കാര്‍ബണ്‍ മൊണോക്സൈഡ് കൊലയാളിയാകാതിരിക്കാന്‍ കരുതല്‍ അനിവാര്യം
മലയാളികളായ എട്ട് വിനോദ സഞ്ചാരികള്‍ നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള റിസോര്‍ട്ട് മുറിയില്‍ ശ്വാസം മുട്ടി മരിച്ചെന്ന വാര്‍ത്തയില്‍ ഞെട്ടി ഇന്ത്യയിലെയും നേപ്പാളിലെയും ടൂറിസം മേഖല. ഹീറ്ററിന്റെ തകരാറു മൂലം കാര്‍ബണ്‍ മൊണോക്സൈഡ് ലീക്ക് ചെയ്തതാണ് മരണ കാരണമെന്ന് മിക്കവാറും സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ചെങ്കോട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39) ഭാര്യ ശരണ്യ(34) മക്കള്‍ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭിനവ് നായര്‍(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാര്‍(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. പ്രവീണ്‍ ദുബായില്‍ എന്‍ജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലില്‍ വിദ്യാര്‍ത്ഥി.പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും.
കാഠ്മണ്ഡു ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഒന്‍പതരയ്ക്ക് റിസോര്‍ട്ടില്‍ എത്തി. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാന്‍ ഹീറ്റര്‍ എല്ലാ മുറിയിലും ഓണാക്കിയിരുന്നു.
പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചില്‍ നിമിത്തം കാര്‍ബണ്‍ മോണോക്സൈഡ് ഉത്പാദിപ്പിക്കപ്പെടാറുണ്ട്.അത്യന്തം അപകടകാരിയായ ഈ വാതകത്തിന് നിറമോ മണമോ രുചിയോ ഇല്ല.ഇക്കാരണത്താല്‍ തിരിച്ചറിയുക വിഷമം. ശ്വസിക്കുമ്പോള്‍ ഓക്‌സിജനിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലര്‍ന്നാണ് മരണം സംഭവിക്കുന്നത്.
അരുണ രക്താണുക്കള്‍ (റെഡ് ബ്‌ളഡ് സെല്‍സ്) ശരീരത്തിലെത്തുന്ന കാര്‍ബണ്‍ മോണോക്സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് അപകടം സംഭവിക്കുന്നത്. ശ്വാസത്തിലെ ഓക്സിജനെ ആഗിരണം ചെയ്യുന്നതിലും വേഗത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിനെ ചുവന്ന രക്താണുക്കള്‍ വഹിച്ചു കൊണ്ട് സഞ്ചരിക്കും. ഇതുമൂലം ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാള്‍ അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്യും.
അടച്ചിട്ട മുറികള്‍ക്കുള്ളിലോ വാഹനങ്ങള്‍ക്കകത്തോ ഇത്തരത്തില്‍ കാര്‍ബണ്‍ മോണോക്സൈഡ് ലീക്കാവുമ്പോള്‍ രക്ഷപ്പെടാനുള്ള സാധ്യത തുലോം കുറവാണ്. ഉറക്കത്തിനിടയില്‍ നിരവധി പേരുടെ മരണം കാര്‍ബണ്‍ മോണോക്സൈഡെന്ന നിശബ്ദ കൊലയാളി കവര്‍ന്നെടുത്തിട്ടുണ്ട്. കുറഞ്ഞ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളിലെത്തുന്നയാളിനെ എത്രയും വേഗം ശുദ്ധവായു സഞ്ചാരമുള്ളിടത്ത് എത്തിക്കണം.
ശൈത്യകാലത്ത് താപനില കുറയുകയും വീട്ടിനുള്ളിലെ ചൂടാക്കല്‍ സംവിധാനങ്ങള്‍ മണിക്കൂറുകളോളം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയുടെ സാധ്യത കൂടുതലാണെന്ന് അമേരിക്കയിലെ പരിസ്ഥിതി ആരോഗ്യത്തിനായുള്ള ദേശീയ കേന്ദ്രം പുറത്തിറക്കിയിട്ടുള്ള രേഖയില്‍ പറയുന്നു. ഓരോ വര്‍ഷവും അമേരിക്കയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ മൂലം ശരാശരി 430 പേര്‍ മരിക്കുന്നു. ഈ വിഷവാതകം ശ്വസിച്ച് ഏകദേശം 50,000 ആളുകള്‍ ഓരോ വര്‍ഷവും അത്യാഹിത വിഭാഗത്തിലെത്തുന്നുമുണ്ട്.
ചൂളകള്‍, മണ്ണെണ്ണ ഹീറ്ററുകള്‍, ഗാരേജുകള്‍, ഗ്യാസ് അടുപ്പുകള്‍, പോര്‍ട്ടബിള്‍ ജനറേറ്ററുകള്‍ , മരം കത്തിച്ചുള്ള പുക തുടങ്ങിയവയില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് വമിക്കാറുണ്ട്. അടഞ്ഞ ഇടങ്ങളില്‍ പ്രശ്‌നം ഗുരുതരമാകും. ഈ ഇടങ്ങളില്‍ പെടുന്ന ആളുകള്‍ക്കും മൃഗങ്ങള്‍ക്കും മരണം വരെ സംഭവിക്കാം.തലവേദന, തലകറക്കം, ബലഹീനത, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചുവേദന, ബോധക്ഷയം എന്നിവയാണ് ഈ വിഷ ബാധയുടെ ഏറ്റവും സാധാരണ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് ഉറങ്ങുകയോ മദ്യപിക്കുകയോ ചെയ്യുന്നവര്‍ക്കാണ് ആപല്‍സാധ്യത കൂടുതല്‍.ഹീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ സമയാ സമയത്ത് വിദഗ്ദ്ധനെ കൊണ്ട് അറ്റകുറ്റ പണികള്‍ നടത്തിയും, കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ച കണ്ടെത്തുന്ന അലാമുകള്‍ ഘടിപ്പിച്ചും ഈ അപകട വാതക ചോര്‍ച്ച കൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline