പ്രളയവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ഷിവാസിനെടയക്കം ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it