റെക്കോര്‍ഡ് നഷ്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ എയര്‍ ഇന്ത്യ

നഷ്ടക്കയത്തില്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് എയര്‍ ഇന്ത്യയെന്ന് ലോക്‌സഭയില്‍ തുറന്നു സമ്മതിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ നഷ്ടം 8,556.35 കോടി രൂപയായി. മുന്‍വര്‍ഷം 5,348.18 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. നിലവില്‍ കമ്പനി നേരിടുന്ന സഞ്ചിത നഷ്ടം 69,575.64 കോടി രൂപ വരും.

നികുതിദായകരുടെ ജാമ്യവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന എയര്‍ ഇന്ത്യ 2007-08 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിനുശേഷം ഒരിക്കലും ലാഭം കണ്ടിട്ടില്ല. സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാരിന്റെ രണ്ടാമത്തെ ശ്രമം പരാജയപ്പെട്ടാല്‍ എയര്‍ലൈന്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് കഴിഞ്ഞ ആഴ്ച പുരി രാജ്യസഭയെ അറിയിച്ചിരുന്നു.

31 രാജ്യങ്ങളിലായി 43 നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ പറക്കുന്നത്. നിലവില്‍ ദീര്‍ഘദൂര വിമാന സര്‍വീസുകള്‍ നടത്തുന്ന ഏക ഇന്ത്യന്‍ എയര്‍ലൈന്‍ ഇതാണ്. എയര്‍ ഇന്ത്യയുടെ പകുതിയോളം കടബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന നിര്‍ദ്ദേശമുണ്ട്. അങ്ങനെ വന്നാല്‍ 30000 കോടി രൂപയുടെ കടബാധ്യതയാണ് സ്വകാര്യ നിക്ഷേപകരുടെ മേല്‍ ഉണ്ടാവുക.ജീവനക്കാരുടെ ശമ്പളത്തിനും, ഇന്ധനത്തിനും വേണ്ടി കമ്പനിക്ക് ഭീമമായ തുകയാണ് ചെലവിനത്തില്‍ വരുന്നത്.

കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിക്ഷേപകര്‍ ആരും എത്താതിരുന്നത് തിരിച്ചടിയായി. ഇത്തവണം നിബന്ധനകള്‍ പരിശോധിച്ച് മുഴുവന്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സ്വകാര്യവ്തക്കരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം തൊഴിലാളികളുടെയും ആശങ്കകള്‍ പരിഹരിക്കുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

സ്വകാര്യവത്ക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും നഷ്ടം വര്‍ദ്ധിക്കുമ്പോഴും നികുതിദായകരുടെ പണം വഴി മാറ്റി ഉപയോഗിച്ച് എയര്‍ ഇന്ത്യ സര്‍വീസ് തുടരുന്നത് വൃത്തികെട്ട കാര്യമാണെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പ്രമുഖ് ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് മാധ്യമങ്ങളോട് പറഞ്ഞു.' ഈ എയര്‍ലൈനിന് ഒരിക്കലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പണം സമ്പാദിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു. സ്വകാര്യവല്‍ക്കരിക്കുകയോ പൂട്ടുകയോ ചെയ്യുക മാത്രമാണ് പോംവഴി.'

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it