ഓണ്‍ലൈന്‍ ഷോപ്പിങ് പുനരാരംഭിക്കാന്‍ തയ്യാറെടുപ്പു തുടങ്ങി
ലോക്ക്ഡൗണ്‍ വന്നതോടെ രാജ്യത്ത് നിശ്ചലമായ ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കാന്‍ വഴി തുറന്നു.നിലവില്‍ മരുന്ന്് ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങളൊഴികെ മറ്റൊന്നും വില്‍ക്കാന്‍ കഴിയാതിരുന്ന ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ വിപുലമായ പ്രവര്‍ത്തനത്തിലേക്കു തിരികെയെത്താനുള്ള തയ്യാറെടുപ്പാരംഭിച്ചു.
കേന്ദ്രം പുറത്തിറക്കിയ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഏപ്രില്‍ 20 മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകള്‍ക്ക് സേവനങ്ങള്‍ തുടരാം. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ഉപഭോക്താക്കളില്‍ എത്തിക്കാം.ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതിനായി ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി ലഭ്യമാകും.
ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, പേടിഎം മാള്‍ എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വാണിജ്യ കമ്പനികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സജീവമായിത്തുടങ്ങി. ആമസോണ്‍ പോലുള്ള വിതരണക്കാര്‍ ഭക്ഷണത്തിനും പലചരക്ക് സാധനങ്ങള്‍ക്കും പുറമേ അവശ്യ വസ്തുക്കളല്ലാത്തവ വില്‍ക്കാന്‍ കഴിയുമോ എന്ന് കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിപുലമായി ബിസിനസ് പുനരാരംഭിക്കാന്‍ കഴിയുന്ന സാഹചര്യമുള്ളതായി കമ്പനികള്‍ വിലയിരുത്തുന്നു. വാഹനങ്ങള്‍ക്കു പുറമേ ഡെലിവറി സ്റ്റാഫിനും ഔദ്യോഗികമായി പാസ് ലഭ്യമാകുമെന്ന ഉറപ്പു കമ്പനികള്‍ക്കു ലഭിച്ചിട്ടുണ്ട്.
മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയിട്ടുള്ളത്. കൊറോണ തീവ്രമായി ബാധിച്ച പ്രദേശങ്ങളില്‍ ഒഴികെ രാജ്യത്തെ മറ്റെല്ലാ ഇടങ്ങളിലും ചരക്കു ഗതാഗതം സാധാരണനിലയിലേക്ക് മടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റെയില്‍, തുറമുഖം വഴിയുള്ള ചരക്കു നീക്കവും ഇതില്‍പ്പെടും. അവശ്യവസ്തുക്കളായ ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വില്‍ക്കാന്‍ മാത്രമേ ഇ-കൊമേഴ്സ് കമ്പനികളെ അനുവദിക്കുകയുള്ളൂവെന്ന് മുമ്പത്തെ അറിയിപ്പിലുണ്ടായിരുന്നുവെങ്കിലും കാര്യമായ പരിമിതികള്‍ ഇക്കാര്യത്തില്‍ ഇനിയുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline