ഉപ്പ്, കൊഴുപ്പ്, പഞ്ചസാര കുറച്ച് മതിയെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി
പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ അളവ് കുറക്കാൻ കമ്പനികളോട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) ആവശ്യപ്പെട്ടു. ഇന്നലെ ആരംഭിച്ച 'ഈറ്റ് റൈറ്റ് മൂവ്മെന്റി' ന്റെ ഭാഗമായാണ് നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഭക്ഷ്യ ഉത്പന്നങ്ങളിലെ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ ലേബൽ ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങൾ നടപ്പിലാക്കാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നുള്ളതിനാൽ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് സ്വമേധയാ ഇവയുടെ അളവ് കുറയ്ക്കാനാണ് അതോറിറ്റി കമ്പനികളോട് ആവശ്യപ്പെട്ടത്.
ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, പതഞ്ജലി, ഐടിസി, മാരിക്കോ തുടങ്ങി പതിനഞ്ചോളം പ്രമുഖ കമ്പനികൾ ഇതിനോടകം ഇതിന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
ഈറ്റ് റൈറ്റ് മൂവ്മെന്റ് ക്യാമ്പയിന് വേണ്ടി ബോളിവുഡ് താരം രാജ്‌കുമാർ റാവുവിനെയാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്.