റേറ്റിംഗിലെ താഴ്ച അവഗണിക്കരുത്: ഉദയ് കോട്ടക്

രാജ്യത്തിന്റെ ധനസ്ഥിരതയ്ക്ക് കാര്യക്ഷമമായ നടപടികള്‍ വെണമെന്നും സിഐഐ പ്രസിഡന്റ്

credit rating is matter of opinion-uday kotak

വരവ് താഴ്ന്നും ചെലവ് ഏറിയും രാജ്യത്തിന്റെ  ധനക്കമ്മി ഭാവിയില്‍ അനിവാര്യമായും വര്‍ദ്ധിക്കുമെന്നതിനാല്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത നിലനിര്‍ത്താന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് പുതുതായി സ്ഥാനമേറ്റ സിഐഐ പ്രസിഡന്റ് ഉദയ് കോട്ടക്. റേറ്റിംഗുകള്‍ താഴുന്നത് അവഗണിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധയ്ക്കു  മുമ്പു കണക്കാക്കിയ 6.5 ശതമാനത്തില്‍ നിന്ന് ധനക്കമ്മി ജിഡിപിയുടെ 11.5 ശതമാനം വരെ ഉയരുമെന്നാണ് വിശകലന വിദഗ്ധരുടെ കണക്ക്. 10 ട്രില്യണ്‍ രൂപയുടെ നഷ്ടത്തിന് തുല്യമാണിത് -സിഐഐ സംഘടിപ്പിച്ച വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ കൊട്ടക് പറഞ്ഞു.വളര്‍ച്ച തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും അടുത്ത ഏകോപനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാന്‍ സിത്താര്‍ വാദകനാണ്. സിത്താറും തബലയും തമ്മിലുള്ള ഒരു ജുഗല്‍ബന്ദിയുടെ പങ്ക് പോലെ സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും പങ്ക് ഞാന്‍ കാണുന്നു.’: കൊട്ടക് പറഞ്ഞു.വിക്രം കിര്‍ലോസ്‌കറില്‍ നിന്നാണ് കൊട്ടക് സിഐഐ പ്രസിഡന്റായി ചുമതലയേറ്റത്.

മൂഡിയുടെ നിക്ഷേപ സേവന വിഭാഗം ഇന്ത്യയുടെ പരമാധികാര റേറ്റിംഗിനെ ബിഎഎ 3 ലേക്ക് താഴ്ത്തിയിരുന്നു, നെഗറ്റീവ് വീക്ഷണത്തോടെ.ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡ് ആയ ജങ്ക് സ്റ്റാറ്റസിന് മുകളിലുള്ള സ്ഥാനമാണിത്.വ്യക്തികളുടെയും ബിസിനസുകളുടെയും സാമ്പത്തിക മേഖലയുടെയും സാമ്പത്തിക മുറിവുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഫണ്ട് സന്തുലിതമാക്കാന്‍ സര്‍ക്കാര്‍ ധൈര്യത്തോടെ പണമിറക്കേണ്ടതുണ്ട്.

റേറ്റിംഗുകള്‍ എന്നത് ഒരു അഭിപ്രായ വിഷയമാണെന്നു പറയുന്നുണ്ടെങ്കിലും റേറ്റിംഗില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ടതാവശ്യമാണ്. റേറ്റിംഗ് താഴുന്നതിനാല്‍ വിദേശ വിപണികളില്‍ നിന്ന് ഇന്ത്യക്കാരോ ഇന്ത്യന്‍ കമ്പനികളോ കടമെടുക്കുന്നതിനുള്ള ചെലവില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടാകരുത്. സാമ്പത്തിക സ്ഥിരതാ മാനദണ്ഡങ്ങളില്‍ ഗണ്യമായ കുറവുണ്ടായാല്‍ പണം കുത്തനെ പിന്‍വലിക്കപ്പെടുന്ന അപകട സാഹചര്യവും വരും – കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ഉദയ് ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here