വരുമാനമില്ല; അറ്റ്ലസ് സൈക്കിള്‍സ് പൂട്ടി
ദശാബ്ദങ്ങളോളം ഇന്ത്യയിലെ സൈക്കിള്‍ സഞ്ചാരികളുടെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്ന അറ്റ്ലസ് സൈക്കിള്‍ കമ്പനി അടച്ചുപൂട്ടി. വരുമാനമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കാനാകാത്തതു മൂലം താത്കാലികമായാണ് അടച്ചിട്ടുള്ളതെന്നും വീണ്ടും പണമുണ്ടാകുമ്പോള്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നുണ്ടെങ്കിലും ശുഭാപ്തി വിശ്വാസത്തിനു പഴുതുള്ളതായി ജീവനക്കാര്‍ കരുതുന്നില്ല.
ഇനി മുന്നോട്ട് പോകാന്‍ നിര്‍വാഹമില്ലെന്ന് വ്യക്തമാക്കിയാണ് ലോക സൈക്കിള്‍ ദിനമായ ജൂണ്‍ മൂന്നിന് രാജ്യത്തെ അവസാന സൈക്കിള്‍ നിര്‍മ്മാണ കേന്ദ്രത്തിന് കമ്പനി ഷട്ടറിട്ടത്-ഡല്‍ഹിക്കടുത്ത് സഹിബാബാദിലെ നിര്‍മ്മാണ യൂണിറ്റ്്. ഇവിടെ ജോലി ചെയ്തിരുന്ന 431 ജീവനക്കാരെയും പിരിച്ചുവിട്ടു. എന്നാല്‍ ഇവര്‍ക്ക് 50 ശതമാനം അടിസ്ഥാന ശമ്പളവും ഡിഎയും വരും ദിവസങ്ങളിലും നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
1989 മുതല്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാണ യൂണിറ്റായിരുന്നു സഹിബാബാദിലേത്. പ്രതിമാസം രണ്ട് ലക്ഷത്തോളം സൈക്കിള്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു ഇവിടെ. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് നിര്‍മ്മാണ പ്ലാന്റ് അടച്ചതെന്ന് ജീവനക്കാര്‍ ആരോപിച്ചു. കമ്പനിയുടെ പക്കലുള്ള അധിക ഭൂമി വിറ്റ് കിട്ടുന്ന 50 കോടി രൂപ ഉപയോഗിച്ച് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സിഇഒ എന്‍പി സിങ് റാണയുടെ വാഗ്ദാനം.കാലത്തിനനുസൃതമായുള്ള വൈവിധ്യവല്‍ക്കരണത്തിലേക്കു പോകാതിരുന്നതാണ് കമ്പനിയുടെ തകര്‍ച്ചയ്ക്കു കാരണമെന്നും അടച്ചു പൂട്ടലിന് കൊറോണയുമായി വലിയ ബന്ധമില്ലെന്നും നിരാക്ഷകര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline