ട്രേഡ് യൂണിയനുകള്‍ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ അലോസരപ്പെടുത്തുന്നുവോ?

ബിസിനസുകള്‍ക്ക് പറ്റിയ മണ്ണല്ല കേരളമെന്ന പ്രതിച്ഛായ ഏറെ പണിപ്പെട്ട് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അടുത്തിടെ ദേശീയ മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്ത തൊഴില്‍ സമരങ്ങള്‍ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ എങ്ങനെയാണ് ബാധിക്കുന്നത്? മാറിയ കാലത്ത് തൊഴിലാളി യൂണിയനുകളുടെ റോള്‍ എന്താണ്? യൂണിയന്‍ സാരഥികളുടെയും ബിസിനസ് സാരഥികളുടെയും പ്രതികരണങ്ങള്‍

തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ട്രേഡ് യൂണിയനുകള്‍ അനിവാര്യം

കെ.ചന്ദ്രന്‍ പിള്ള

സിഐടിയു, അഖിലേന്ത്യ പ്രസിഡന്റ്

കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പരിശോധിച്ചാല്‍ കാര്‍ഷിക-വ്യവസായ മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാര്‍ഷിക മേഖല എന്നുകൂടി എടുത്തു പറയുന്നതിന്റെ കാരണം, തൊഴിലാളി യൂണിയനുകള്‍ക്കുള്ള പ്രാധാന്യം സംസ്ഥാനതലത്തില്‍ വളരെ ഏറെ ശക്തമായത് കൊണ്ടാണ്. തൊളിലാളികളും തൊഴിലുടമയും തമ്മില്‍ എപ്പോഴും നിലനിന്നു വന്നിരുന്ന വേതന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാണ് ട്രേഡ് യൂണിയനുകള്‍ നിയമപ്രകാരം നിലവില്‍ വന്നത്.

ഒരിടത്തും യാതൊരു വിധത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളും സി ഐ ടി യുവോ സമരത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളോ നടത്തുന്നില്ല. തൊ
ഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ ചവിട്ടി മെതിച്ചു കൊണ്ടല്ല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. തൊഴിലാളികളെ ആക്ഷേപിക്കുകയും തൊഴില്‍സമരങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള മാനേജ്‌മെന്റുകള്‍ തങ്ങളുടെ മേഖലയിലെ തൊഴിലാളികളുടെ പ്രാധാന്യം മനസിലാക്കുന്നതു വരെ ഇത്തരത്തിലുള്ള സമരങ്ങള്‍ ഇവിടെ ഉണ്ടായിക്കൊണ്ടേ ഇരിക്കും.

മാന്ദ്യം മാറാന്‍ തൊഴിലാളികള്‍ക്ക് മികച്ച വേതനം നല്‍കുന്നതിലൂടെ സാധ്യമാകും

എളമരം കരീം,

സിഐടിയു, സംസ്ഥാന പ്രസിഡന്റ്

ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്റ്റ് അനുസരിച്ച് തൊഴിലാളികളുടെ നിയമപരമായ അവകാശമാണ് ട്രേഡ് യൂണിയനുകള്‍. തൊഴിലാളികള്‍ അനാവശ്യമായി സമരങ്ങള്‍ നടത്താറില്ല. എന്നാല്‍ നിയമാനുസൃതമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ അത് ചോദിക്കേണ്ടത് അവരുടെ ചുമതലയാണ്. അത് ഒത്തുതീര്‍പ്പാക്കാനുള്ള അനുരഞ്ജന മാര്‍ഗങ്ങള്‍ മാനേജ്‌മെന്റ് കൈക്കൊ്യുില്ലെങ്കില്‍ തുടര്‍ന്ന് സമരത്തിലേക്ക് പേകുക എന്നത് സ്വാഭാവികമാണ്. ഇത് ലോകത്തെല്ലായിടത്തും നടക്കുന്നതാണ്. തൊഴിലാളികളും മാനേജ്‌മെന്റും മികച്ച രീതിയില്‍ മുന്നോട്ടുപോയാലേ ഇവിടുത്തെ വ്യവസായ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാകൂ. ഞങ്ങള്‍ ജോലിക്കു നിയമിച്ചവര്‍ ഞങ്ങള്‍ പറയുന്നതെല്ലാം അപ്പാടെ അനുസരിക്കണമെന്ന് ഒരു മാനേജ്‌മെന്റിനും പറയാന്‍ കഴിയില്ല. ഇന്ത്യന്‍ ജനസംഖ്യയിലെ 56 കോടി വരുന്ന ജനങ്ങളും വേതനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലെടുത്തു ജീവിക്കുന്നവരാണ്. അവരുടെ വരുമാനമാണ് വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യത ഉറപ്പാക്കുന്നത്. മാനേജ്‌മെന്റുകളുടെ തെറ്റായ പ്രവണതകളില്‍ സര്‍ക്കാര്‍ ഇടപെടുകയും മികച്ച വേതനത്തിലൂടെ, തൊഴില്‍ സാഹചര്യങ്ങളിലൂടെ ജനങ്ങളുടെ കയ്യിലേക്ക് കൂടുതല്‍ പണം വരുകയും ചെയ്താല്‍ മാത്രമേ ഇവിടുത്തെ വ്യവസായം വളരുകയുള്ളു.

ഇവിടെ ഒന്നും മാറില്ല, വേണ്ടത് ബിസിനസ് വിപുലീകരണം

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ചെയര്‍മാന്‍, വി-ഗാര്‍ഡ്

നയങ്ങള്‍ അനുസരിച്ചുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നു പറഞ്ഞാലും വര്‍ഷങ്ങളായി നിയന്ത്രിതമല്ലാത്ത രീതിയിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നടക്കുന്നത്. നോക്കുകൂലി പ്രശ്‌നം അത്തരത്തില്‍ ഒന്നായിരുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ ഏറ്റവും അധികം അഭിമുഖീകരിക്കേണ്ടി വന്ന ഒരാളാണ് ഞാന്‍. കേരളത്തില്‍ വ്യവസായ സാഹചര്യം മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവ പ്രായോഗിക തലത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നുണ്ട് എന്നതില്‍ യാതൊരു വ്യക്തതയുമില്ല. ഏത് പാര്‍ട്ടിയായാലും അവരുടെ വോട്ട് ബാങ്ക് രക്ഷിക്കാനായി എപ്പോഴും യൂണിയനൊപ്പമേ നില്‍ക്കൂ. എന്നിട്ട് കേരളത്തില്‍ തൊഴില്‍ പ്രശ്‌നങ്ങളില്ല എന്ന് വെറുതെ പറയും. 'രാജാവ് നഗ്നനാണെങ്കിലും രാജാവ് വേഷഭൂഷാധികളോടു കൂടിയാണെ'ന്നു പറയുന്നതു പോലെയാണ് ഇവിടുത്തെ അവസ്ഥ. എപ്പോഴും ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തില്‍ ഒരു അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. കേരളത്തിനു പുറത്തേക്ക് വ്യവസായം വളര്‍ത്തിയാലേ ബിസിനസുകാര്‍ക്ക് ഇനി രക്ഷയുള്ളു. അല്ലെങ്കില്‍ കേരളത്തിലെ വ്യവസായ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണം.

സമരം ചെയ്യുന്നത് പോലെ സമരത്തില്‍ നിന്നു മാറിനില്‍ക്കുന്നതും അവകാശം

ജോസ് ഡൊമിനിക്,
സഹ-സ്ഥാപകന്‍, സിജിഎച്ച് എര്‍ത്ത്

ജനാധിപത്യ രാഷ്ട്രത്തില്‍ ട്രേഡ് യൂണിയനിസം നിയമപരമാണ്. എന്നാല്‍ സമരങ്ങള്‍ അക്രമാസക്തമാക്കരുത്. ജോലി ചെയ്യാതെ ഒരു വിഭാഗം ആളുകള്‍ മാറി നില്‍ക്കുന്നത് പോലെ ജോലി ചെയ്യുന്നവരുടെ അവകാശങ്ങളും പാലിക്കപ്പെടണം. അവരെ ജോലി ചെയ്യാതെ അക്രമത്തിലൂടെ വിരട്ടി, ബിസിനസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് മാറ്റരുത്. ട്രേഡ് യൂണിയനുകള്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതില്‍ പോഷക ശക്തിയുമാകുന്നുണ്ട്. അക്രമാസക്തമാകരുത് എന്നതാണ് പ്രധാനം, അതിനായി ഗവണ്‍മെന്റ് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. എല്ലാവരും ബിസിനസുമായി പുറത്തേക്കു പോകുമ്പോള്‍, മികച്ച രീതിയില്‍ കേരളത്തില്‍ തന്നെ വ്യവസായം വളര്‍ത്താനും മികച്ച മാനേജ്‌മെന്റ് കെട്ടിപ്പടുക്കാനും കഴിഞ്ഞ അനുഭവത്തില്‍ നിന്നാണ് പറയുന്നത്. വ്യവസായ സൗഹൃദ അന്തരീക്ഷവും മികച്ച ജീവിത ചുറ്റുപാടുകളും ഉള്ള സ്ഥലം തന്നെയാണ് കേരളം.

പക്ഷെ അക്രമ വാസനയോടെ പെരുമാറുന്ന ചില യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നു മാത്രം. പുറത്തുനിന്നും നിക്ഷേപകരെത്തണമെങ്കില്‍ ഇവിടത്തെ സാഹചര്യത്തെക്കുറിച്ചുള്ള ഭീതി മാറ്റാന്‍ ഗവണ്‍മെന്റ് മുന്‍കൈയ്യെടുക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it