ചട്ടലംഘന പരാതി: ചോദ്യസംഹിത കൈപ്പറ്റി ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്
മെഗാ ഉത്സവകാല വില്പനയുടെ മറവില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതികളിന്മേല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രാഥമിക നീക്കമാരംഭിച്ചു.ആമസോണിനോടും ഫ്‌ളിപ്പ്കാര്‍ട്ടിനോടും അവരുടെ മികച്ച അഞ്ച് വില്‍പ്പനക്കാര്‍ നടത്തിയ ബിസിനസ്സ്, നിക്ഷേപം, വെണ്ടര്‍മാരുമായുള്ള കമ്മീഷന്‍ കരാറുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) ആണ് ഇ-കൊമേഴ്സ് കമ്പനികള്‍ക്കെതിരെ പരാതി ഉന്നയിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചോദ്യസംഹിത ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയ്ക്ക് നല്‍കിക്കഴിഞ്ഞു. ഫെസ്റ്റിവല്‍ സെയിലില്‍ ഓണ്‍ലൈന്‍ കമ്പനികള്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന വന്‍ ഡിസ്‌കൗണ്ട് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കിയിട്ടുണ്ട്.
ഇ-കൊമേഴ്സ് പ്‌ളാറ്റ്ഫോമിലെ ഏറ്റവും മികച്ച അഞ്ച് വിതരണക്കാര്‍, ഉത്പന്നങ്ങളുടെ വില, വിതരണക്കാര്‍ക്ക് നല്‍കുന്ന പിന്തുണ, ഇ-കൊമേഴ്സ് കമ്പനിയുടെ മൂലധനഘടന, ബിസിനസ് മാതൃക, ഉത്പന്നങ്ങളുടെ മാനേജ്മെന്റ് തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളാണ് സി.എ.ഐ.ടി നല്‍കിയ പരാതി പ്രകാരം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ഉന്നയിച്ചിട്ടുള്ളത്. അതേസമയം, എഫ്.ഡി.ഐ ചട്ടങ്ങള്‍ പാലിച്ച് തന്നെയാണ് പ്രവര്‍ത്തനമെന്നാണ് ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും പ്രതികരണം. ഉത്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നത തങ്ങളല്ല അതത് ബ്രാന്‍ഡുകളാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.