ജീവനക്കാരുടെ കുറവു മൂലം പ്രവര്‍ത്തനം താളം തെറ്റി മെഡിക്കല്‍ ഷോപ്പുകള്‍

ലോക്ഡൗണ്‍ വന്നതോടെ യാത്രാ വിലക്കിനിടയിലും മരുന്നു വാങ്ങി സംഭരിക്കാനുള്ള ജനങ്ങളുടെ പരിഭ്രാന്തി പ്രകടം. പേരിനു മാത്രം ജീവനക്കാരുമായാണ് മരുന്നുകടകള്‍ ഇന്ന് തുറന്നത്. മിക്ക കടകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. അതേസമയം, ഗോഡൗണുകളില്‍ നിന്ന് മരുന്നുകള്‍ കടകളിലേക്ക് എത്തിക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം തങ്ങളെ വലയ്ക്കുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

കേരളത്തില്‍ ഉടനീളം മരുന്നുകളുടെ കരുതല്‍ ശേഖരം മികച്ചതാണെന്നും ലഭ്യതയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. അതേസമയം, പരമാവധി 30 ദിവസത്തേക്ക് മരുന്നു വാങ്ങിവയ്‌ക്കേണ്ടവര്‍ മൂന്നു മാസത്തേക്കുവരെ ശേഖരിക്കാന്‍ കാണിക്കുന്ന പ്രവണത നന്നല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ മരുന്നു വാങ്ങിക്കൂട്ടാനുള്ള ശ്രമം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ തങ്ങളോടു കലഹിക്കുന്നവരുമുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ അറിയിച്ചു. ഹോം ഡെലിവറി നിര്‍ത്തിവച്ചിരിക്കുകയാണ്.

ജീവനക്കാര്‍ക്ക് എത്തിച്ചേരാനുള്ള തടസമാണ് മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ പ്രതിബന്ധമായിരിക്കുന്നത്.ജീവനക്കാരെ ഹോസ്റ്റലുകളിലും മറ്റും പാര്‍പ്പിക്കുകയാണെന്ന് മാനേജര്‍മാര്‍ പറഞ്ഞു. പോലീസില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്കു കൂടെക്കൂടെ മറുപടി നല്‍കി നടന്നുവരികയായിരുന്നു അവരില്‍ മിക്കവരും. അതേസമയം, ഒരു മീറ്റര്‍ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിലും കടയിലെത്തിയ ശേഷം സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലുമൊക്കെ ജനങ്ങള്‍ പൊതുവേ നല്ല സഹകരണമാണ് കാണിക്കുന്നതെന്ന് ജീവനക്കാര്‍ സമ്മതിച്ചു.

അഖിലേന്ത്യാടിസ്ഥാനത്തില്‍ മരുന്നു വിതരണവും ഡെലിവറിയും തകരാറിലാവാതിരിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹത്തില്‍ നിന്ന് അനുകൂല ഉറപ്പു ലഭിച്ചതായും ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് പ്രസിഡന്റ് ജഗന്നാഥ് ഷിന്‍ഡെ പറഞ്ഞു.

രാജ്യത്തുടനീളം 300-400 വലിയ ഗോഡൗണുകളിലാണ് മരുന്നുകള്‍ മൊത്തമായി ശേഖരിക്കുന്നത്. ഇവയെല്ലാം തന്നെ നഗരങ്ങളുടെ പ്രാന്തപ്രദേശത്താണ്. ഓരോ വെയര്‍ഹൗസിലും 100-150 ആളുകള്‍ പ്രവര്‍ത്തിക്കുന്നു. മതിയായ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും നല്‍കി ഇവര്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് നീക്കാനാണ് ആദ്യം തന്നെ നടപടികളെടുത്തുവരുന്നത്. ഇന്ത്യയിലുടനീളമുള്ള 850,000 കെമിസ്റ്റ് ഷോപ്പുകളില്‍ ഏകദേശം 4 ദശലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ലക്ഷക്കണക്കിനു പേരുണ്ട വിതരണ ശൃംഖലയില്‍. മരുന്ന് വിതരണത്തിന് സര്‍ക്കാര്‍ ഒരു ചട്ടക്കൂട് കൊണ്ടുവരേണ്ടതുണ്ടെന്ന് എ.ഐ.ഒ.സി.ഡി ജനറല്‍ സെക്രട്ടറി രാജീവ് സിംഗാള്‍ പറഞ്ഞു.

ഫാര്‍മസിസ്റ്റുകള്‍ക്ക് ഐഡി കാര്‍ഡുകള്‍ ഉണ്ട്.അതേസമയം പോര്‍ട്ടര്‍മാര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍, കാഷ്യര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഐഡി കാര്‍ഡ് നല്‍കാന്‍ എ.ഐ.ഒ.സി.ഡി ക്ക് ആകില്ല. വിതരണ ശൃംഖല സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇവരെല്ലാം ആവശ്യമാണ്. ചരക്കുകള്‍ ലോഡുചെയ്യുന്നതിനും അണ്‍ലോഡുചെയ്യുന്നതിനും ആളെ കിട്ടാത്തതും പ്രശ്‌നമാണ്. സംസ്ഥാന അതിര്‍ത്തികള്‍ ഫലത്തില്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ മരുന്നുകളുടെ നീക്കം തടയപ്പെടുന്നു. ഗതാഗതം ഇല്ലാതായതോടെ കടകളില്‍ എത്താന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.സാഹചര്യം ലഘൂകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, വിതരണ സംവിധാനം ഉടന്‍ തളര്‍ന്നുപോകുമെന്ന ആശങ്കയുണ്ട് എ.ഐ.ഒ.സി.ഡിക്ക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it