കമ്പനികള്‍ സിഎസ്ആര്‍ ഫണ്ട് ചെലവാക്കിയില്ലെങ്കില്‍ കേന്ദ്രഫണ്ടിലേക്ക് നല്‍കണം
കമ്പനികളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വയ്ക്കുന്ന തുക ചെലവാക്കിയില്ലെങ്കില്‍ ഇനി മുതല്‍ കേന്ദ്ര ഫണ്ടില്‍ നിക്ഷേപിക്കണം. നേരത്തെ നിലവില്‍ ഉണ്ടായിരുന്ന ഓര്‍ഡിനന്‍സിന് പകരമായാണ് നിയമം കൊണ്ട് വരുന്നത്.
കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തിലേക്കായി കമ്പനികള്‍ നീക്കി വയ്ക്കുന്ന തുക ചെലവഴിക്കാതെ വന്നാല്‍ ഇനി മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടില്‍ നിക്ഷേപിക്കണം. ഇത് പൊതു പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതിയിലേക്കാകും നീക്കിവയ്ക്കപ്പെടുക.
സി എസ് ആര്‍ പദ്ധതികള്‍ക്കുള്ള തുക മൂന്ന് വര്‍ഷമായിട്ടും ചെലവഴിക്കാന്‍ കഴിയാതെ വന്നാലാണ് ഈ കേന്ദ്ര ഫണ്ടില്‍ നിക്ഷേപിക്കേണ്ടത്. നിലവിലുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ കമ്പനികള്‍ പ്രതിവര്‍ഷം 15,000 കോടി രൂപ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണം.
500 കോടി രൂപ മൂല്യമുള്ളതോ, 1000 കോടി രൂപ വിറ്റുവരവുള്ളതോ, അല്ലെങ്കില്‍ അഞ്ചു കോടിയില്‍ കൂടുതല്‍ ലാഭമുള്ളതോ ആയ കമ്പനികള്‍ തങ്ങളുടെ ലാഭത്തിന്റെ രണ്ടു ശതമാനം സി എസ് ആര്‍ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നാണ് നിയമം. ഈ തുക മൂന്നു വര്‍ഷത്തോളമായി ചെലവഴിച്ചില്ലെങ്കിലാണ് കേന്ദ്ര ഫണ്ടിലേക്ക് പോകുക.