കല്‍ക്കരി മേഖലയില്‍ 100 % എഫ്ഡിഐ വേണ്ട; 5 ലക്ഷം തൊഴിലാളികള്‍ സമരത്തിന്
രാജ്യത്തെ കല്‍ക്കരി ഖനന വ്യവസായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരത്തിലേക്ക്.
കോള്‍ ഇന്ത്യ, സിംഗരെനി കൊളിയറീസ് കമ്പനികള്‍ക്കു പുറമേ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി സ്ഥാപനങ്ങളിലേതുള്‍പ്പെടെ 5 ലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന അഞ്ച് ഫെഡറേഷനുകള്‍ സെപ്റ്റംബര്‍ 24 ന് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സാമ്പത്തിക തളര്‍ച്ച മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കല്‍ക്കരി ഖനനത്തിലും കരാര്‍ നിര്‍മ്മാണത്തിലും നൂറു ശതമാനം വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
ഐഎന്‍ടിയുസി,സിഐടിയു എഐടിയുസി എച്ച് എംഎസ് എഐസിസിടിയു എന്നിവയുള്‍പ്പെടെ പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സമരത്തെ പിന്തുണയ്ക്കുന്നു.
ബിജെപിയുടെ കീഴിലുള്ള ഭാരതീയ മസ്ദൂര്‍ സംഘം ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ടെന്ന് ഓള്‍ ഇന്ത്യ കല്‍ക്കരി തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡി ഡി രാമനന്ദന്‍ പറഞ്ഞു.
100 ശതമാനം എഫ്ഡിഐ അനുവദിക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്കു പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ്, സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ്, മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള സിഐഎല്‍ അനുബന്ധ സ്ഥാപനങ്ങളെ മാതൃസ്ഥാപനവുമായി ലയിപ്പിക്കണമെന്നും കേന്ദ്രത്തിന് നല്‍കിയ നോട്ടീസില്‍ ഫെഡറേഷനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.