തൊഴില്‍ നഷ്ടപ്പെട്ടപ്പെട്ടോ ? ജോലി കണ്ടെത്താന്‍ ആക്‌സഞ്ചര്‍ സഹായിക്കും
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചില്‍ 23 ശതമാനത്തിലെത്തിയിരിക്കുകയാണ്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ലോകം മുഴുവന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ജോലി പോയവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനുള്ള പീപ്പിള്‍ + വര്‍ക് കണക്റ്റ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമുമായി ആക്‌സഞ്ചര്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിരിക്കുകയാണ്.
ആക്‌സഞ്ചര്‍, ലിങ്കോണ്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, സര്‍വീസ്‌നൗ, വെരിസോണ്‍ എന്നീ കമ്പനികള്‍ സംയുക്തമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്‌ഫോം ആണിത്. ആ നാല് കമ്പനികളുടെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍മാരാണ് പുതിയ പ്ലാറ്റ്‌ഫോമിന് നേതൃത്വം കൊടുക്കുന്നത്. ഇതൊരു ആഗോളതലത്തിലുള്ള പ്ലാറ്റ്‌ഫോമാണ്.
ഇതൊരു ഓണ്‍ലൈന്‍ എംപ്ലോയര്‍ - റ്റു- എംപ്ലോയര്‍ നെറ്റ് വര്‍ക് ആണ്. ഇതുവഴി ഇപ്പോള്‍ ജീവനക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികപ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരെ തെരഞ്ഞെടുക്കാം. ഈ പ്ലാറ്റ്‌ഫോം സൗജന്യമായി തൊഴില്‍ദാതാക്കള്‍ക്ക് ഉപയോഗിക്കാം. ഇതില്‍ അടുത്തുതന്നെ പബ്ലിക്, പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലികള്‍ പോസ്റ്റ് ചെയ്യുകയും അതുവഴി ആളെ ജോലിക്കെടുക്കുന്നതിന്റെ നീണ്ട നടപടിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യാം. കമ്പനികള്‍ക്കാകട്ടെ വിദഗ്ധരും പരിചയമ്പന്നരുമായ ജീവനക്കാരെ ലഭിക്കാന്‍ ഇതൊരു അവസരവുമാണ്.
ഇതിനകം തന്നെ നിരവധി കമ്പനികളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വാള്‍മാര്‍ട്ട്, കാര്‍ഗില്‍, മാരിയറ്റ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ 250ഓളം സ്ഥാപനങ്ങള്‍ പീപ്പിള്‍ + വര്‍ക് കണക്റ്റിലുണ്ടാകുമെന്നാണ് ഇതിന്റെ അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline