വന്‍ തോതില്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്സ് കമ്പനികള്‍

കൊറോണ വൈറസ് ലോക്ഡൗണിനു ശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് മുന്നേറിയതോടെ വന്‍ തോതില്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്സ് കമ്പനികള്‍. ആമസോണ്‍, ഗ്രോഫേഴ്സ്, പേടിഎം മാള്‍ തുടങ്ങിയവയെല്ലാം റിക്രൂട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കുകയാണ്.

പഴങ്ങളും പച്ചക്കറികളും പോലെയുള്ളവയുടെ ദൈനംദിന ഷോപ്പിംഗിനായി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ മാര്‍ഗം സ്വീകരിക്കുന്നതു മൂലം ഇത്തരം കമ്പനികളുടെ ബിസിനസ്സില്‍ പ്രകടമായ വളര്‍ച്ചയുണ്ട്. മറ്റ് മേഖലകളിലെ പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ ഉദ്യോഗ നിയമനത്തില്‍ ഇവര്‍ക്ക് ശ്രദ്ധയൂന്നേണ്ടിവന്നത് ഇക്കാരണത്താലാണ്.

കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ പുതിയ 20,000 താല്‍ക്കാലിക ജോലികള്‍ പ്രഖ്യാപിച്ചു ആമസോണ്‍. ഹൈദരാബാദ്, പൂനെ, കോയമ്പത്തൂര്‍, നോയിഡ, കൊല്‍ക്കത്ത, ജയ്പൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, ലഖ്നൗ തുടങ്ങി വിവിധ നഗരങ്ങളെ ഉദ്ദേശിച്ചാണ് ഈ റിക്രൂട്ടമെന്റ്.രാജ്യവ്യാപകമായി 50,000 താല്‍ക്കാലിക ജോലികള്‍ ആഴ്ചകള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു.

2023 ഓടെ ഇന്ത്യന്‍ ഇ-കൊമേഴ്സ് ബിസിനസ് 98.4 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക്. അര്‍ദ്ധനഗര, ഗ്രാമീണ വിപണികളിലെ ഇന്റര്‍നെറ്റ് ആക്സസ് മൂലമാണ് അതിവേഗത്തിലുള്ള വളര്‍ച്ച സാധ്യമായത്.നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ പ്രതിമാസം 250 ദശലക്ഷത്തിലധികം ഇടപാട് നടത്തുന്നുണ്ട്.

ഇ-ഗ്രോസറി വിഭാഗത്തിലെ ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ്, ധനകാര്യ സേവന പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഇ-കൊമേഴ്സ് വിഭാഗമായ പേടിഎം മാള്‍, ഫിനാന്‍ഷ്യല്‍ ടെക്നോളജി വിഭാഗത്തില്‍ ഭരത്‌പേ, ഓണ്‍ലൈന്‍ മാംസ വിതരണത്തില്‍ ലൈസസ്, ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ നോബ്രോക്കര്‍.കോം , ലോജിസ്റ്റിക് വിഭാഗത്തിലെ ഇകോം എക്‌സ്പ്രസ് എന്നിവയും വന്‍ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ സേവനത്തിന് പുതിയ നിയമന ആവശ്യങ്ങള്‍ ഉണ്ടാകുന്നതായി ആമസോണ്‍ ഇന്ത്യ ഉപഭോക്തൃ സേവന ഡയറക്ടര്‍ അക്ഷയ് പ്രഭു പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഉപഭോക്തൃ ഗതാഗതം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it