സംരംഭകര്‍ക്ക് ക്ലസ്റ്ററുകള്‍ താങ്ങാകുമോ?
യ്‌ക്കൊരു യുദ്ധം ജയിക്കുക സാധ്യമല്ല. സഹായിക്കാനുള്ളവരെയെല്ലാം കൂടെ കൂട്ടിയാണെങ്കില്‍ അത് സാധ്യമാകുകയും ചെയ്യും. സ്വന്തം കാലില്‍ നില്‍ക്കാന്‍ തന്നെ കഷ്ടപ്പെടുന്ന കേരളത്തിലെ ഏതൊരു വ്യവസായശാലയെയും സംബന്ധിച്ചിടത്തോളം ഇതിന് ഏറെ പ്രാധാന്യമുണ്ട്. ആഗോളവല്‍ക്കരണം തുറന്നിട്ട വിപണിയിലേക്ക് വിദേശ ബ്രാന്‍ഡുകള്‍ ഇരച്ചു കയറി വന്നപ്പോള്‍, പരിമിതമായ സാഹചര്യങ്ങളും വിഭവങ്ങളുമായി കഷ്ടപ്പെട്ടിരുന്ന, രാജ്യത്തെ പല വ്യവസായങ്ങള്‍ക്കും തലക്കടിയേറ്റതു പോലെയായി. ഒന്നുകില്‍ കളം വിടുക. അല്ലെങ്കില്‍ പൂര്‍വാധികം ശക്തിയോടെ വിപണിയില്‍ സജീവമാകുക. രണ്ടാമത്തെ കാര്യം നേടണമെങ്കില്‍ ആളും അര്‍ത്ഥവും വേണം. അത് എവിടെ നിന്ന് നേടും?
2005 ല്‍ ഇതിനുള്ള ഉത്തരം ലഭിച്ചു. അന്നാണ് സര്‍ക്കാര്‍ ക്ലസ്റ്ററുകള്‍ വികസിപ്പിച്ച് കൂട്ടായ്മയിലൂടെ സംരംഭം വളര്‍ത്തുന്നതിനുള്ള ആശയം അവതരിപ്പിച്ചത്. അതോടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി സംരംഭകര്‍ ഇത്തരം കൂട്ടായ്മകളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 2006 ല്‍ ചങ്ങനാശ്ശേരിയില്‍ രൂപീകൃതമായ നാച്വറല്‍ റബ്ബര്‍ ആന്റ് ഫൈബര്‍ പ്രോഡക്ട്‌സ് മാനുഫാക്ചറേഴ്‌സ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ് കേരളത്തില്‍ ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടു. അതിനു പിന്നാലെ 13 കണ്‍സോര്‍ഷ്യങ്ങള്‍ വിവിധ മേഖലകളിലായി സംസ്ഥാനത്ത് രൂപീകരിച്ചു. അതില്‍ ഒന്‍പതെണ്ണവും മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നു. നാലെണ്ണം വിവിധ പ്രശ്‌നങ്ങള്‍ മൂലം പൂര്‍ത്തിയാവാതെ പോകുകയോ പ്രവര്‍ത്തനം നിലച്ചു പോകുകയോ ചെയ്തു. ഇനി 48 എണ്ണം കൂടി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്നറിയുമ്പോഴാണ് ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് വഴിയുള്ള കണ്‍സോര്‍ഷ്യങ്ങള്‍ കേരളത്തില്‍ എത്രമാത്രം ജനകീയമായിരിക്കുന്നു എന്ന് തിരിച്ചറിയുക.
കണ്‍സോര്‍ഷ്യങ്ങള്‍ എന്തിന്?
ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാനാകാത്തത് സംഘം ചേര്‍ന്ന് നടപ്പാക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചെയ്യാനാകുന്നത് വരെ സാധ്യമാക്കാം എന്നതാണ് ക്ലസ്റ്റര്‍ ഡെവലപ്‌മെന്റിനുള്ള ഏറ്റവും വലിയൊരു നേട്ടം. ആഗോളതലത്തില്‍ നിന്നുള്ള മത്സരം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, വിദഗ്ധ തൊഴിലാളികളുടെ അഭാവം, കൂടുതല്‍ മുതല്‍ മുടക്ക് നടത്താന്‍ കഴിയാതിരിക്കുക തുടങ്ങിയ അനേകം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്.
സാധാരണ പ്രൊപ്രൈറ്റര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട യൂണിറ്റുകളില്‍ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനം പ്രായോഗികമാകുമോ എന്ന് സംശയമുണ്ടാകാം. എന്നാല്‍ ക്ലസ്റ്റര്‍ രംഗത്ത് വിജയിച്ചവരുടെ അനുഭവം നോക്കൂ. കാലടിയിലെ റൈസ് മില്ലേഴ്‌സ് കണ്‍സോര്‍ഷ്യത്തിലെ ഓരോ യൂണിറ്റും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം ഇരുപതിനായിരം രൂപയുടെ നേട്ടമുണ്ടാക്കുന്നതായി മാനേജിംഗ് ഡയറക്റ്റര്‍ എന്‍.പി ആന്റണി പറയുന്നു. ജനറല്‍ എന്‍ജിനീയറിംഗ് രംഗത്ത് മലപ്പുറത്തെ 60 ചെറുകിട യൂണിറ്റുകള്‍ ചേര്‍ന്ന് രൂപീകരിച്ച മലപ്പുറം മെറ്റല്‍ എന്‍ജിനീയറിംഗ് കണ്‍സോര്‍ഷ്യം (മീക്കോണ്‍) മുഖേന ജില്ലയിലെ 500ഓളം എന്‍ജിനീയറിംഗ് യൂണിറ്റുകള്‍ക്ക് സേവനം ലഭിക്കുന്നതായി മീക്കോണ്‍ മാനേജിംഗ് ഡയറക്റ്ററായ ദ്വാരക ഉണ്ണി വ്യക്തമാക്കുന്നു.
പെരുമ്പാവൂരിലെ 22 യൂണിറ്റുകള്‍ ചേര്‍ന്ന് രൂപീകരിച്ച പെരുമ്പാവൂര്‍ പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റെ വിവിധ സേവനങ്ങള്‍ എറണാകുളത്തെ 450ഓളം യൂണിറ്റുകള്‍ക്ക് പ്രയോജനപ്പെടുന്നതായി മാനേജിംഗ് ഡയറക്റ്റര്‍ സി.കെ അബ്ദുള്‍ മജീദ് ചൂണ്ടിക്കാട്ടുന്നു.
കോട്ടയത്തെ 27 യൂണിറ്റുകള്‍ ചേര്‍ന്ന് നാച്വറല്‍ റബ്ബര്‍ ആന്റ് ഫൈബര്‍ പ്രോഡക്ട്‌സ് മാനുഫാക്ചറേഴ്‌സ് കണ്‍സോര്‍ഷ്യം രൂപീകരിച്ചുകൊണ്ട് മൂന്നു കോടി രൂപയുടെ ഒരു റബ്ബര്‍ മിക്‌സിംഗ് പ്ലാന്റ് സജ്ജീകരിച്ചിട്ടുള്ളതായി അതിന്റെ മാനേജിംഗ് ഡയറക്റ്റര്‍ കെ.ജെ ലൂയിസ് പറയുന്നു. ഇത്തരത്തില്‍ ക്ലസ്റ്റര്‍ ഡെവലപ്‌മെന്റിലൂടെ ഉല്‍പ്പാദന രംഗത്തെ ചെറുകിട സംരംഭങ്ങള്‍ക്ക് വലിയൊരു മുന്നേറ്റം നടത്താനാകും. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് സ്വയം ചെയ്യാനാകാത്ത ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കായി കുറെ യൂണിറ്റുകളെ ഒരുമിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് അതിലേക്കാവശ്യമായ ഒരു കോമണ്‍ ഫസിലിറ്റി സെന്റര്‍ (സി.എഫ്.സി) സ്ഥാപിക്കുന്നതിലൂടെയാണ് ഒരു ക്ലസ്റ്ററിന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത്. ഉല്‍പ്പന്ന നിര്‍മാണ പ്രക്രിയയിലെ ഏതെങ്കിലും ചില പ്രവര്‍ത്തനങ്ങള്‍ മാത്രം സി.എഫ്.സിയില്‍ നിര്‍വ്വഹിച്ചശേഷം സ്വന്തം യൂണിറ്റുകളില്‍ തിരിച്ചെത്തി ഉല്‍പ്പന്ന നിര്‍മാണം പൂര്‍ത്തിയാക്കുകയോ അല്ലെങ്കില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ ചെയ്യുന്നൊരു സംവിധാനമാണിത്.
നേട്ടങ്ങള്‍ എന്തൊക്കെ?
ആഗോളതലത്തിലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ കരസ്ഥമാക്കാം, ചെലവ് കുറയ്ക്കാം, തൊഴിലാളികളുടെ എണ്ണം കുറയ്ക്കാം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാം എന്നിവയ്ക്ക് പുറമേ ആവശ്യമെങ്കില്‍ പൊതുവായ ബ്രാന്‍ഡ്, പൊതുവായ പര്‍ച്ചേസ്, പൊതുവായ മാര്‍ക്കറ്റിംഗ് എന്നിവയും നടപ്പാക്കാമെന്നതാണ് ക്ലസ്റ്ററിലൂടെ വ്യവസായികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍. ഒരു ചെറുകിട സംരംഭത്തിന് വമ്പന്‍ കരാറുകള്‍ നേടിയെടുക്കാന്‍ പരിമിതി ഉണ്ടാകുമെങ്കില്‍ കണ്‍സോര്‍ഷ്യം മുഖേന വലിയ കരാറുകള്‍ കരസ്ഥമാക്കി അവ വിഭജിച്ചെടുക്കുന്നതിനും സാധിക്കും.
വ്യവസായ എസ്‌റ്റേറ്റിനുള്ളിലോ പുറത്തോ ഉള്ളതും സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായ യൂണിറ്റുകള്‍ ചേര്‍ന്ന് ക്ലസ്റ്ററുകള്‍ രൂപീകരിക്കാം. കോമണ്‍ ഫസിലിറ്റി സെന്റര്‍ (സി.എഫ്.സി) സ്ഥാപിക്കുന്നതിന് വേണ്ട മൊത്തം ചെലവിന്റെ 90 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ബാക്കിയുള്ള 10 ശതമാനം
ഗുണഭോക്താക്കളുടെ വിഹിതമാണ്. സി.എഫ്.സിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരും ഗുണഭോക്താക്കളും ചേര്‍ന്നൊരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുണ്ടാക്കും.
'കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള 13 ക്ലസ്റ്ററുകളില്‍ ഒന്‍പതെണ്ണം ഇതുവരെ സംസ്ഥാനത്ത് കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. അഞ്ചു മുതല്‍ 15 കോടി വരെ മുതല്‍മുടക്കുള്ള പദ്ധതികള്‍ ഇതിലുണ്ട്' എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ ക്ലസ്റ്റര്‍ ഇംപ്ലിമെന്റേഷന്‍ ഏജന്‍സിയായ കെ-ബിപ്പിന്റെ സി.ഇ.ഒ വി. രാജഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ക്ലസ്റ്റര്‍ വികസന പദ്ധതി ഇപ്പോള്‍ 15 കോടി രൂപയുടേതാണ്. അതിനാല്‍ കേന്ദ്ര സഹായമില്ലാതെ തന്നെ ഒരു കോടി രൂപ വരെയുള്ള മൈക്രോ ക്ലസ്റ്ററുകള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹാന്‍ഡ്‌ലൂം, പ്ലാസ്റ്റിക്, ബനാന ഫൈബര്‍, നോട്ട്ബുക്ക്, ഗാര്‍മെന്റ്‌സ്, ഭക്ഷ്യസംസ്‌ക്കരണം, ഫര്‍ണിച്ചര്‍ തുടങ്ങിയ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് 48 ഓളം ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. സംസ്ഥാനത്ത് 36 കോടി രൂപയുടെ ക്ലസ്റ്റര്‍ വികസന പദ്ധതികള്‍ കമ്മീഷന്‍ ചെയ്തുവെന്നും കൂടാതെ 52 കോടി രൂപയുടെ പദ്ധതികള്‍ ഇപ്പോള്‍ ഈ രംഗത്ത് നടപ്പാക്കിവരുന്നതായും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
തൃശ്ശൂരിലെ ചേവൂരിലുള്ള ഫര്‍ണിച്ചര്‍ ക്ലസ്റ്ററിനായി 10 കോടി രൂപയുടെ ആധുനിക മെഷീനുകള്‍ ഗ്ലോബല്‍ ടെന്‍ഡറിലൂടെയാണ് സ്ഥാപിക്കപ്പെടുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരായ കൃപകുമാര്‍ പറഞ്ഞു. ഇവിടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള 350ഓളം ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിന് പുറമേ ആറ് ക്ലസ്റ്ററുകളാണ് ജില്ലയില്‍ പുതുതായി നടപ്പാക്കാനൊരുങ്ങുന്നത്. തിരുവനന്തപുരത്ത് പപ്പട നിര്‍മാണ രംഗത്തും പുതിയൊരു ക്ലസ്റ്റര്‍ വരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് നടപ്പാക്കിയ ചില ക്ലസ്റ്റര്‍ പദ്ധതികള്‍ വിവിധ പ്രശ്‌നങ്ങള്‍ കാരണം പൂട്ടിപ്പോകുകയോ അല്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയോ ചെയ്തിട്ടുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
തൃശ്ശൂരിലുണ്ടായിരുന്ന ടൈല്‍ ക്ലസ്റ്റര്‍ പരാജയപ്പെടാന്‍ പ്രധാന കാരണം സര്‍ക്കാരിന്റെ നയമാണെന്ന് വ്യവസായികള്‍ ആക്ഷേപിക്കുന്നു. ഇവിടെ പ്ലാന്റ് റെഡിയായെങ്കിലും കളിമണ്ണ് കുഴിച്ചെടുക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നയമാണത്രേ ക്ലസ്റ്ററിന് തിരിച്ചടിയായത്. പ്രതീക്ഷകളോടെ തുടക്കം കുറിച്ച കെയര്‍ കേരളം എന്ന ആയുര്‍വേദ ക്ലസ്റ്ററും വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ശ്രദ്ധേയമായ ക്ലസ്റ്ററുകള്‍
സംസ്ഥാനത്ത് നിലവില്‍ ഒന്‍പത് കണ്‍സോര്‍ഷ്യങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റബര്‍, പ്ലാസ്റ്റിക്, പ്ലൈവുഡ്, ടൈല്‍, അരി, ഫര്‍ണിച്ചര്‍, ജനറല്‍ എന്‍ജിനീയറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളതാണ് ഇവയൊക്കെ. ഇതില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കണ്‍സോര്‍ഷ്യങ്ങളിതാ...
1. മലപ്പുറം മെറ്റല്‍ എന്‍ജിനീയറിംഗ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്(മീക്കോണ്‍)
ഇന്ത്യയിലെ തന്നെ ആദ്യത്തെ എന്‍ജിനീയറിംഗ് കണ്‍സോര്‍ഷ്യമാണിത്. മലപ്പുറം ജില്ലയിലെ 60 സാധാരണ എന്‍ജിനീയറിംഗ് യൂണിറ്റുകള്‍ ചേര്‍ന്നു രൂപീകരിച്ച ഈ കണ്‍സോര്‍ഷ്യം ജില്ലയിലെ 500 ഓളം എന്‍ജിനീയറിംഗ് യൂണിറ്റുകള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്നു. മൂന്നു കോടിയാണ് മുതല്‍മുടക്ക്. ഒരേക്കര്‍ സ്ഥലത്ത് ഒരു കോടിയുടെ കെട്ടിടവും രണ്ടു കോടിയുടെ മെഷനറിയുമുണ്ട്. നൂറ് പേര്‍ക്കിരിക്കാവുന്ന ഏസി സെമിനാര്‍ ഹാള്‍, ഗസ്റ്റ് ഹൗസ് സംവിധാനത്തിന് പുറമേ പൗഡര്‍കോട്ടിംഗ് ഉള്‍പ്പടെ നിരവധി മെഷിനറികളുണ്ട്. ലാഭത്തിലാണ് പ്രവര്‍ത്തനം. ഫാബ്രിക്കേഷന്‍ എന്‍ജിനീയറിംഗ്, ലെയ്ത്ത് ഓപ്പറേഷന്‍ എന്നിവയില്‍ ബിടെക്, ഡിപ്ലോമ ബിരുദധാരികള്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കുന്ന കോഴ്‌സ് ഉടനെ ആരംഭിക്കുമെന്നും മീക്കോണ്‍ മാനേജിംഗ് ഡയറക്റ്ററായ ദ്വാരക ഉണ്ണി പറഞ്ഞു.
2. കാലടി റൈസ് മില്ലേഴ്‌സ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്
കഴിഞ്ഞ വര്‍ഷം 18 കോടി രൂപയുടെ വിറ്റുവരവ് നേടി. 40 യൂണിറ്റുകളാണ് ഇതിലെ അംഗങ്ങള്‍. മൂല്യവര്‍ധനവിനുള്ള റിഫൈനറി പ്ലാന്റാണ് കണ്‍സോര്‍ഷ്യം സ്ഥാപിച്ചത്. കാലിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന തവിടിലെ 30 ശതമാനത്തോളം ഓയില്‍ കന്നുകാലികള്‍ക്ക് ആവശ്യമില്ലാത്തതിനാല്‍ അതിനെ വേര്‍തിരിച്ച് റൈസ് ബ്രാന്‍ ഓയില്‍ നിര്‍മിക്കുന്നതിലൂടെ തവിടിലെ പ്രോട്ടീനിന്റെ അളവ് ഉയരുന്നു. അതിനാല്‍ മുന്‍പുണ്ടായിരുന്നതിനെക്കാള്‍ ഇരട്ടി വില ഇപ്പോള്‍ തവിടിന് ലഭിക്കുന്നതിലൂടെ പ്രതിദിനം ഇരുപതിനായിരം രൂപയുടെ നേട്ടം ഓരോ യൂണിറ്റിനുമുണ്ടാകുന്നതായി മാനേജിംഗ് ഡയറക്റ്റര്‍ എന്‍.പി.ആന്റണി അഭിപ്രായപ്പെട്ടു. ലീഡ്‌സ് എന്ന ബ്രാന്‍ഡില്‍ തവിടെണ്ണ, കണ്‍സോര്‍ഷ്യം വിപണനം നടത്തുന്നു.
3. പെരുമ്പാവൂര്‍ പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്
22 യൂണിറ്റുകള്‍ അംഗങ്ങളായുള്ളതും നാല് കോടി മുതല്‍മുടക്കുമുള്ളതാണിത്. എറണാകുളത്തെ 450ഓളം പ്ലൈവുഡ് നിര്‍മാണ യൂണിറ്റുകള്‍ക്ക് സേവനം ലഭ്യമാക്കുന്നു. പ്ലൈവുഡ് ഷീറ്റുകള്‍ ചേര്‍ക്കുന്നതിനാവശ്യമായ സുപ്രധാന അസംസ്‌കൃത വസ്തുവായ പശ നിര്‍മിക്കുന്നതിന് പുറമേ ഹൈഡെന്‍സിറ്റി പ്ലൈവുഡ് നിര്‍മിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്. അസംസ്‌കൃത വസ്തുവിനുള്ള ചെലവ് കുറയുമെന്ന് മാത്രമല്ല ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നം നിര്‍മിക്കുന്നതിനും ഇത് സംരംഭകരെ സഹായിക്കുന്നതായി കണ്‍സോര്‍ഷ്യത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സി.കെ.അബ്ദുള്‍ മജീദ് പറഞ്ഞു. പ്ലൈവുഡ് വ്യവസായത്തിന് ഒഴിവാക്കാനാകാത്ത അസംസ്‌കൃത വസ്തു നിര്‍മിച്ച് അംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു. 'പ്ലൈവുഡിലെ വൈവിധ്യം കാരണം പൊതുവായൊരു ബ്രാന്‍ഡിനായി എല്ലാ സംരംഭങ്ങളും നിശ്ചിത ഗുണനിലവാരത്തോട് കൂടിയ ഉല്‍പ്പന്നങ്ങളാണോ നിര്‍മിക്കുന്നതെന്ന് മോണിട്ടര്‍ ചെയ്യാനാകില്ല. ഈയൊരു വെല്ലുവിളി തരണം ചെയ്യാനായാല്‍ ലോകത്തെ ഏറ്റവും വലിയ സപ്ലൈയറായി ഞങ്ങള്‍ മാറും' അദ്ദേഹം അഭിപ്രായപ്പെട്ടു.
4. നാച്വറല്‍ റബ്ബര്‍ ആന്റ് ഫൈബര്‍ പ്രോഡക്ട്‌സ് മാനുഫക്ചറേഴ്‌സ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള ഈ ക്ലസ്റ്ററാണ് കേരളത്തില്‍ ആദ്യം സ്ഥാപിക്കപ്പെട്ടത്. 27 യൂണിറ്റുകളാണ് ഇതിലെ അംഗങ്ങള്‍. മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിച്ച മികച്ച സെന്‍ട്രലൈസ്ഡ് റബ്ബര്‍ മിക്‌സിംഗ് പ്ലാന്റുണ്ട്. 100 ശതമാനവും പൊലൂഷന്‍ ഇല്ലാത്ത മിക്‌സിംഗ് പ്ലാന്റ് സജ്ജമാക്കുകയെന്ന ലക്ഷ്യം ഇതുവഴി സാധ്യമാക്കിയതായി കണ്‍സോര്‍ഷ്യം മാനേജിംഗ് ഡയറക്റ്റര്‍ കെ.ജെ ലൂയിസ് പറയുന്നു.
5. കേരള അയേണ്‍ ഫാബ്രിക്കേറ്റേഴ്‌സ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട്
ജനറല്‍ എന്‍ജിനീയറിംഗ് മേഖലയിലേക്കുള്ള റോ മെറ്റീരിയല്‍ ബാങ്ക് രൂപീകരിച്ചു കൊണ്ട് വളരെ വ്യത്യസ്തമായാണ് ഇതിന്റെ പ്രവര്‍ത്തനം. 956 അംഗങ്ങളും 1160 ഓഹരിയുടമകളും ഇതിനുണ്ട്. 48 ലക്ഷം രൂപ സമാഹരിച്ചു കൊണ്ട് തുടങ്ങിയ കണ്‍സോര്‍ഷ്യത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 28 കോടിയിലേറെ രൂപയാണ്. ഓഹരിയുടമകള്‍ക്ക് ഡിവിഡന്റും നല്‍കി വരുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ നാല് ശാഖകളും ഇതിനുണ്ട്. അസംസ്‌കൃതവസ്തുക്കളുടെ വില പിടിച്ചു നിര്‍ത്താന്‍ സാധിച്ചുവെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. 12 ഡയറക്റ്റര്‍മാരാണ് ഇതിനുള്ളത്. ടി.കെ ദിനേശന്‍ ചെയര്‍മാനായും പി കൃഷ്ണദാസ് മാനേജിംഗ് ഡയറക്റ്ററായും എ പി അബൂബക്കര്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായും പ്രവര്‍ത്തിക്കുന്നു. കേരള അയേണ്‍ ഫാബ്രിക്കേറ്റേഴ്‌സ് & എന്‍ജിനീയറിംഗ് യൂണിറ്റ്‌സ് അസോസിയേഷന്റെ പിന്തുണ കണ്‍സോര്‍ഷ്യത്തിനുണ്ട്. ഇതിന്റെ ചുവടു പിടിച്ച് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ അയേണ്‍ & എന്‍ജിനീയറിംഗ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ് ഉദാഹരണം. 140 ഓഹരിയുടമകളും 2.5 കോടി നിക്ഷേപവുമായി പ്രവര്‍ത്തിക്കുന്നു. 2016 ല്‍ തുടക്കം കുറിക്കപ്പെട്ട കണ്‍സോര്‍ഷ്യം എല്ലാ അസംസ്‌കൃത വസ്തുക്കളും ഒറ്റയിടത്ത് ലഭ്യമാക്കുകയും പൊതുവിപണിയിലെ വില ചൂഷണത്തില്‍ നിന്ന് സംരംഭകരെ സംരക്ഷിച്ച് നിര്‍ത്തികയും ചെയ്യുന്നതായി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുഹമ്മദ് അഷ്‌റഫ് പറയുന്നു. മണ്ണാര്‍ക്കാട്, കൊപ്പം, മഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ ചെറിയ കൂട്ടായ്മകളുണ്ട്.
നേരിടേïത് നിരവധി വെല്ലുവിളികള്‍
സംസ്ഥാനത്തെ ക്ലസ്റ്ററുകളില്‍ ഏതാനും ചിലത് മാത്രമാണ് വിജയകരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവയ്ക്ക് പോലും പൊതുവായ ബ്രാന്‍ഡ്, പൊതുവായ മാര്‍ക്കറ്റിംഗ് എന്നീ തലങ്ങളിലേക്ക് വളരാനായിട്ടില്ല. കണ്‍സോര്‍ഷ്യം മുഖേന ചെറുകിട സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ദേശീയ, രാജ്യാന്തര തലത്തിലേക്ക് എത്തിക്കുക എന്നതും ക്ലസ്റ്റര്‍ വികസനത്തിന്റെ ഒരു ലക്ഷ്യമാണ്. കാലടിയിലെ റൈസ് മില്ലേഴ്‌സ് കണ്‍സോര്‍ഷ്യം മാത്രമാണ് ലീഡ്‌സ് എന്ന ബ്രാന്‍ഡില്‍ റൈസ് ബ്രാന്‍ ഓയ്ല്‍ നിര്‍മിച്ച് വിപണിയിലേക്ക് എത്തിച്ചത്. മറ്റുള്ള ചില ക്ലസ്റ്ററുകള്‍ അസംസ്‌കൃത വസ്തുക്കള്‍ മൊത്തത്തില്‍ സംഭരിച്ച് അംഗങ്ങളായിട്ടുള്ള യൂണിറ്റുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ കണ്‍സോര്‍ഷ്യം മുഖേന വമ്പന്‍ കരാറുകള്‍ ഏറ്റെടുത്ത് നടപ്പാക്കാനായിട്ടില്ലെന്നതാണ് മറ്റൊരു പരാജയം.
ഒരേ മേഖലയില്‍ പരസ്പരം മല്‍സരിക്കുന്ന നിരവധി വ്യക്തികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമായതിനാല്‍ വ്യത്യസ്ത അഭിപ്രായങ്ങളും താല്‍പ്പര്യങ്ങളുമൊക്കെ അതിന്റെ പ്രവര്‍ത്തനത്തിന് കോട്ടം വരുത്തുന്നുവെന്നതാണ് മറ്റൊരു വസ്തുത.
ഉടമസ്ഥതാവകാശം സംബന്ധിച്ച പ്രശ്‌നങ്ങളും നേതൃനിരയില്‍ ആത്മാര്‍ത്ഥയുള്ള ആളുകളുടെ അഭാവവുമൊക്കെ കണ്‍സോര്‍ഷ്യങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുന്നതായി കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍ പറയുന്നു.
കൂട്ടായ സംഘടിത ശക്തി കാരണം കോര്‍പ്പറേറ്റുകള്‍ക്കൊപ്പം മുന്നേറാനുള്ള കരുത്ത് കണ്‍സോര്‍ഷ്യത്തിനുണ്ടെങ്കിലും വിപണിയിലെ അത്തരം അവസരങ്ങള്‍ കണ്ടെത്തി കൃത്യമായി പ്രയോജനപ്പെടുത്താന്‍ കഴിവുള്ള നേതൃത്വം ഓരോ ക്ലസ്റ്ററിനും ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. മുന്‍പ് ഗുണഭോക്തൃവിഹിതമായ 10 ശതമാനം ഒഴികെയുള്ള 90 ശതമാനം ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ ഇപ്പോഴത് 70 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കണമെന്ന നിബന്ധനയാണുള്ളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മോശമായ സാമ്പത്തിക സ്ഥിതിയും ക്ലസ്റ്റര്‍ പദ്ധതികളുടെ ത്വരിത നടത്തിപ്പിന് വിഘാതമുണ്ടാക്കുന്നതായി സംരംഭകര്‍ പറയുന്നു.
ക്ലസ്റ്റര്‍ വികസന രംഗത്ത് ഇത്തരം ചില പോരായ്മകള്‍ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് വിപണിയില്‍ നിലനില്‍ക്കുന്നതിനും മല്‍സരത്തെ പ്രതിരോധിച്ച് മുന്നേറുന്നതിനുമുള്ള മികച്ച അവസരം ക്ലസ്റ്ററുകള്‍ നല്‍കുന്നതിനാല്‍ ഉല്‍പ്പാദന രംഗത്തെ ഏത് മേഖലയിലെ സംരംഭകര്‍ക്കും ഇത് പരീക്ഷിക്കാവുന്ന ആശയമാണ്.
ക്ലസ്റ്ററുകള്‍ വിജയിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
- അനുയോജ്യമായ വ്യവസായ മേഖലയും അതില്‍ ക്ലസ്റ്ററിനുള്ള സാധ്യതകളും കണ്ടെത്തുക
- അംഗങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം പരമാവധി ഉറപ്പാക്കുക
- ഭാവനാശാലികളായ സംരംഭകരെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃ നിരയിലേക്ക് കൊണ്ടുവരുക
- എക്കൗണ്ടിംഗ് ഉള്‍പ്പെടെയുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും സുതാര്യമാക്കുക
- ഇന്‍ഡസ്ട്രിയിലെ പുതിയ പ്രവണതകളെ കുറിച്ച് അംഗങ്ങളെ ബോധവല്‍ക്കരിക്കുക
- വ്യവസായ മേഖലക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കുക
- സര്‍ക്കാരിന്റെ ഗ്രാന്റിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് ക്ലസ്റ്ററുകള്‍ തല്ലിക്കൂട്ടാതിരിക്കുക
- എല്ലാ മാസവും നിര്‍ബന്ധമായും കണ്‍സോര്‍ഷ്യത്തിന്റെ യോഗം ചേരുക
- കണ്‍സോര്‍ഷ്യത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്റ്റിയറിംഗ് കമ്മറ്റി രൂപീകരിക്കുക
- അസംസ്‌കൃത വസ്തുക്കള്‍ മൊത്തത്തില്‍ സംഭരിക്കുക തുടങ്ങി സുസ്ഥിര വളര്‍ച്ചയ്ക്കുള്ള കാര്യങ്ങള്‍ നടപ്പാക്കുക
വ്യത്യസ്ത മേഖലകളില്‍ വരുന്നൂ, പുതിയ കൂട്ടായ്മകള്‍
1. കാന്‍വീവ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്
പ്രതിസന്ധിയിലായ കണ്ണൂരിലെ ഹാന്റ്‌ലൂം/പവര്‍ലൂം സംരംഭങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടാണ് കാന്‍വീവ് കണ്‍സോര്‍ഷ്യം രൂപപ്പെട്ടത്. ജനുവരിയില്‍ തുടക്കം കുറിച്ചു. കണ്ണൂര്‍ ജില്ലയിലെ 250 ഓളം വരുന്ന പവര്‍ ലൂം യൂണിറ്റുകളുടെ കൂട്ടായ്മയാണിത്. ഫര്‍ണിഷിംഗ് തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് ഒരൊറ്റ ബ്രാന്‍ഡില്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ചെറുകിട യന്ത്രത്തറി വ്യവസായ അസോസിയേഷനും ഇതിനു വേണ്ടി സജീവമായി രംഗത്തുണ്ട്. സര്‍ക്കാര്‍ ഓര്‍ഡറുകള്‍ നല്‍കി പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് ഡയറക്റ്റര്‍ കെ. സതീശന്‍ പറയുന്നു. പ്രഭാകരന്‍ എ. ചെയര്‍മാനും കെ. രാഗേഷ് മാനേജിംഗ് ഡയറക്റ്ററുമാണ്.
2. നോര്‍ത്ത് മലബാര്‍ ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്
പ്രിന്റിംഗ് പ്രസുകള്‍ക്കുള്ള കോമണ്‍ ഫസിലിറ്റി സെന്റര്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടു. താഴെ ചൊവ്വയില്‍ 12.5 കോടി ചെലവിട്ട് ഇതിനായി ആധുനിക പ്രിന്റിംഗ് പ്രസ് സ്ഥാപിച്ചു. ജില്ലയിലെ 200 ലേറെ പ്രിന്റിംഗ് പ്രസുകളുടെ കൂട്ടായ്മയാണിത്. ഏറ്റവും ആധുനികമായ
പ്രിന്റിംഗ് ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. 30 ഓഹരിയുടമകളാണ് ഉള്ളത്. എട്ടു ഡയറക്റ്റര്‍മാര്‍ അടങ്ങിയ ബോര്‍ഡിനാണ് ചുമതല. പി.എം ബാലകൃഷ്ണന്‍ ചെയര്‍മാനും സി.കെ.പി മുഹമ്മദ് റയീസ് മാനേജിംഗ് ഡയറക്റ്ററും സി.ആര്‍ നന്ദകുമാര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമാണ്.
3. മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്
ഫര്‍ണിച്ചര്‍ മേഖലയില്‍ കോമണ്‍ ഫസിലിറ്റി സെന്റര്‍ ഒരുക്കിക്കൊണ്ടാണ് ഇതിന്റെ വരവ്. അടുത്ത മാസം ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന കണ്‍സോര്‍ഷ്യം ഒന്‍പത് ഡയറക്റ്റര്‍മാര്‍ നിയന്ത്രിക്കുന്നു. സി അബ്ദുല്‍ കരീം ആണ് ചെയര്‍മാന്‍. 53 ഓഹരിയുടമകള്‍ 15 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് ഫാക്റ്ററി സ്ഥാപിച്ചിരിക്കുന്നത്. മരം കൊണ്ടു വന്നാല്‍ ഫര്‍ണിച്ചറുമായി തിരിച്ചു പോകാവുന്ന തരത്തില്‍ എല്ലാവിധ സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.