Begin typing your search above and press return to search.
കൊച്ചിൻ എയർപോർട്ട്: ലാഭം 156 കോടി, ലാഭവിഹിതം 25%
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കഴിഞ്ഞ സാമ്പത്തിക വർഷം 156 കോടി രൂപ ലാഭം നേടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം 25 ശതമാനം ലാഭവിഹിതമാണ് ശുപാർശ ചെയ്തിരിക്കുന്നത്.
2017-18 സാമ്പത്തിക വർഷത്തെ സിയാലിന്റെ വിറ്റുവരവ് 553.42 കോടി രൂപയാണ്. പ്രവർത്തന ലാഭം 387.92 കൊടി രൂപയും. സിയാലിന്റെ മറ്റ് സബ്‌സിഡിയറികളുടെ പ്രകടനം കൂടി കണക്കിലെടുത്താൽ മൊത്തം വിറ്റുവരവ് 701.13 കോടി രൂപയാണ്. സിയാൽ ഡ്യൂട്ടി ഫ്രീയുടെ വിറ്റുവരവ് 237.25 കോടി രൂപയാണ്.
സബ്‌സിഡിയറികളുടെ കൂടി ചേർത്തുള്ള ലാഭം 170.03 കോടി രൂപ.
2003-04 സാമ്പത്തിക വർഷം മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്ന കമ്പനിയാണ് സിയാൽ. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (PPP) പ്രവർത്തിക്കുന്ന കമ്പനിയ്ക്ക് 30 രാജ്യങ്ങളിൽ നിന്നായി 18,000ൽ അധികം നിക്ഷേപകരുണ്ട്. സിയാലിൽ സംസ്ഥാന സർക്കാരിന് 32.41 ശതമാനം ഓഹരിയാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭവിഹിതമായി സർക്കാരിന് നൽകിയത് 31.01 കോടി രൂപയാണ്. നിലവിൽ, നിക്ഷേപത്തിന്റെ 203 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകൾക്കു മടക്കി നൽകിക്കഴിഞ്ഞു.
രണ്ടുമാസത്തിനുള്ളിൽ സോളർ വൈദ്യുതോൽപാദനം 30 മെഗാവാട്ടിൽ നിന്ന് 40 മെഗാവാട്ടായി ഉയർത്തും. സിയാൽ ബോർഡ് അംഗങ്ങളും മന്ത്രിമാരുമായ മാത്യു ടി.തോമസ്, വി.എസ്.സുനിൽ കുമാർ, ഡയറക്ടർമാരായ റോയ് കെ.പോൾ, എ.കെ.രമണി, എം.എ.യൂസഫലി, എൻ.വി.ജോർജ്, ഇ.എം.ബാബു, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Next Story
Videos