Top

സ്വര്‍ണക്കടത്ത് കേസ്,ഐ റ്റി വികസന സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുമോ?

കോവിഡ് വ്യാപനവും സാമൂഹിക അകലവും ട്രിപ്പിള്‍ ലോക്ക്ഡൗണിനും താല്‍ക്കാലിക വിട. കേരളം വീണ്ടും മറ്റൊരു വിവാദ ചര്‍ച്ചയിലേക്ക് വീണുകഴിഞ്ഞു. സ്പ്രിങ്കഌ കേസിലെന്ന പോലെ ഈ തവണയും പ്രതികൂട്ടില്‍ ഐറ്റി വകുപ്പാണ്. ഐറ്റി സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്ന ഒരു യുവതിയുമായി അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതായും സൂചനയുണ്ട്. ഈ നടപടിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലില്‍ നിന്നും മാറ്റി നിര്‍ത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

എല്ലാം മറന്ന് ചര്‍ച്ച ചെയ്യാന്‍ ഒരു വിവാദം കാത്തിരിക്കുന്ന പൊതുമനസ്സാണ് ഇന്നും കേരളത്തിന്റേത്. ദീര്‍ഘകാലം പുതുമ നഷ്ടപ്പെടാതെ ചര്‍ച്ച ചെയ്യാന്‍ വേണ്ട ചേരുവകളെല്ലാം ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസിലും ഉണ്ട്. ഭരിക്കുന്ന കക്ഷികള്‍ മാറി മാറി വന്നാലും ഉടലെടുക്കുന്ന വിവാദങ്ങള്‍ക്കും അതിലെ ചേരുവകള്‍ക്കും മാറ്റമില്ലെന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ശാപം.

വിവാദങ്ങള്‍ അപഹരിക്കുന്നത് എന്ത്?

കേരളം അതിനിര്‍ണായക ഘട്ടത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന ഏതാണ്ടെല്ലാ മാര്‍ഗങ്ങളും അടയുകയാണ്. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികളും ഗള്‍ഫ് രാജ്യങ്ങള്‍ കൊണ്ടുവരുന്ന പുതിയ കുടിയേറ്റ നിയമങ്ങളും മൂലം ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാകുന്നു. കോവിഡ് മൂലം മറ്റ് വിദേശ രാജ്യങ്ങളിലും തൊഴില്‍ നഷ്ടം രൂക്ഷമാണ്. എല്ലാ ലോകരാജ്യങ്ങളും സ്വന്തം നാട്ടുകാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ നയങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കടല്‍ കടന്ന് പണിയെടുക്കാമെന്ന മലയാളിയുടെ കാലങ്ങളായുള്ള ശീലത്തിന് കൂടിയാണ് തിരിച്ചടിയേല്‍ക്കുന്നത്.

കോവിഡ് മൂലം കേരളത്തിലെ വിനോദസഞ്ചാര മേഖലയും തകര്‍ന്നടിഞ്ഞു കഴിഞ്ഞു. മറ്റെല്ലാ രംഗത്തും പ്രതിസന്ധിയാണ്. എന്നാല്‍ ടെക്‌നോളജി രംഗത്ത് കേരളത്തിന് മുന്നേറാം. പരിസ്ഥിതിക്ക് ദോഷകരമാകാത്ത, കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ പറ്റുന്ന രംഗം ഇനി വിവര സാങ്കേതിക മേഖലയാണ്.

ഇന്ത്യയിലെ കോര്‍പ്പറേറ്റ് വമ്പനായ മുകേഷ് അംബാനി ജിയോ പ്ലാറ്റ്‌ഫോംസിനെ ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കിയാല്‍ മാത്രം മതി ഡിജിറ്റല്‍ വികസനത്തിന്റെ ദിശ അറിയാന്‍. അത്രമാത്രം നിര്‍ണായകമായ വകുപ്പും ഉന്നത ഉദ്യോഗസ്ഥരുമാണ്, കേരളത്തില്‍ ചിരപുരാതന കാലം മുതലുള്ള വിവാദങ്ങളുടെ സ്ഥിരം ചേരുവകള്‍ എല്ലാം ഒത്തിണങ്ങിയ മറ്റൊരു വിവാദത്തില്‍ വീണിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന സമാന സ്വഭാവമുള്ള വിവാദമാണ് സോളാര്‍ കേസ്. അവിടെ കേന്ദ്ര സ്ഥാനത്ത് വന്ന ബിസിനസ് മേഖലയായ സോളാര്‍ സംസ്ഥാനത്ത് ശൈശവദശയിലായിരുന്ന രംഗമാണ്. വിവാദം കൊഴുത്തതോടെ സോളാര്‍ രംഗത്തെ ബിസിനസ് സാധ്യതകള്‍ക്ക് കൂടി കൂമ്പടഞ്ഞുപോയി. നൂതനമായ, കേരളത്തിന് അനുയോജ്യമായ ഒരു മേഖലയായിട്ടുപോലും ഇന്നും കേരളത്തില്‍ വേണ്ടവിധം അത് പച്ചപിടിച്ചിട്ടില്ല.

വിവര സാങ്കേതിക വിദ്യയില്‍ സ്ഥിതി വിഭിന്നമാണ്. കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കരുത്തുറ്റ പ്രസ്ഥാനങ്ങളുണ്ട്. ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളുണ്ട്. എന്നിരുന്നാലും കൃത്യമായ ദിശാബോധം വേണ്ട കാലഘട്ടമാണിത്. ടെക്‌നോളജിയും ഡിജിറ്റൈസേഷനും എല്ലാ രംഗത്തേക്കും കടന്നുവരുമ്പോള്‍ കേരളത്തിലെ സംരംഭങ്ങള്‍ക്കും സംരംഭക സമൂഹത്തിനും അത് മുതലെടുക്കാന്‍ സാധിക്കണം. ഇതിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന നേതൃത്വമാണ് അനിവാര്യമായി വേണ്ടത്.

വിവാദങ്ങള്‍ ആഘോഷിക്കുന്ന കേരളത്തിന്റെ പൊതുസമൂഹത്തെ ദോഷം പറയുന്നതിന് മുമ്പേ അത്തരം വിവാദങ്ങള്‍ക്ക് ഇടകൊടുക്കാതെ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ നേതൃത്വത്തിലുള്ളവര്‍ ശ്രമിക്കണം. അല്ലെങ്കില്‍ ഇനിയും വികസനത്തിലേക്കുള്ള 'ബസുകള്‍' വീണ്ടും വീണ്ടും നഷ്ടമാകുന്ന നാടും സമൂഹവുമായി കേരളം മാറും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it