കാറ്ററിങ് വ്യവസായം: സമഗ്രവളർച്ചക്കായി 4 നിർദേശങ്ങൾ

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത കാറ്ററിങ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ) ആവശ്യപ്പെട്ടു. അസോസിയേഷന്റെ ആറാമത് സംസ്ഥാന സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കവേയാണ് ഭാരവാഹികള്‍ ഈ മേഖലയുടെ സമഗ്ര വളര്‍ച്ചക്കായി ചുവടെ കൊടുത്തിട്ടുള്ള നിര്‍ദേശങ്ങള്‍ ഉന്നയിച്ചത്.

  • കാറ്ററിങ് മേഖലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 18 ശതമാനം ജി.എസ്.ടി 5 ശതമാനമായി കുറക്കുക
  • കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക
  • കാറ്ററിങ് അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക
  • മാലിന്യ സംസ്‌ക്കരണ സംവിധാനമില്ലാത്ത ഓഡിറ്റോറിയങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാതിരിക്കുക

നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളെ പീഡിപ്പിക്കാനുള്ള ഉപാധിയാക്കി ഭക്ഷ്യസുരക്ഷാ നിയമത്തെ (എഫ്.എസ്.എസ്.എ.ഐ) ചില അധികൃതര്‍ ഉപയോഗിക്കുകയാണ്. അതേസമയം ലൈസന്‍സില്ലാത്ത ആയിരക്കണക്കിന് സംരംഭങ്ങള്‍ കേരളത്തില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കാറ്ററിങ് രംഗത്തുള്ളവരുടെ ഏക സംഘടനയാണ് നാലായിരത്തോളം അംഗങ്ങളുള്ള ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍. 50,000 കോടി രൂപയിലേറെ പ്രതിവര്‍ഷ വിറ്റുവരവുള്ള കാറ്ററിങ് മേഖലയെക്കുറിച്ച് സര്‍ക്കാര്‍ വിപുലമായ പഠനം നടത്തണ്ടേതുണ്ടെന്നും അസോസിയേഷന്‍ പ്രസിഡന്റ് ബാദുഷ കടലുണ്ടി, ജനറല്‍ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

തലസ്ഥാനത്ത് ഇന്ന് കാറ്ററിങ് വ്യവസായ വാണിജ്യ പ്രദര്‍ശനം

തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്റെ ആറാമത് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി നടത്തപ്പെടും. സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യവസായ വാണിജ്യ പ്രദര്‍ശനത്തിലെ സ്റ്റാളുകളുടെ ഉല്‍ഘാടനം ഇന്ന് രാവിലെ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്് നിര്‍വ്വഹിക്കും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം ഉണ്ടാകും.

നാളെ രാവിലെ നടക്കുന്ന പൊതുസമ്മേളനം സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വൈകുന്നേരത്തെ സമാപന സമ്മേളനം മന്ത്രി കെ.കെ.ശൈലജ ടീച്ചറും ഉല്‍ഘാനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര് മുഖ്യാതിഥികളായിരിക്കും.

Related Articles
Next Story
Videos
Share it