Top

ചൈനയിലെ അനിശ്ചിതത്വത്തില്‍ പകച്ച് ഇന്ത്യന്‍ വ്യവസായ രംഗം

കൊറോണ വൈറസ് ബാധ മൂലം ചൈനീസ് വ്യവസായ ശാലകളിലെ നിശ്ചലാവസ്ഥ നീണ്ടുപോകുമോയെന്ന ആശങ്ക ഇന്ത്യയിലെ വാഹന, ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന മേഖലകളില്‍ തീവ്രമായി. നേരത്തെ തന്നെ ഫെബ്രുവരി 10 മുതല്‍ 17 വരെ പ്രഖ്യാപിച്ചിരുന്ന ചാന്ദ്ര പുതുവത്സര അവധി വീണ്ടും നീട്ടിയേക്കാമെന്ന അഭ്യൂഹമാണിപ്പോള്‍ പരക്കുന്നത്. ചൈനയില്‍ നിന്ന് വ്യവസായ ആവശ്യത്തിന് അനുബന്ധ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന ഒട്ടേറെ രാജ്യങ്ങള്‍ ഇതു മൂലം അസ്വസ്ഥതയിലാണ്.

അടച്ചു പൂട്ടി കിടക്കുന്ന നൂറു കണക്കിന് കമ്പനികളും ഫാക്ടറികളും എന്നു തുറന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന കാര്യത്തില്‍ തുടരുന്ന അവ്യക്തത മാറ്റാന്‍ ഔദ്യോഗികമായി ചൈനയുടെ ഭാഗത്തുനിന്നു നടപടികളൊന്നുമുണ്ടായിട്ടില്ല.വൈറസ് ബാധ നിയന്ത്രിക്കാനായിട്ടില്ലെന്നതു തന്നെ കാരണം.പകുതിയിലധികം പ്രവിശ്യാ സര്‍ക്കാരുകള്‍ ഇതിനകം തന്നെ അടച്ചുപൂട്ടല്‍ നീട്ടിയിട്ടുണ്ട്.

നിയമപ്രകാരമുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സപ്ലൈ തടസപ്പെട്ടാല്‍ നഷ്ട പരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും അനിയന്ത്രിതമായ ബാഹ്യ സാഹചര്യങ്ങളാല്‍ സപ്ലൈ നടത്താന്‍ കഴിയാതെ വരുമ്പോള്‍ നഷ്ട പരിഹാരം നല്‍കാനുള്ള ബാധ്യത ഒഴിവാകും.കൊറോണാ വൈറസ് ബാധയിലൂടെ വന്നുപെട്ടിരിക്കുന്നത് അത്തരത്തിലൊരു സാഹചര്യമാകയാല്‍ സപ്ലൈ തകരാറിന്റെ പേരില്‍ ചൈനീസ് കമ്പനികള്‍ക്ക് ബാധ്യതയുടെ വെല്ലുവിളി ഉണ്ടാകില്ല.

ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന ഷീറ്റ് മെറ്റലും ഇലക്ട്രോണിക് ഭാഗങ്ങളും ചൈനയില്‍ നിന്ന് തുടര്‍ന്നും ഉടന്‍ ലഭ്യമായിത്തുടങ്ങുമെന്ന് വിദഗ്ധര്‍ പറയുന്നു.ചൈനയിലെ ചില ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്പാദനം പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും തീര്‍ച്ച വന്നിട്ടില്ല.ഫെബ്രുവരി 17 സമയപരിധി നീട്ടില്ലെന്നതിന് യാതൊരു ഉറപ്പുമില്ലെന്നാണ് വ്യവസായ മേഖലയിലെ പ്രമുഖര്‍ പറയുന്നത്.നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന 90% മൊബൈല്‍ ഫോണുകളും ഇവിടെത്തന്നെയാണ് അസംബിള്‍ ചെയ്യുന്നതെങ്കിലും ചില നിര്‍ണായക ഭാഗങ്ങള്‍ ഇപ്പോഴും ചൈനയില്‍ നിന്നാണ് വരുന്നത്.

ഇന്ത്യയിലെ പല ഉല്‍പ്പാദകര്‍ക്കും ഇത് ഒരു ദുഷ്‌കരമായ സാഹചര്യമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രസിഡന്റ് വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞു. വന്‍തോതിലുള്ള ഉല്‍പാദന ഇനങ്ങള്‍ക്കായി വിതരണക്കാരെ തിരക്കിട്ടു മാറ്റുന്നത് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ഭേദപ്പെടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് നല്ലത് - അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ദീര്‍ഘകാല മാന്ദ്യത്തെ നേരിടുമ്പോള്‍ ഇപ്പോഴത്തെ പുതിയ സംഭവ വികാസം വലിയ വെല്ലുവിളി തന്നെയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചീഫ് പര്‍ച്ചേസ് ഓഫീസര്‍ ഹേമന്ത് സിക്ക പറഞ്ഞു. ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തെ മാത്രമല്ല ഇതു ബാധിക്കുക.

ധാരാളം വ്യവസായങ്ങള്‍ ചൈനീസ് വിതരണത്തെ ആശ്രയിച്ചിരിക്കുന്നു. ബദല്‍ വിതരണ സ്രോതസ്സുകള്‍ കണ്ടെത്തുക എളുപ്പമല്ല. 'സ്റ്റാന്‍ഡേര്‍ഡ് ഭാഗങ്ങള്‍ക്കായി ഒരു ബദല്‍ ഉറവിടത്തെ ആശ്രയിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ ഒരു സര്‍ക്യൂട്ട് ബോര്‍ഡിന്റെയോ ഏതെങ്കിലും സോഫ്റ്റ് വെയര്‍ വികസനത്തിന്റെയോ ഭാഗങ്ങള്‍ അപ്രകാരം ഉടനടി ലഭ്യമാകില്ല,' സിക്ക പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it